ലഖ്നോ: ഉത്തർപ്രദേശിലെ സീതാപൂർ ജില്ലയിൽ വൈദ്യുതി കണക്ഷൻ, റോഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ പ്രശ്നങ്ങൾ കേൾക്കാൻ വന്ന ജില്ല മജിസ്ട്രേറ്റിന് മുന്നിൽ ഒരാൾ എത്തിയത് വിചിത്രമായ പരാതിയുമായാണ്. ‘സര്‍, എന്റെ ഭാര്യ നസീമുന്‍ രാത്രിയില്‍ ഒരു സര്‍പ്പമായി മാറുകയും കടിക്കാന്‍ പിന്നാലെ ഓടി വരികയും ചെയ്യുന്നു...’ എന്നായിരുന്നു യുവാവിന്‍റെ പരാതി.
മഹ്മൂദാബാദ് പ്രദേശത്തെ ലോധ്സ ഗ്രാമത്തിലെ താമസക്കാരനായ മെരാജ് ആണ് പരാതിയുമായെത്തിയത്. ഭാര്യയ്ക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് ഇദ്ദേഹം പറയുന്നത്. ഭാര്യ തന്നെ പലതവണ കൊല്ലാൻ ശ്രമിച്ചുവെന്ന് ഇദ്ദേഹം ആരോപിക്കുന്നു. പാമ്പിന്റെ വേഷം കെട്ടി രാത്രി മുഴുവൻ അവൾ തന്നെ ഭയപ്പെടുത്തുന്നു. ഇത് തന്നെ വല്ലാതെ വിഷമിപ്പിക്കുന്നു. ഭാര്യയുടെ പെരുമാറ്റം മൂലം രാത്രിയിൽ ഉറങ്ങാൻ കഴിയുന്നില്ല. ആക്രമണം തടയാൻ ഓരോ തവണയും കൃത്യസമയത്ത് താൻ ഉണർന്നു എന്നും ഇദ്ദേഹം പറഞ്ഞു. ഉറങ്ങുമ്പോൾ ഏത് രാത്രിയിലും തന്നെ കൊല്ലാൻ സാധ്യതയുണ്ടെന്നും ഇദ്ദേഹം പരാതി പറഞ്ഞു.
ഭാര്യ മാനസികമായി പീഡിപ്പിക്കുന്നുവെന്നും സംഭവം പൊലീസിനോട് പറഞ്ഞിട്ട് സഹായമൊന്നും ലഭിച്ചില്ലെന്നും ആകെ ദുഃഖിതനായ അവസ്ഥയിലാണ് താനെന്നും ഇദ്ദേഹം പറഞ്ഞു. പരാതി കേട്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും സിതാപൂർ ജില്ല മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിഷയത്തിൽ ഭർത്താവ് ഔദ്യോഗികമായി പരാതി നൽകി. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനോടും കോട്ട്വാലി പൊലീസിനോടും വിഷയം അന്വേഷിക്കാൻ നിർദേശിക്കുകയും ചെയ്തു.
മാനസിക പീഡനത്തിനുള്ള സാധ്യത കണക്കിലെടുത്താണ് പൊലീസ് അന്വേഷണം. ഏതായാലും വാർത്ത പരന്നതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.