'എല്ലാ മസ്ജിദുകളിലും എന്തിനാണ് ശിവലിംഗം തിരയുന്നത്' -ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്

ന്യൂഡൽഹി: ഗ്യാൻവാപി പള്ളിയിലെ വീഡിയോ ചിത്രീകരണവുമായി ബന്ധപ്പെട്ട തർക്കം സമവായത്തിലൂടെ പരിഹരിക്കണമെന്ന് ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവത്. എല്ലാ മസ്ജിദുകളിലും എന്തിനാണ് ശിവലിംഗം തിരയുന്നതെന്നും അദ്ദേഹം ചോദിച്ചു.

'ഞങ്ങൾക്ക് ചില സ്ഥലങ്ങളോട് പ്രത്യേക ഭക്തി ഉണ്ടായിരുന്നു. ഞങ്ങൾ അവയെ കുറിച്ച് സംസാരിച്ചു. പക്ഷേ നമ്മൾ ദിവസവും പുതിയ കാര്യങ്ങൾ പുറത്തു കൊണ്ടുവരരുത്. നമ്മൾ എന്തിന് തർക്കം വർധിപ്പിക്കണം?. നമുക്ക് ഗ്യാൻവാപിയോട് പ്രത്യേക ഭക്തിയുണ്ട്, അതിനാൽ എന്തെങ്കിലും ചെയ്യുന്നു, അതിൽ കുഴപ്പമില്ല. എന്നാൽ എന്തിനാണ് എല്ലാ മസ്ജിദുകളിലും ശിവലിംഗം തിരയുന്നത്? -മോഹൻ ഭാഗവത് ചോദിച്ചു.

ഗ്യാൻവാപി വിവാദം അടുത്ത ബാബരി മസ്ജിദ് ആക്കാനുള്ള ശ്രമമാണ് സംഘ്പരിവാർ നടത്തുന്നതെന്ന സംശയത്തിനിടെയാണ് ഭാഗവതിന്‍റെ പ്രസ്താവന. ഗ്യാൻവാപി വിഷയം നിലനിൽക്കുകയാണ്. നമുക്ക് ചരിത്രം മാറ്റാൻ കഴിയില്ല. ഇന്നത്തെ ഹിന്ദുക്കളോ, മുസ്ലിംകളോ സൃഷ്ടിച്ചതല്ല ചരിത്രം. ആ സമയത്താണ് അത് സംഭവിച്ചത്. ആക്രമണകാരികൾ വഴി പുറത്തുനിന്നാണ് ഇസ്ലാം വന്നത്. ആക്രമണത്തിൽ, ഇന്ത്യയുടെ സ്വാതന്ത്ര്യം ആഗ്രഹിച്ചവരുടെ മനോവീര്യം കെടുത്താൻ ദേവസ്ഥാനങ്ങൾ (ആരാധനാലയങ്ങൾ) തകർത്തെന്നും മോഹൻ ഭാഗവത് പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ നടത്തിയ വിഡിയോ സർവേക്കിടെ ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദത്തിൽ കേസും വിവാദവും പുരോഗമിക്കുന്നതിനിടെയുള്ള ഭാഗവതിന്‍റെ പ്രസ്താവനയെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. 

നേരത്തെ, കാശി ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിൽ വിഡിയോ സർവേക്കിടെ കണ്ടെടുത്തെന്ന് അവകാശപ്പെടുന്ന ശിവലിംഗത്തിൽ ഈ മാസം നാലിന് പൂജ നടത്തുമെന്ന് ദ്വാരക ശാരദപീഠം ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതിയുടെ ശിഷ്യൻ സ്വാമി അവിമുക്തേശ്വരാനന്ദ് അറിയിച്ചിരുന്നു. അധികൃതർ തടഞ്ഞാൽ ശങ്കരാചാര്യരെ അറിയിക്കുമെന്നും അദ്ദേഹം നൽകുന്ന നിർദേശങ്ങൾ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - "Why Look For Shivling In Every Mosque": RSS Chief Amid Gyanvapi Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.