ഡൽഹി റെയിൽവേ സ്റ്റേഷനിലെ ജനങ്ങളുടെ തിരക്ക്
ന്യൂഡൽഹി: കഴിഞ്ഞയാഴ്ച ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഡൽഹി ഹൈക്കോടതി ബുധനാഴ്ച കേന്ദ്രസർക്കാരിനെയും ഇന്ത്യൻ റെയിൽവേയെയും രൂക്ഷമായി വിമർശിച്ചു.
ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ കൂടുതൽ യാത്രക്കാർക്ക് റെയിൽവേ ടിക്കറ്റ് വിൽക്കുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയും ജസ്റ്റിസ് തുഷാർ റാവു ഗെഡേലയും അടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചു. കേന്ദ്ര സർക്കാറും റെയിൽവേയും ഉടൻ മറുപടി നൽകണമെന്നും കോടതി പറഞ്ഞു.
ഇത്തരം സംഭവങ്ങൾ തടയുന്നതിനുള്ള സുരക്ഷാ നടപടികൾ സംബന്ധിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. കോച്ചുകളിലെ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തുകയും അധികാരമില്ലാതെ പ്രവേശിക്കുന്ന വ്യക്തികളെ ശിക്ഷിക്കുകയും ചെയ്യുന്ന നിലവിലുള്ള നിയമങ്ങൾ നടപ്പിലാക്കാൻ എന്ത് നടപടികൾ സ്വീകരിച്ചെന്ന് കോടതി ചോദിച്ചു.
റെയിൽവേക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയുടെ നിർദേശങ്ങൾ അംഗീകരിക്കുകയും റെയിൽവേ ബോർഡ് ഈ സാഹചര്യത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് പറയുകയും ചെയ്തു. തുടർന്ന് കോടതി മാർച്ച് 26 ന് അടുത്ത വാദം കേൾക്കൽ തീയതിയായി നിശ്ചയിച്ചു. ആയിരക്കണക്കിന് ആളുകൾ 14, 15 പ്ലാറ്റ്‌ഫോമുകളിൽ അവശേഷിച്ചിരുന്നു, അപ്പോഴാണ് 16-ാം പ്ലാറ്റ്‌ഫോമിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഒരു പ്രത്യേക ട്രെയിൻ വരുന്നുണ്ടെന്ന് വിവരം ലഭിച്ചത്. തുടർന്നുണ്ടായ തിരക്കിനിടയിലാണ് തിക്കിലും തിരക്കിലും പെട്ടത്. കഴിഞ്ഞയാഴ്ച ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 18പേർ മരിച്ചിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ ഏകദേശം 3,000 ടിക്കറ്റുകൾ വിറ്റഴിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.