ന്യൂഡൽഹി: ആദ്യ വിവാഹബന്ധം നിയമപരമായി നിലനിൽക്കുന്നുണ്ടെങ്കിലും രണ്ടാമത് വിവാഹം ചെയ്ത ആളിൽനിന്ന് ജീവനാംശം ലഭിക്കാൻ സ്ത്രീക്ക് ക്രിമിനൽ ചട്ടപ്രകാരം (സി.ആർ.പി.സി 125ാം വകുപ്പ്) അർഹതയുണ്ടെന്ന് സുപ്രീംകോടതി. ഇത്തരം നിയമങ്ങളുടെ സാമൂഹിക ക്ഷേമ വശം പ്രധാനമാണെന്നും ഇടുങ്ങിയ രൂപത്തിലുള്ള നിയമ വിശകലനം വഴി അതിന്റെ മാനുഷിക തലം ഇല്ലാതാക്കരുതെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഉപേക്ഷിക്കപ്പെട്ട സ്ത്രീക്ക് ജീവനാംശം നൽകാൻ രണ്ടാമത്തെ ഭർത്താവിന് കോടതി നിർദേശം നൽകി.
2005ലാണ് ഹരജിക്കാരിയായ സ്ത്രീ തന്റെ ആദ്യ ഭർത്താവുമായുള്ള ബന്ധം ഒഴിഞ്ഞത്. നിയമപരമായി ഇവർ വിവാഹമോചനം നേടിയിട്ടില്ല. ഒരു ധാരണപത്രത്തിൽ ഒപ്പിട്ട് പിരിയുകയായിരുന്നു. പിന്നീട് അയൽപക്കത്തുള്ള ആളെ അതേ വർഷം വിവാഹം ചെയ്തു. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഇയാൾ അതേ വർഷം വിവാഹബന്ധം അവസാനിപ്പിക്കുകയും 2006ൽ കുടുംബകോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു. എന്നാൽ, അതിനുശേഷം ഇരുവരും യോജിപ്പിലെത്തി വീണ്ടും വിവാഹിതരായി. ഇവർക്ക് 2008ൽ മകളുമുണ്ടായി. പിന്നീട് ഇരുവരും തർക്കമുണ്ടാവുകയും സ്ത്രീ ഭർത്താവിനും ഭർത്താവിന്റെ വീട്ടുകാർക്കുമെതിരെ സ്ത്രീധന നിരോധന നിയമപ്രകാരം കേസുകൊടുക്കുകയും ചെയ്തു.
തനിക്കും മകൾക്കും ജീവനാംശം കിട്ടണമെന്നാവശ്യപ്പെട്ടുള്ള ഹരജി കുടുംബകോടതി അനുവദിച്ചു. ഇതിനെതിരെ രണ്ടാമത്തെ ഭർത്താവ് തെലങ്കാന ഹൈകോടതിയെ സമീപിച്ചു. ആദ്യ വിവാഹം നിയമപരമായി പിരിഞ്ഞിട്ടില്ലാത്തതിനാൽ ഇവരെ തന്റെ ഭാര്യയായി പരിഗണിക്കാനാകില്ലെന്നായിരുന്നു വാദം. ഈ വാദമാണ് ഇപ്പോൾ സുപ്രീംകോടതി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.