കജോളിന്‍റെ പരാമർശത്തിൽ ബി.ജെ.പിക്കാർക്ക് മാത്രം എന്തിനാണ് ഇത്ര അസ്വസ്ഥത - അഭിഷേക് സിങ്വി

ന്യൂഡൽഹി: രാജ്യത്ത് ഒട്ടും വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളുണ്ടെന്ന ബോളിവുഡ് നടി കജോളിന്‍റെ പരാമർശത്തിൽ ഭാജ്പയ്യമാർ (ബി.ജെ.പിക്കാർ) എന്തിനാണ് ഇത്ര അസ്വസ്ഥരാകുന്നത് എന്ന് കോൺഗ്രസ് നേതാവ് അഭിഷേക് സിങ്വി. കജോളിന്‍റെ പരാമർശം ഉൾപ്പെടെ എല്ലാ പൊതുവത്ക്കരണവും തെറ്റാണ്. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ നേതാവിന്‍റെയും പേരെടുത്ത് പറയാതെ നടി നടത്തിയ പരാമർശത്തിൽ അവരെ കടന്നാക്രമിക്കുന്നത് എന്തിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു സിങ്വിയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം രാജ്യത്ത് ഒട്ടും വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളുണ്ടെന്ന് കജോൾ പറഞ്ഞത് വലിയ വിവാദമായിരുന്നു. നിരവധി പേരാണ് കജോളിനെ ട്രോളിയും വിമർശിച്ചും രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് ട്രോളന്മാരോട് മറുചോദ്യവുമായി സിങ്വി രംഗത്തെത്തിയത്. "രാജ്യത്തെ വിദ്യാഭ്യാസമില്ലാത്ത നേതാക്കളെ കുറിച്ച് പറയുമ്പോൾ അവർ ആരുടെയും പേർ പ്രത്യേകം പരാമർശിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ഭാജ്പയ്യമാർ മാത്രം ഇത്ര അസ്വസ്ഥരായത്" - സിങ്വി ചോദിച്ചു.

'ദി ക്വിന്‍റി'ന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു വിദ്യാഭ്യാസ പശ്ചാത്തലമില്ലാത്ത രാഷ്ട്രീയ നേതാക്കളാണ് നമുക്കുള്ളതെന്ന് കജോൾ പറഞ്ഞത്. "രാജ്യം ഭരിക്കുന്ന പല നേതാക്കൾക്കും കൃത്യമായ വീക്ഷണമില്ല. നാം പരമ്പരാഗത ചിന്തകളിലും ആചാരങ്ങളിലും മുഴുകിയിരിക്കുകയാണ്. എന്നാൽ, വിദ്യാഭ്യാസം നമുക്ക് വൈവിധ്യമായ കാഴ്ചപ്പാടുകൾ നൽകും. നമ്മുടെ രാജ്യത്തെ പല രാഷ്ട്രീയ നേതാക്കൾക്കും ഇല്ലാത്തതും അതാണ്" - കജോൾ പറഞ്ഞു.

എന്നാൽ വാക്കുകൾ വിവാദമായതോടെ നടി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസത്തെ കുറിച്ചും അതിന്‍റെ പ്രാധാന്യത്തെക്കുറിച്ചും അഭിപ്രായം പറയുക മാത്രമാണ് ചെയ്തത്. ഒരു രാഷ്ട്രീയ നേതാക്കളെയും തരം താഴ്ത്തുകയായിരുന്നില്ല തന്‍റെ ലക്ഷ്യമെന്നും രാജ്യത്തെ നേർവഴിക്ക് നയിക്കുന്ന പല നേതാക്കന്മാരും നമുക്കുണ്ടെന്നും കജോൾ ട്വിറ്ററിൽ കുറിച്ചു.

Tags:    
News Summary - Why bajpaiyas are so upset over Kajol's remark asks Abhishek Singhvi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.