ചമ്പത് റായ്

‘ജീവിതം തുറന്ന പുസ്തകം, എസ്.ഐ.ടി അന്വേഷണം പൂർത്തീകരിച്ചശേഷം പ്രതികരിക്കും...’; രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ ചമ്പത് റായ്

അയോധ്യ: രാമക്ഷേത്ര കൊള്ളയിൽ പ്രതിക്കൂട്ടിലായി ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ വിഷയത്തിൽ ആദ്യമായി പ്രതികരിച്ച് ചമ്പത് റായി. രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണങ്ങളിൽ മൗനം പാലിക്കുകയാണെന്നും സ്പെഷൽ ഇൻവസ്റ്റിഗേഷൻ സംഘത്തിന്‍റെ (എസ്.ഐ.ടി) അന്വേഷണം പൂർത്തിയായശേഷം വിഷയത്തിൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച ഒരു തുറന്ന കത്തിൽ തന്റെ ജീവിതം ഒരു ‘തുറന്ന പുസ്തകം’ പോലെയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ച ചേർന്ന ട്രസ്റ്റ് യോഗം ചമ്പത് റായിയുടെയും ആർ.എസ്.എസ് നേതാവായ ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെയും രാജി സ്വീകരിച്ചിരുന്നു. രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട് എസ്.ഐ.ടി അന്വേഷണത്തിൽ വിശ്വാസം രേഖപ്പെടുത്തിയ ട്രസ്റ്റ് ഈ മാസം 22ന് വീണ്ടും യോഗം ചേരും. ‘ശ്രീരാമ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിലെ സംഭാവന പെട്ടിയിൽ നിന്നുള്ള പണം തട്ടിയെടുത്തെന്ന ആരോപണങ്ങളെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. പലരും എനിക്കെതിരെ അടിസ്ഥാനരഹിതവും വ്യക്തിപരവുമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോഴും ഞാൻ മൗലം പാലിക്കുകയായിരുന്നു. ക്ഷേത്ര ട്രസ്റ്റിന്റെ ജൂലൈയിൽ നടന്ന യോഗത്തിലാണ് എസ്.ഐ.ടിയുടെ പ്രാഥമിക റിപ്പോർട്ട് അവതരിപ്പിച്ചത്; അതീവ രഹസ്യമായി സൂക്ഷിക്കേണ്ട ഈ റിപ്പോർട്ടാണ് പുറത്തുവന്നത്. എസ്.ഐ.ടിയുടെ അന്തിമ റിപ്പോർട്ട് വന്നതിന് ശേഷം ഉന്നയിക്കപ്പെടുന്ന വിഷയങ്ങളിൽ ഞാൻ മറുപടി നൽകുമെന്ന് ഉറപ്പ് നൽകുന്നു, അപ്പോൾ സത്യങ്ങൾ പൂർണമായി പുറത്തുവരും. 1991 ഒക്ടോബറിലാണ് സംഘടന എന്നെ അയോധ്യയിലേക്ക് അയച്ചത്; കഴിഞ്ഞ 45 വർഷമായി പ്രചാരകനായി ഞാൻ ജീവിച്ച ജീവിതം ഒരു തുറന്ന പുസ്തകമാണ്’ -ചമ്പത് റായി കത്തിൽ പറയുന്നു.

അതേസമയം, ഉത്തർപ്രദേശ് സർക്കാറിന് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ, ക്ഷേത്രത്തിലെ സംഭാവന എണ്ണുന്നതിനിടെ മോഷണം നടന്നതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് എസ്.ഐ.ടി പറയുന്നു. ഏപ്രിൽ 27 മുതൽ ജൂൺ അഞ്ചു വരെയുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ, പണം എണ്ണുന്ന ജീവനക്കാർ കറൻസി നോട്ടുകെട്ടുകളും ചില്ലറ പണവും വസ്ത്രങ്ങളിലും ഷൂസുകളിലും മറ്റും ഒളിപ്പിക്കുന്നത് ആവർത്തിച്ച് കാണിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇത്തരം പ്രവൃത്തികൾക്ക് മറ്റ് ജീവനക്കാർ സഹായം നൽകുന്നതോ മറച്ചുപിടിക്കുന്നതോ ആയ സംഭവങ്ങളും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചമ്പത് റായിയോടൊപ്പം രാമക്ഷേത്ര പ്രസ്ഥാനത്തിലുണ്ടായിരുന്ന ആർ.എസ്.എസ് നേതാവ് കൃഷ്ണ മോഹൻ യാദവിനാണ് ട്രസ്റ്റിന്റെ താൽക്കാലിക ജനറൽ സെക്രട്ടറി ചുമതല നൽകിയിരിക്കുന്നത്.

രാമക്ഷേത്രത്തിൽ കൊള്ള നടത്താൻ കാരണമായ പഴുതുകൾ അടച്ച് കൊള്ള തടയുകയാണ് പ്രഥമ ഉത്തരവാദിത്തമെന്ന് ജനറൽ സെക്രട്ടറിയുടെ ചുമതലയേറ്റ കൃഷ്ണ മോഹൻ യാദവ് പറഞ്ഞു. കൊള്ള പുറത്തുവന്നതോടെ രാമക്ഷേത്ര ട്രസ്റ്റിന്റെ വിശ്വാസം നഷ്ടപ്പെട്ടെന്നും അത് വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കും. സംഭാവന മാത്രമല്ല, രാമക്ഷേത്രത്തിൽ നിന്ന് പണമല്ലാതെ മറ്റു പലതും കളവുപോയിട്ടുണ്ട്. എന്നാൽ, സ്വർണം പൂശിയ രാമചരിത മാനസം പുസ്തകം അടക്കമുള്ളവ നഷ്ടപ്പെട്ടിട്ടില്ലെന്നും പറഞ്ഞു.

Tags:    
News Summary - Will address donation theft allegations after SIT's final report -Champat Rai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.