താലിബാൻ പ്രതിനിധിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ എന്തുകൊണ്ട് ഒഴിവാക്കി?; മോദി മറുപടി പറയണമെന്ന് പ്രിയങ്ക

ന്യൂഡൽഹി: അഫ്ഗാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ പത്രസമ്മേളനത്തിൽ വനിതാ മാധ്യമപ്രവർത്തകർ പങ്കെടുക്കാത്തതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിലപാട് വ്യക്തമാക്കണമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇന്ത്യയിലെ ഏറ്റവും കഴിവുള്ളവരിൽപ്പെട്ട സ്ത്രീകളെ അപമാനിക്കുന്നതാണ് ഈ സംഭവമെന്നും അവർ വിശേഷിപ്പിച്ചു. 

നരേന്ദ്രമോദി ജി, ഇന്ത്യാ സന്ദർശന വേളയിൽ താലിബാൻ പ്രതിനിധി നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതിൽ താങ്കളുടെ നിലപാട് വ്യക്തമാക്കൂ എന്ന് പ്രിയങ്ക ‘എക്സി’ൽ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി വനിതകളുടെ അവകാശങ്ങൾ അംഗീകരിക്കുന്നുവെന്നത് വെറുതെ പറയുന്നതല്ലയെങ്കിൽ ഇന്ത്യയിലെ ഏറ്റവും കഴിവുള്ളവരിൽ​പ്പെട്ട സ്ത്രീകളെ അപമാനിക്കുന്നതിനെങ്ങനെ സമ്മതം മൂളിയെന്നും സ്ത്രീകൾ അഭിമാനവും  നട്ടെല്ലും ആയി കരുതപ്പെടുന്ന ഒരു രാജ്യമാണിതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമൊത്തുള്ള വിപുലമായ ചർച്ചകൾക്കുശേഷമാണ് ഡൽഹിയിലെ അഫ്ഗാൻ എംബസിയിൽ വെച്ച് മുത്തഖി മാധ്യമ പ്രവർത്തകരുമായി ആശയവിനിമയം നടത്തിയത്. മുത്തഖി നടത്തിയ വാർത്താസമ്മേളനത്തിൽ ചുരുക്കം ചില മാധ്യമപ്രവർത്തകരുടെ പങ്കാളിത്തം മാത്രമായിരുന്നു ഉണ്ടായിരുന്നത്. വനിതാ മാധ്യമപ്രവർത്തകരുടെ അഭാവവും ശ്രദ്ധേയമായി.

മന്ത്രിയോടൊപ്പം എത്തിയ താലിബാൻ ഉദ്യോഗസ്ഥരാണ് മാധ്യമപ്രവർത്തകരെ ക്ഷണിക്കാനുള്ള തീരുമാനം എടുത്തതെന്നാണ് വിവരം. അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങൾ നിയന്ത്രിക്കുന്നതിന്റെ പേരിൽ കാബൂളിലെ താലിബാൻ ഭരണകൂടം വിവിധ രാജ്യങ്ങളിൽ നിന്നും ഐക്യരാഷ്ട്രസഭ പോലുള്ള ആഗോള വേദികളിൽ നിന്നും കടുത്ത വിമർശനങ്ങൾ നേരിടുന്നതിനിടെയാണ് പുതിയ സംഭവം. 

ആമിർ ഖാൻ മുത്തഖി നടത്തിയ പത്രസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത് തന്നെ ഞെട്ടിച്ചുവെന്ന് മുൻ ആഭ്യന്തരമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം സമൂഹ മാധ്യമത്തിൽ പ്രതികരിച്ചു. തങ്ങളുടെ വനിതാ സഹപ്രവർത്തകരെ ഒഴിവാക്കിയതായി കണ്ടയുടൻ പുരുഷ മാധ്യമപ്രവർത്തകർ ഇറങ്ങിപ്പോവേണ്ടതായിരുന്നുവെന്നും ചിദംബരം പറഞ്ഞു.

‘താലിബാനുമായി ഇടപഴകാൻ നമ്മെ നിർബന്ധിക്കുന്ന ഭൗമരാഷ്ട്രീയ ഘടകങ്ങൾ ഞാൻമനസ്സിലാക്കുന്നു. പക്ഷെ, അവരുടെ വിവേചനപരമായ മനോഭാവം അംഗീകരിക്കുന്നത് തികച്ചും പരിഹാസ്യമാണ്. താലിബാൻ മന്ത്രിയുടെ പത്രസമ്മേളനത്തിൽനിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയ വിദേശകാര്യ മന്ത്രാലയത്തിന്റെയും ജയ്ശങ്കറിന്റെയും സമീപനം നിരാശാജനകമാണെന്നും’ കോൺഗ്രസ് എം.പി കാർത്തി ചിദംബരം പ്രതികരിച്ചു.

നമ്മുടെ സ്വന്തം മണ്ണിൽ നിബന്ധനകൾ നിർദേശിക്കാനും സ്ത്രീകൾക്കെതിരെ അവരുടെ വിവേചന അജണ്ട അടിച്ചേൽപ്പിക്കാനും അനുവദിച്ചതിന് മോദിയെയും ജയ്ശങ്കറിനെയും ഓർത്ത് ലജ്ജിക്കുന്നുവെന്ന് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദും ‘എക്‌സി’ൽ പ്രതികരിച്ചു.

Tags:    
News Summary - Why were women journalists excluded from Taliban representative's press conference?; Priyanka demands Modi's reply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.