ശാരീരിക ബന്ധമില്ലാതെ ഭാര്യക്ക് മറ്റ് പുരുഷനോട് തോന്നുന്ന പ്രണയം വിവാഹേതര ബന്ധ​മല്ല -മധ്യപ്രദേശ് ഹൈകോടതി

ജയ്പൂര്‍: ശാരീരിക ബന്ധമില്ലാത്തിടത്തോളം കാലം വിവാഹിതയായ സ്ത്രീയ്ക്ക് മറ്റൊരു പുരുഷനോട് തോന്നുന്ന അടുപ്പവും പ്രണയവും വിവാഹതേരബന്ധമല്ലെന്ന് വിധിച്ച്  മധ്യപ്രദേശ് ഹൈകോടതി. ജസ്റ്റിസ് ജി.എസ്. അഹ്ലുവാലിയാണ് വിധി പുറപ്പെടുവിച്ചത്.

ഭാര്യക്ക് ജീവനാംശം നല്‍കുന്നതില്‍ യുവാവ് നല്‍കിയ പുനഃപരിശോധന ഹരജിയിലാണ് കോടതി വിധി. മറ്റ് പുരുഷന്മാരുമായി ഭാര്യ ശാരീരിക ബന്ധത്തിലേര്‍പ്പെടാത്തോളം ആ ബന്ധത്തെ അവിഹിത ബന്ധമായി കണക്കാക്കാനാകില്ല. ഒരു ബന്ധത്തെ പാതിവ്രത്യഭംഗം, അല്ലെങ്കില്‍ ജാരവൃത്തി എന്നെല്ലാം പറയണമെങ്കില്‍ അവിടെ ലൈംഗിക ബന്ധം കൂടി ഉള്‍പ്പെടണം.- കോടതി നിരീക്ഷിച്ചു.

ഭാരതീയ നിയമസംഹിതയിലെ 144 (5) വകുപ്പ് പ്രകാരവും കോഡ് ഓഫ് ക്രിമിനല്‍ പ്രൊസീജിയറിലെ 125 (4) വകുപ്പ് പ്രകാരവും ഭാര്യക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞാല്‍ മാത്രമേ കേസ് നിലനില്‍ക്കുകയുള്ളുവെന്നും കോടതി വ്യക്തമാക്കി. വൈകാരികമായ അടുപ്പം ജാരവൃത്തിയല്ലെന്നും കോടതി പറഞ്ഞു.

നിലവില്‍ പിരിഞ്ഞുകഴിയുകയാണ് ദമ്പതികള്‍. മാസങ്ങളായി ഭാര്യക്ക് യുവാവ് എട്ടായിരം രൂപ ജീവനാംശം നല്‍കുന്നുമുണ്ട്. തന്റെ ഒരു മാസത്തെ ശമ്പളമാണ് ഭാര്യക്ക് നല്‍കുന്നതെന്നും ഇതോടെ ശമ്പളം തീരുകയാണെന്നുമാണ് യുവാവിന്റെ പരാതി. പരാതിയില്‍ ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്നും അതിനാല്‍ യുവതിക്ക് ജീവനാംശത്തിന് അവകാശമില്ലെന്നും യുവാവ് ആരോപിക്കുന്നുണ്ട്.

ഭാര്യക്ക് ഇടക്കാല ധനസഹായം നല്‍കണമെന്ന കുടുംബകോടതിയുടെ ഉത്തരവിനെതിരെയാണ് യുവാവ് ഹൈകോടതിയെ സമീപിച്ചത്. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 24 പ്രകാരം, ഭാര്യക്ക് ഇതിനകം 4,000 രൂപ നല്‍കുന്നുണ്ടെന്നും സി.ആര്‍.പി.സിയിലെ സെക്ഷന്‍ 125 പ്രകാരം 4,000 രൂപ കൂടി നല്‍കുന്നത് അമിതമാണെന്നുമാണ് യുവാവിന്റെ വാദം.

കാരണങ്ങൾ ചൂണ്ടിക്കാട്ടി യുവാവിന്റെ ഹരജി ഹൈക്കോടതി തള്ളുകയായിരുന്നു. കുടുംബകോടതി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. കോടതിയില്‍ യുവാവ് സമര്‍പ്പിച്ച സാലറി സര്‍ട്ടിഫിക്കറ്റിലെ തീയതിയും സ്ഥലവും അടക്കമുള്ള വിവരങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കോടതി പറഞ്ഞു.

ഭാര്യക്ക് സ്വന്തമായി വരുമാന മാര്‍ഗമുണ്ടെന്ന വാദം തെളിയിക്കാന്‍ യുവാവിന് കഴിഞ്ഞില്ലെന്നും കോടതി പ്രതികരിച്ചു. യുവതിക്ക് സ്വന്തമായി ബ്യൂട്ടി പാര്‍ലര്‍ ഉണ്ടെന്നാണ് യുവാവ് കോടതിയില്‍ വാദിച്ചത്.

Tags:    
News Summary - Wife's love for another man without physical intimacy not adultery: High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.