ന്യൂഡൽഹി: പശ്ചിമ ബംഗാൾ, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിനു പിന്നാലെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടാകുമെന്ന് പ്രവചനം. സാമ്പത്തിക വിശകലന ഏജൻസിയായ കൊട്ടക് ഇന്‍സ്റ്റിറ്റ്യൂഷനൽ ഇക്വിറ്റിസ് 25 മുതൽ 28 രൂപ വരെ ഇന്ധന വിലയിൽ വർധന ഉണ്ടാകുമെന്നാണ് പ്രവചിക്കുന്നത്.
ഇറാന്‍റെ ഹുർമുസ് നിയന്ത്രണവും യു.എസിന്‍റെ നാവിക ഉപരോധവും കാരണം ക്രൂഡോയില്‍ വില ബാരലിന് 120 ഡോളറിലേക്ക് എത്തുകയാണ്. ഇതുമൂലം പെട്രോളിന്‍റെയും ഡീസലിന്‍റെയും ഇറക്കുമതി ചെലവും വില്‍ക്കുന്ന വിലയും തമ്മില്‍ വലിയ അന്തരമുണ്ടെന്നും ഇത് നികത്താന്‍ എണ്ണ കമ്പനികള്‍ക്ക് വില വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് കൊട്ടക് പറയുന്നത്. പരമാവധി 28 രൂപ വരെ കമ്പനികള്‍ക്ക് കൂട്ടേണ്ട സാഹചര്യമുണ്ടെന്നും പറയുന്നു. എന്നാല്‍, ഒറ്റത്തവണയായി ഇത്രയും വലിയൊരു വര്‍ധനവ് കമ്പനികള്‍ കൊണ്ടുവരില്ലെന്നും ഏജന്‍സി പ്രവചിക്കുന്നു.
ആഴ്ചകളോ മാസങ്ങളോ എടുത്താകും ഇത്രയും വലിയൊരു വര്‍ധനവ് നടപ്പാക്കുക. രാഷ്ട്രീയ കാരണങ്ങളാൽ നിലവിൽ റീട്ടെയിൽ വിലയിൽ മാറ്റംവരുത്തിയിട്ടില്ലെങ്കിലും വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ എണ്ണ ശുദ്ധീകരണ കമ്പനികൾ നേരിടുന്ന വൻ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് ഇന്ധന വില ഘട്ടംഘട്ടമായി വർധിപ്പിക്കുമെന്നാണ് പ്രവചനം. അതേസമയം, ഇന്ധന വില വർധിപ്പിക്കുമെന്ന റിപ്പോർട്ടുകൾ കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞു. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ധനവില വർധിപ്പിക്കാനുള്ള യാതൊരു നീക്കവും നിലവിൽ സർക്കാറിന്റെ പരിഗണനയിലില്ലെന്ന് മന്ത്രാലയം അറിയിച്ചു.
‘ഇതൊരു വ്യാജ വാർത്തയാണ്. പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ പോകുന്നു എന്ന തരത്തിൽ ചില വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരമൊരു നീക്കം സർക്കാറിന്റെ ഭാഗത്തുനിന്നില്ല എന്ന് ഇതിനാൽ വ്യക്തമാക്കുന്നു’ -പെട്രോളിയം മന്ത്രാലയം എക്സിൽ കുറിച്ചു. ഇത്തരം വാർത്തകൾ ജനങ്ങൾക്കിടയിൽ ഭീതിയും പരിഭ്രാന്തിയും സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്കിടയിലും കഴിഞ്ഞ നാല് വർഷമായി പെട്രോൾ, ഡീസൽ വില വർധിപ്പിക്കാത്ത ഏക രാജ്യം ഇന്ത്യയാണെന്നും മന്ത്രാലയം അവകാശപ്പെട്ടു. കഴിഞ്ഞ നാല് വർഷത്തെ കണക്കുകൾ നിരത്തിയാണ് സർക്കാറിന്‍റെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.