ബസവരാജു
റായ്പൂർ: ഛത്തീസ്ഗഢിലുണ്ടായ ഏറ്റുമുട്ടലിൽ മാവോവാദി തലവൻ ബസവരാജുവിനെ പൊലീസ് വധിച്ചിരിക്കുകയാണ്. ആന്ധ്രപ്രദേശിലെ ശ്രീകാകുളമാണ് 71 വയസുള്ള ബസവരാജുവിന്റെ ജൻമനാട്.
വാറംഗലിലെ റീജ്യനൽ എൻജിനീയറിങ് കോളജിലായിരുന്നു പഠനം. കോളജിലെ വിദ്യാർഥി യൂനിയൻ നേതാവായിരുന്നു. റാഡിക്കൽ സ്റ്റുഡന്റ് യൂനിയന്റെ ബാനറിലാണ് ബസവരാജു മത്സരിച്ചിരുന്നത്. നംബാല കേശവ റാവു എന്നായിരുന്നു അക്കാലത്ത് പേര്. അക്കാലത്ത് വാറംഗലിൽ റാഡിക്കൽ വിദ്യാർഥി യൂനിയന് വലിയ സ്വാധീനമായിരുന്നു. 1980കളിലാണ് വിദ്യാർഥി സംഘടനയുടെ അവിഭാജ്യ ഘടകമായി ബസവരാജു മാറുന്നത്.
1985 ആയപ്പോഴേക്കും ബസവരാജു അണ്ടർഗ്രൗണ്ടിലായിരുന്നു കഴിഞ്ഞിരുന്നതെന്ന് തെലങ്കാനയിലെ മുതിർന്ന ഇന്റലിജൻസ് ഓഫിസർ പറയുന്നു. അക്കാലത്ത് സുപ്രധാന ഓപറേഷനുകൾക്ക് നേതൃത്വം നൽകിയിരുന്നത് ബസവരാജുവായിരുന്നു. അധികം വൈകാതെ പീപ്ൾസ് വാർ ഗ്രൂപ്പിന്റെ പ്രധാന കമാൻഡർമാരിലൊരാളായി ബസവരാജ് മാറി. 2004ൽ പീപ്ൾസ് വാർ ഗ്രൂപ്പും മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് സെന്ററും ലയിപ്പിച്ച് സി.പി.ഐ(മാവോയിസ്റ്റ്) രൂപവത്കരിച്ചു.
സി.പി.ഐ(മാവോയിസ്റ്റ്)ക്ക് വലിയ തിരിച്ചടിയാണ് ബസവരാജുവിന്റെ മരണം. നിരോധിത സംഘടനയുടെ തെക്കൻ, വടക്കൻ കമാൻഡുകൾക്കിടയിലെ കണ്ണിയായിരുന്നു അദ്ദേഹം. നിരോധിത സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനം ഗണപതി അഥവാ മുപ്പല കേശവ റാവു രാജിവച്ചതിനുശേഷമാണ്ബസവ രാജു അദ്ദേഹത്തിന്റെ പിൻഗാമിയായത്.
ഗണപതി ഒരുകാലത്ത് നക്സൽബാരിയെ പാർട്ടിയുടെ തെക്കൻ കമാൻഡുമായി ഒന്നിപ്പിച്ചു. പാർട്ടിയെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ അദ്ദേഹം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചതായി പറയപ്പെട്ടിരുന്നു. ബസവ രാജു അദ്ദേഹത്തിന്റെ പാത പിന്തുടർന്നു. ഒരു ദിവസം ബസവരാജു പശ്ചിമബംഗാളിലായിരിക്കും. എന്നാൽ പിറ്റേദിവസം ശ്രീകാകുളത്തായിരിക്കും അദ്ദേഹം.
വളരെ ചെറുപ്പം മുതൽ തന്നെ പാർട്ടിയിൽ വളർന്ന ബസവരാജു പ്രത്യയശാസ്ത്ര തലവൻ മാത്രമായിരുന്നില്ല, പോരാട്ട നേതാവ് കൂടിയായിരുന്നു. അദ്ദേഹത്തിന്റെ മരണം വലിയൊരു ആഘാതമാണ്. അതിന്റെ പേരിൽ പാർട്ടി പിരിച്ചുവിടപ്പെടാൻ പോലും സാധ്യതയുണ്ടെന്നാണ് കരുതുന്നത്. കാരണം ബസവ രാജുവിനെ പോലെ കേഡറുകളെ ഒരുമിച്ച് കൊണ്ടുവരാൻ പാർട്ടിയിൽ മറ്റാരുമില്ല. അടുത്തകാലത്തായി പാർട്ടിയിലേക്ക് പുതിയ റിക്രൂട്ട്മെന്റുകൾ ഉണ്ടായിട്ടില്ല. അവശേഷിക്കുന്ന മാവോവാദികളോട് കൂടി കീഴടങ്ങാനാണ് സർക്കാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.