നവംബർ 1 മുതൽ എൻ.സി.ആറിൽ നിന്നുള്ള 10 ലക്ഷത്തിലധികം വാഹനങ്ങൾക്ക് ഡൽഹിയിൽ പ്രവേശന വിലക്ക്

ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം തടയുന്നതിന്‍റെ ഭാഗമായി നവംബർ 1 മുതൽ 2027 ജനുവരി 31 വരെ BS6 മാനദണ്ഡങ്ങൾക്ക് താഴെയുള്ള വാഹനങ്ങളുടെ പ്രവേശനം ഡൽഹി നിരോധിച്ചതോടെ, എൻ.സി.ആർ മേഖലകളായ ഗുഡ്ഗാവ്, ഫരീദാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ 10 ലക്ഷത്തിലധികം വാഹനങ്ങളെ ഇത് ബാധിച്ചേക്കുമെന്ന് ഗതാഗത വകുപ്പിന്റെ കണക്കുകൾ. ഹരിയാനയിലെ രണ്ട് ജില്ലകളിൽ നിന്നുള്ള അയ്യായിരത്തോളം വാണിജ്യ വാഹനങ്ങളും BS6 മാനദണ്ഡങ്ങൾക്ക് താഴെയുള്ളവയാണെന്ന് ഗതാഗത വകുപ്പ് കണക്കാക്കുന്നു.

നോയിഡയിലും ഗ്രേറ്റർ നോയിഡയിലുമായി 4 ലക്ഷത്തിലധികം വാഹനങ്ങൾ BS6 മാനദണ്ഡത്തിന് താഴെയുള്ളതാണ്. ഇതിൽ പകുതിയിലധികവും BS4 വാഹനങ്ങളാണ്, ഇവയിൽ ഭൂരിഭാഗവും പെട്രോൾ കാറുകളാണ്. ഗാസിയാബാദിൽ BS6 മാനദണ്ഡങ്ങൾ പാലിക്കാത്ത ഏകദേശം 4 ലക്ഷത്തോളം വാഹനങ്ങളുണ്ട്.

ഡൽഹിയുടെ ശൈത്യകാല മലിനീകരണ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി, ഡൽഹിക്ക് പുറത്ത് രജിസ്റ്റർ ചെയ്തതും BS6 മാനദണ്ഡങ്ങൾക്ക് താഴെയുള്ളതുമായ വാഹനങ്ങൾക്കാണ് നിയന്ത്രണം.  മോട്ടോർ വാഹനങ്ങൾക്കായി രാജ്യത്ത് നിലവിലുള്ള ഏറ്റവും കർശനവും പുതിയതുമായ പുറന്തള്ളൽ മാനദണ്ഡങ്ങളാണ് BS6. ആന്തരിക ദഹന യന്ത്രങ്ങൾ പുറന്തള്ളുന്ന വായു മലിനീകരണത്തിന് നിയമപരമായി പാലിക്കേണ്ട പരിധികൾ ഭാരത് സ്റ്റേജ് മാനദണ്ഡങ്ങൾ നിർദ്ദേശിക്കുന്നുണ്ട്.

നിയന്ത്രണം കർശനമായി നടപ്പിലാക്കാൻ ഡൽഹി അതിർത്തികളിലെ പരിശോധന ഉദ്യോഗസ്ഥർ ശക്തമാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ സ്വയമേവ വായിക്കാൻ അതിർത്തി പരിശോധന കേന്ദ്രങ്ങളിലും പ്രധാന പാതകളിലും ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

2000ലാണ് യൂറോ 1ന് തുല്യമായ 'ഇന്ത്യ 2000' എന്ന പേരിൽ ഇന്ത്യ ആദ്യമായി ഔദ്യോഗിക വാഹന മലിനീകരണ നിയന്ത്രണ ചട്ടക്കൂട് അവതരിപ്പിച്ചത്. പിന്നീട് BS2, BS3, BS4 മാനദണ്ഡങ്ങളിലൂടെ രാജ്യം നേരിട്ട് BS6ലേക്ക് കടക്കുകയായിരുന്നു. അതേസമയം, ഇലക്ട്രിക് (EV), സി.എൻ.ജി (CNG) വാഹനങ്ങൾക്ക് ഈ നിരോധനത്തിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Over 10 lakh vehicles from NCR banned from entering Delhi from November 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.