ഗുവാഹത്തി: മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പടോളയുടെ രാമക്ഷേത്രം ശുദ്ധീകരിക്കുമെന്ന പ്രസ്താവനക്കെതിരെ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അപകടകരമായ പ്രസ്താവനയാണ് നാന പടോള നടത്തിയതെന്ന് ഹിമന്ത പറഞ്ഞു. സോണിയ ഗാന്ധിയേയും അസം മുഖ്യമന്ത്രി വിമർശിച്ചു.
സോണിയ ഗാന്ധിയുടെ മതമെന്താണ്. അവർക്ക് രാമക്ഷേത്രത്തിൽ സന്ദർശനം നടത്താൻ അനുമതിയുണ്ടോ. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ അപകടകരമായ പ്രസ്താവനയാണ് നടത്തിയത്. സോണിയ ഗാന്ധി രാമക്ഷേത്രത്തിന്റെ ശുദ്ധീകരണം നടത്തുമോ. അപ്പോഴും രാജ്യത്തെ ഹിന്ദുക്കൾ മിണ്ടാതിരിക്കണോയെന്നും ശർമ്മ ചോദിച്ചു.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് രാമക്ഷേത്രം നിർമിച്ചത്. തെരഞ്ഞെടുപ്പ് സമയമായതിനാലാവും നാന പടോള ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. പക്ഷേ രാമക്ഷേത്രം ശുദ്ധീകരിക്കാൻ നാന പടോള ഒരുങ്ങിയാൽ അദ്ദേഹം ജയിലിലാകുമെന്നും ഹിമന്ത ബിശ്വ ശർമ്മ മുന്നറിയിപ്പ് നൽകി.
ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ രാമക്ഷേത്രം ശുദ്ധീകരിക്കുമെന്നായിരുന്നു നാന പടോളയുടെ പ്രസ്താവന. ശങ്കരാചാര്യൻമാർ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠക്ക് എതിരായിരുന്നു. നാല് ശങ്കരാചാര്യൻമാരും രാമക്ഷേത്രം ശുദ്ധീകരിക്കും. പ്രദേശത്ത് രാമദർബാർ സ്ഥാപിക്കും. ക്ഷേത്രത്തിൽ രാമന്റെ പ്രതിമയല്ല പ്രതിഷ്ഠിച്ചിരിക്കുന്നത്. രാം ലല്ലയുടെ വിഗ്രഹമാണ് ക്ഷേത്രത്തിലുള്ളത്. പ്രധാനമന്ത്രി നരേന്ദ മോദി രാമക്ഷേത്ര നിർമാണത്തിൽ പാലിക്കേണ്ട ആചാരങ്ങൾ പാലിച്ചില്ല. തങ്ങൾ അധികാരത്തിലെത്തിയാൽ ഇതെല്ലാം തിരുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.