തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന്​ രാകേഷ്​ ടികായത്ത്​

ന്യൂഡൽഹി: തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ലെന്ന്​ വ്യക്​തമാക്കി ഭാരതീയ കിസാൻ യൂണിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​. ഒരു വർഷം നീണ്ടുനിന്ന കർഷക സമരത്തിന്​ ശേഷം വീട്ടിൽ തിരിച്ചെത്തിയതിന്​ പിന്നാലെയാണ്​ ടികായത്തിന്‍റെ പരാമർശം. രാഷ്​ട്രീയപാർട്ടികൾ തന്‍റെ ചിത്രം പോസ്റ്ററുകളിൽ അച്ചടിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ 2007ൽ യു.പി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ ബഹുജൻ കിസാൻ ദൾ സ്ഥാനാർഥിയായി ടികായത്ത്​ മത്സരിച്ചിരുന്നു. ആറാം സ്ഥാനം മാത്രമാണ് നേടാനായത്. 2014ൽ ആർ.‌എൽ.‌ഡി ടിക്കറ്റിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു

383 ദിവസത്തെ അവധിയില്ലാ സമരത്തിനൊടുവിലാണ്​ കഴിഞ്ഞ ദിവസം രാകേഷ്​ ടികായത്ത്​ ഡൽഹിയിൽ നിന്നും മടങ്ങിയത്​. ഡൽഹി ഗാസിപ്പൂർ അതിർത്തിയിലാണ് ഭാരതീയ കിസാൻ യൂണിയൻ ദേശീയ വക്താവായ രാകേഷ് ടികായത് സമരം നയിച്ചത്. പ്രക്ഷോഭത്തിലുള്ള കർഷകരുടെയാകെ ശബ്ദമാകാൻ ഇദ്ദേഹത്തിന് സാധിച്ചു. കേന്ദ്ര സർക്കാറിന്‍റെ ധാർഷ്ട്യത്തിന് മുന്നിൽ ചിതറിപ്പോകുമെന്ന് കരുതിയ കർഷക പ്രക്ഷോഭത്തിന് ലക്ഷ്യബോധം നൽകുന്നതിലും ദേശീയശ്രദ്ധയിലേക്കെത്തിക്കുന്നതിലും ടികായത്തിന്‍റെ ഇടപെടൽ നിർണായകമായിരുന്നു.

പ്രമുഖ കർഷക നേതാവും ബി.കെ.യു സഹസ്ഥാപകനുമായ അന്തരിച്ച മഹേന്ദ്ര സിങ് ടികായത്തിന്‍റെ മകനാണ് രാകേഷ് ടികായത്. മീററ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ബിരുദം നേടിയ ടികായത് 1992ൽ ഡൽഹി പൊലീസിൽ കോൺസ്റ്റബിളായി ജോലി നേടി. പിന്നീട് സബ് ഇൻസ്പെക്ടറായി ഉയർന്നു. 1993-94ൽ ചെങ്കോട്ടയിൽ കർഷകർ പ്രതിഷേധം നടത്തിയത് ടികായതിന്‍റെ ജീവിതത്തിൽ നിർണായകമായി. ഇതോടെ ഡൽഹി പൊലീസിൽ നിന്ന് പുറത്തുപോയ ടികായത് ഭാരതീയ കിസാൻ യൂണിയൻ അംഗമായി പ്രതിഷേധത്തിൽ പങ്കുചേർന്നു.

പിതാവിന്‍റെ മരണശേഷം രാകേഷ് ടികായത് ബി.കെ.യുവിൽ സജീവമായി, പിന്നീട് അതിന്‍റെ ദേശീയ വക്താവായി. 2018ൽ ഉത്തരാഖണ്ഡിലെ ഹരിദ്വാർ മുതൽ ഡൽഹി വരെ നടത്തിയ കിസാൻ ക്രാന്തി യാത്രയുടെ നേതാവായിരുന്നു ടികായത്. തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചതിന്‍റെ ചരിത്രവും ഈ കർഷക നേതാവിനുണ്ട്.

Tags:    
News Summary - 'Will not contest any elections', says BKU leader Tikait as farm protests end

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.