ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും? സിദ്ധരാമയ്യയെ മാറ്റുമെന്ന അഭ്യൂഹം തള്ളാതെ ഖാർഗെ, ഹൈകമാൻഡ് തീരുമാനിക്കുമെന്ന് മറുപടി

ബംഗളൂരു: കർണാടക സർക്കാറിന്‍റെ നേതൃമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, ഇക്കാര്യം നിഷേധിക്കാതെ കോൺഗ്രസ് ദേശീയാധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എല്ലാം ഹൈകമാൻഡ് തീരുമാനിക്കുമെന്നാണ് ഖാർഗെ തിങ്കളാഴ്ച പ്രതികരിച്ചത്. നേരത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ബംഗളൂരുവിൽ എത്തിയതിനു പിന്നാലെയാണ് സിദ്ധരാമയ്യയെ മാറ്റി നിലവിൽ ഉപമുഖ്യമന്ത്രിയായ ഡി.കെ. ശിവകുമാറിനെ മുഖ്യമന്ത്രിയാക്കുമെന്ന അഭ്യൂഹം ശക്തമായത്.

ഒക്ടോബറിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഡി.കെ വരുമോയെന്ന ചോദ്യത്തോട്, ഹൈകമാൻഡാണ് തീരുമാനമെടുക്കുന്നതെന്നും അതിനുള്ള അധികാരം അവർക്കാണെന്നും ഖാർഗെ വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന ചർച്ച എന്താണെന്ന് ആർക്കുമറിയില്ല. എന്നാൽ അനാവശ്യമായി പ്രശ്നമുണ്ടാക്കരുതെന്നും ഖാർഗെ പറഞ്ഞു. അടുത്ത രണ്ടോ മൂന്നോ മാസത്തിനകം ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രിയാകാനുള്ള അവസരം ലഭിച്ചേക്കുമെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് എം.എൽ.എ എച്ച്.എ. ഇഖ്ബാൽ ഹുസ്സൈൻ പറഞ്ഞിരുന്നു.

“ഈ സർക്കാർ അധികാരത്തിൽ വരുംമുമ്പ് കോൺഗ്രസിന്‍റെ ശക്തിയെന്തായിരുന്നുവെന്ന് നിങ്ങൾക്കറിയാം. എത്രത്തോളം അധ്വാനിച്ചും വിയർപ്പൊഴുക്കിയുമാണ് വിജയം നേടിയതെന്നും എല്ലാവർക്കുമറിയാം. ഡി.കെ. ശിവകുമാറിന്‍റെ തന്ത്രങ്ങളും പദ്ധതികളും ഇപ്പോൾ ചരിത്രത്തിന്‍റെ ഭാഗമാണ്. ഊഹാപോഹങ്ങളിൽ ഞാൻ വിശ്വസിക്കുന്നില്ല. ഹൈകമാൻഡിന് കാര്യങ്ങൾ കൃത്യമായി അറിയാമെന്നും ശരിയായ സമയത്ത് ഉചിതമായ തീരുമാനം സ്വീകരിക്കുമെന്നുമെന്നും ഞങ്ങൾക്ക് വിശ്വാസമുണ്ട്. സെപ്റ്റംബറിനു ശേഷം വിപ്ലവകരമായ രാഷ്ട്രീയ വികാസങ്ങളുണ്ടാകും. രണ്ടോ മൂന്നോ മാസത്തിനകം ഇക്കാര്യത്തിൽ തീരുമാനമാകും” -ഇഖ്ബാൽ ഹുസ്സൈൻ പറഞ്ഞു.

2023 മേയിൽ അധികാരത്തിൽ വന്നതിനു പിന്നാലെ കോൺഗ്രസ് ദേശീയ നേതാക്കളുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ, അധികാരം പങ്കിടുന്നതു സംബന്ധിച്ച് സിദ്ധരാമയ്യയും ശിവകുമാറും തമ്മിൽ ധാരണയിലെത്തിയിരുന്നു. ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകിയ കോൺഗ്രസ്, രണ്ടര വർഷത്തിനു ശേഷം മുഖ്യമന്ത്രിപദവും വാഗ്ദാനം ചെയ്തു. അതുപ്രകാരം ഒക്ടോബറിലോ നവംബറിലോ ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും. എന്നാൽ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Tags:    
News Summary - Will Congress Remove Siddaramaiah As Karnataka CM? Kharge Passes The Buck To 'High Command'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.