ന്യൂഡൽഹി: സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് വിട്ട് മുൻ നേതാവ് ക്യാപ്റ്റർ അമരീന്ദർസിങ് ബി.ജെ.പിയിൽ ചേർന്നെങ്കിലും ഭാര്യ ഇപ്പോഴും കോൺഗ്രസ് എം.പി. അമരീന്ദറിന്റെ ഭാര്യ പ്രെനീത് കൗർ ഇപ്പോഴും കോൺഗ്രസ് അംഗമായി തുടരുകയും സ്ഥാനമാനങ്ങൾ വഹിക്കുകയും ചെയ്യുന്നുണ്ട്.
എന്നാൽ എതിർപ്പാർട്ടികളിലായിരിക്കുന്നതിൽ അസാധാരണത്വമില്ലെന്നാണ് ക്യാപ്റ്റൻ അമരീന്ദറിന്റെ പക്ഷം. ഭർത്താവ് ചെയ്യുന്നതെല്ലാം ഭാര്യ പിന്തുടരണമെന്നില്ലെന്ന് 81കാരനായ സിങ് പറഞ്ഞു.
പ്രെനീത് കൗർ 2009-2014 കാലത്തെ മൻമോഹൻസിങ് സർക്കാറിൽ വിദേശകാര്യ സഹമന്ത്രിയായിരുന്നു. നിലവിൽ പാട്യാല കോൺഗ്രസ് എം.പിയാണ്. കോൺഗ്രസ് ഇതുവരെയും അവരുടെ രാജി ആവശ്യപ്പെടുകയോ അവർ രാജി സന്നദ്ധത പ്രകടിപ്പിക്കുകയോ ചെയ്തിട്ടില്ല.
എന്നാൽ കോൺഗ്രസ് അവരുടെ രാജി ആവശ്യപ്പെട്ടാൽ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയും സീറ്റ് എ.എ.പിക്ക് പോവുകയും ചെയ്യുമെന്ന് കോൺഗ്രസിനും അവർക്കുമറിയാമെന്നും അതിനാലാണ് ഇരുവരും നിശബ്ദരായി ഇരിക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
അതേസമയം, ക്യാപ്റ്റനേക്കാൻ ബോധമുള്ളവരാണ് പ്രെനീത് കൗറെന്ന് കോൺഗ്രസ് നേതാവ് മാർഗരറ്റ് ആൽവ പ്രതികരിച്ചു.
അമരീന്ദർ സിങ്ങിനൊപ്പം മകൻ രണീന്ദർ സിങ്, മകൾ ജയ് ഇന്ദർ കൗർ, കൊച്ചുമകൻ നിർവാൺ സിങ് എന്നിവരും ബി.ജെ.പിയിൽ ചേർന്നിട്ടുണ്ട്. സീറ്റ് തർക്കത്തെ തുടർന്ന് കോൺഗ്രസ് വിട്ട അമരീന്ദർ സിങ് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പാർട്ടിയുണ്ടാക്കിയിരുന്നു. ഈ പാർട്ടിയും ബി.ജെ.പിയിൽ ചേർന്നു.
അതേസമയം, അമരീന്ദറിന്റെ കുടുംബാംഗങ്ങൾ പലരും കേസുകൾ അഭീമുഖീകരിക്കുന്നുണ്ടെന്നും അതിനാലാണ് അദ്ദേഹം ബി.ജെ.പിയിൽ ചേർന്നതെന്നും കോൺഗ്രസ് ആരോപിക്കുന്നു. 'ഒരിക്കൽ ഒരാൾ ബി.ജെ.പിയിൽ ചേർന്നാൽ നിങ്ങളുടെ തെറ്റുകളെല്ലാം പൊറുക്കപ്പെടും. അദ്ദേഹവും കുടുംബത്തെ രക്ഷിക്കാൻ ശ്രമിക്കുന്നു' - മുതിർന്ന കോൺഗ്രസ് നേതാവ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.