പട്ന: നവംബറിൽ നടക്കുന്ന ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയുമായി ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ. നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യഘട്ട സ്ഥാനാർഥികളുടെ പട്ടികയും ജൻ സൂരജ് പുറത്തുവിട്ടിരുന്നു. എന്നാൽ 51 പേരടങ്ങുന്ന ആ പട്ടികയിൽ പ്രശാന്ത് കിഷോറിന്റെ പേരുണ്ടായിരുന്നില്ല.
ആർ.ജെ.ഡിയുടെ ശക്തികേന്ദ്രവും തേജസ്വി യാദവിന്റെ സീറ്റുമായ രഘോപുരിൽ നിന്ന് മത്സരിക്കുമെന്ന സൂചനയാണ് പ്രശാന്ത് കിഷോർ നൽകിയിരിക്കുന്നത്. ''രഘോപൂരിലേക്ക് പോവുകയാണ് ഞാൻ. അവിടത്തെ സീറ്റിനെ കുറിച്ച് തീരുമാനമെടുക്കാനാണ് സന്ദർശനം. അവിടെയുള്ള ജനങ്ങളെ കണ്ട് അവരുടെ അഭിപ്രായം അറിഞ്ഞശേഷം നാളെ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കും. രഘോപൂർ ഉൾപ്പെടെയുള്ള മറ്റ് സീറ്റുകളുടെ കാര്യവും നാളത്തെ യോഗത്തിൽ ചർച്ച ചെയ്യും. രഘോപൂരിലെ ജനങ്ങളുടെ തീരുമാനം അംഗീകരിക്കും''-പ്രശാന്ത് കിഷോർ പറഞ്ഞു.
രഘോപൂരിൽ താൻ മത്സരിക്കാൻ തീരുമാനിച്ചാൽ എം.എൽ.എ സ്ഥാനം നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തേജസ്വി യാദവ് രണ്ട് മണ്ഡലങ്ങളിൽ ജനവിധി തേടേണ്ടി വരും. അമേത്തിയിൽ രാഹുൽ ഗാന്ധിയുടെ അതേ അവസ്ഥയാകും തേജസ്വി യാദവിനും സംഭവിക്കുക.-പ്രശാന്ത് കിഷോർ പറഞ്ഞു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പതിറ്റാണ്ടുകളായി കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്ന അമേത്തിയിൽ ബി.ജെ.പിയുടെ സ്മൃതി ഇറാനിയോട് പരാജയപ്പെടുകയായിരുന്നു രാഹുൽ ഗാന്ധി.
യാദവ് കുടുംബത്തിന്റെ നിർണായക സീറ്റാണ് രഘോപൂർ. ഇവിടെ നിന്ന് രണ്ടുതവണയാണ് ലാലു പ്രസാദ് യാദവ് മത്സരിച്ച് വിജയിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയായ റാബ്റി മൂന്നുതവണ ഈ മണ്ഡലത്തെ പ്രതിനിധീകരിച്ച് വിജയിച്ചു. ഒരു തവണ മുഖ്യമന്ത്രിയാവുകയും ചെയ്തു. 2015ലും 2020ലും തേജസ്വി യാദവാണ് മണ്ഡലത്തിൽ മത്സരിച്ചത്. ഒരു തവണ ഉപമുഖ്യമന്ത്രിയും രണ്ടാമത്തെ തവണ പ്രതിപക്ഷ നേതൃസ്ഥാനവും വഹിച്ചു. നവംബർ ആറിനും 11നുമായി രണ്ടുഘട്ടങ്ങളിലായാണ് ബിഹാർ തെരഞ്ഞെടുപ്പ്. നവംബർ 14ന് ഫലം പ്രഖ്യാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.