ബി.ജെ.പിയുമായി ചേരില്ല, അവരുടെ ഇടം മറ്റൊന്ന് -ഗുലാംനബി

ന്യൂഡൽഹി: ജമ്മു-കശ്മീരിൽ ബി.ജെ.പിയുമായി ചേരില്ലെന്ന് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാംനബി ആസാദ്. കശ്മീരിലെ രാഷ്ട്രീയത്തിൽ ബി.ജെ.പിക്ക് എന്നെ സഹായിക്കാൻ കഴിയില്ല. അവരുടെ ഇടം മറ്റൊന്നാണ്. തന്റെ രാഷ്ട്രീയത്തെ അത് സഹായിക്കില്ല. തെരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യത്തിന്റെ കാര്യമെടുത്താൽ, പുതിയ പാർട്ടിക്ക് സഹകരിക്കാവുന്ന മറ്റു പാർട്ടികളും സംസ്ഥാനത്തുണ്ട്. കശ്മീരിലെ നിയമസഭ തെരഞ്ഞെടുപ്പ് വൈകാതെ പ്രഖ്യാപിക്കും. അത് മുൻനിർത്തി ഉടനടി പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഗുലാം നബി പറഞ്ഞു.

കോൺഗ്രസിന്റെ രാഷ്ട്രീയ അടിത്തറ ക്ഷയിച്ചു. ഏതുസമയവും സംഘടന നിലംപൊത്താം. അതുകൊണ്ടാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. സംഘടന നേരേചൊവ്വേ കൊണ്ടുനടക്കാൻ നേതൃത്വത്തിന് സമയമില്ല. രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയത്തിൽ താൽപര്യമില്ല; രാഷ്ട്രീയം വഴങ്ങുന്നുമില്ല.കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 'ചൗകീദാർ ചോർ ഹെ' എന്ന രാഹുൽ ഗാന്ധിയുടെ പ്രചാരണം മുതിർന്ന പല കോൺഗ്രസ് നേതാക്കളെയും അലോസരപ്പെടുത്തി.

തെരഞ്ഞെടുപ്പിൽ രണ്ടാംവട്ടവും തോറ്റശേഷം നടന്ന യോഗത്തിൽ രാജി വെക്കുന്നതിനുമുമ്പ് അദ്ദേഹം നടത്തിയ പരാമർശങ്ങൾ വേദനിപ്പിക്കുന്നതായിരുന്നു. ചൗകീദാർ ചോർ ഹെ എന്ന പ്രചാരണത്തെ ആരും പിന്തുണച്ചില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി.ആ മുദ്രാവാക്യം ഒരുതവണയെങ്കിലും പ്രചാരണത്തിനിടയിൽ പറഞ്ഞവർ കൈപൊക്കാനായിരുന്നു മുതിർന്ന നേതാക്കളായ മൻമോഹൻസിങ്, എ.കെ. ആന്റണി, പി. ചിദംബരം, ഗുലാംനബി ആസാദ് തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ രാഹുൽ ആവശ്യപ്പെട്ടത്. യഥാർഥത്തിൽ ഇത്തരമൊരു ഭാഷ ഉപയോഗിക്കാൻ ആരാണ് തയാറാവുക? വ്യക്തിപരമായി ആക്രമിക്കുന്നത് ശരിയല്ല.

സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹത്തിന് കടലാസിൽ ഒപ്പിടാൻ മാത്രമാണ് അധികാരം. കേരളത്തിൽനിന്ന് ഒരു രാജ്യസഭ സീറ്റ് ആവശ്യപ്പെട്ടുവെന്ന പ്രചാരണം കള്ളമാണ്. മുസ്‍ലിംകളും ക്രൈസ്തവരും പ്രധാന വോട്ടുബാങ്കായ വയനാട്ടിൽ മത്സരിച്ചാൽ എങ്ങനെ ചിത്രീകരിക്കുമെന്ന മുന്നറിയിപ്പ് നേരത്തെ രാഹുലിന് നൽകിയതാണെന്നും ഗുലാംനബി പറഞ്ഞു.

നിലവാരത്തിൽ സ്വയംതാഴുകയാണ് ഗുലാംനബിയെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് കുറ്റപ്പെടുത്തി. ഇത്രയും ദീർഘകാലത്തെ രാഷ്ട്രീയപ്രവർത്തനം അദ്ദേഹത്തിനുണ്ട്. നിർത്താതെ അഭിമുഖങ്ങൾ നൽകി പാർട്ടിയെ മോശമായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹത്തെ തുറന്നുകാട്ടാൻ പ്രയാസമില്ല. പക്ഷേ, അത്തരമൊരു നിലവാരത്തിലേക്ക് എന്തിനുപോകണം? ജയ്റാം രമേശ് പറഞ്ഞു.

ഇതിനിടെ ഗുലാം നബിയെ പിന്തുണച്ച് കശ്മീരിലെ മൂന്ന് നേതാക്കൾകൂടി കോൺഗ്രസിൽനിന്ന് രാജിവെച്ചു. മുൻ ഡെപ്യൂട്ടി സ്പീക്കർ ഗുലാം ഹൈദർ മാലിക്, മുൻ എം.എൽ.സിമാരായ സുഭാഷ് ഗുപ്ത, ശാംലാൽ ഭഗത് എന്നിവരാണ് രാജി സമർപ്പിച്ചത്.

Tags:    
News Summary - Will not join BJP, their place is another - Ghulam Nabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.