ന്യൂ ഡൽഹി: ബസ് യാത്രക്കിടെ 70കാരനിൽ നിന്ന് നേരിട്ട ലൈഗിംകാതിക്രമം സമൂഹ മാധ്യമത്തിൽ വെളിപ്പെടുത്തി യുവാവ്. അഭിഷേക് എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിൽ ബസ് യാത്രക്കിടെ തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞത്. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങളും അദ്ദേഹം പുറത്തുവിട്ടു. പ്രായമായ വ്യക്തിയിൽ നിന്നും അപ്രതീക്ഷിതമായുണ്ടായ മോശം പെരുമാറ്റം ഞെട്ടിക്കുന്നതും നടുക്കുന്നതുമായിരുന്നെന്ന് അദ്ദേഹം പറയുന്നു.
ഇത്തരം സംഭവങ്ങൾ നേരിടുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെന്നും തനിക്ക് ഒരു വാക്കുപോലും ആദ്യം സംസാരിക്കാൻ പറ്റിയില്ലെന്നും അഭിഷേക് വെളിപ്പെടുത്തി. അന്ന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഡിയോ ദൃശ്യങ്ങളിൽ വയോധികനെതിരെ അഭിഷേക് പ്രതികരിക്കുന്നുണ്ട്. മോശം സാഹചര്യത്തിലും അക്രമിക്കെതിരെ പ്രതികരിച്ചതിന് സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് അഭിഷേകിനെ പ്രശംസിച്ചത്. അതിക്രമത്തിന്‍റെ വിഡിയോ ബസ് കണ്ടക്ടറെ കാണിച്ചപ്പോൾ അദ്ദേഹവും തനിക്കൊപ്പം നിന്നുവെന്നും വയോധികനോട് ബസിൽ നിന്നും ഇറങ്ങി പോകാൻ ആവശ്യപ്പെട്ടുവെന്നും അഭിഷേക് പറയുന്നു.
യാത്രക്കിടെ വൃദ്ധൻ തന്നെ അനുചിതമായി സ്പർശിച്ചെന്നും ഇത്തരത്തിലൊരു ദുരനുഭവം നേരിടേണ്ടിവരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും അഭിഷേക് വിഡിയോയിൽ പറയുന്നു. ആൺകുട്ടികൾ പോലും സുരക്ഷിതരല്ല, അതിക്രമങ്ങൾ നേരിടുന്നതിന് ലിംഗഭേദമില്ലെന്ന് ബോധ്യമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി മുതൽ ഇത്തരം അതിക്രമങ്ങൾക്കെതിരെ പ്രതികരിക്കുമെന്നും ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിഷേകിന് പിന്തുണ അറിയിച്ച് നിരവധിപേരാണ് സമൂഹ മാധ്യമത്തിൽ രംഗത്തെത്തിയത്. "നിങ്ങൾ സാഹചര്യം വളരെ ശാന്തമായി കൈകാര്യം ചെയ്തു, അതാണ് യഥാർത്ഥ പക്വതയുടെ ഉദാഹരണം"- കമന്‍റ് ബോക്സിൽ ഒരാൾ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.