കർണാടകയിൽ തെരഞ്ഞെടുപ്പ് പതിവാൽക്കൽ എത്തിനിൽക്കവെ, ബി.ജെ.പിയും കോൺഗ്രസും പോരിനിറങ്ങിക്കഴിഞ്ഞു. വോട്ടെടുപ്പ് തുടങ്ങാൻ കഷ്ടിച്ച് ഒരുമാസം മാത്രമേ മുന്നിലുള്ളൂ. എന്നിട്ടും മുഖ്യമന്ത്രി സ്ഥാനാർഥിയെ കുറിച്ചു പറയാൻ ഇരു പാർട്ടികളും മടിക്കുന്നത് എന്തിനാണെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകുമെന്ന് കരുതുന്ന ജെ.ഡി(എസ്) മുഖ്യമന്ത്രി സ്ഥാനാർഥിയായി എച്ച്.ഡി. കുമാരസ്വാമിയെ പ്രഖ്യാപിച്ചു കഴിഞ്ഞു. ബി.ജെ.പിയും കോൺഗ്രസും ഇക്കാര്യത്തിൽ സസ്പെൻസ് തുടരുന്നതിലാണ് അതിശയം.
തെരഞ്ഞെടുപ്പ് ഫലം വന്നിട്ടേ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്നാണ് ബി.ജെ.പിയുടെ നിലപാട്. ബി.ജെ.പിയെ പോലെ ഇക്കാര്യത്തിൽ കോൺഗ്രസും ധർമസങ്കടത്തിലാണ്. കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാറും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയും തങ്ങളാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥികളെന്ന് പറഞ്ഞു നടക്കുന്നുണ്ട്. എന്നാൽ നേതൃത്വം ഇത് പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.
2018ൽ വൈ.എസ്. യെദിയൂരപ്പയാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് വോട്ടെടുപ്പിന് ഏറെ നാൾ മുമ്പേ അന്നത്തെ ബി.ജെ.പി പ്രസിഡന്റ് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത്തവണ അധികാരമുണ്ടായിട്ടും മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ ബി.ജെ.പി മടിക്കുന്നതിനു കാരണം യെദിയൂരപ്പക്കു ശേഷം സ്വീകാര്യനായ മറ്റൊരാളില്ല എന്നതിനാലാണ്. യെദിയൂരപ്പയുടെ പിൻഗാമിയായി 2021ൽ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായെങ്കിലും യെദിയൂരപ്പയെ പോലെ അണികൾക്കിടയിൽ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
ജാതി രാഷ്ട്രീയത്തിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യമുണ്ട്. കർണാടകയിലും സ്ഥിതി മറിച്ചല്ല. ഇവിടെ ബി.ജെ.പിക്ക് അധികാരം നിലനിർത്തണമെങ്കിൽ ലിംഗായത്ത്, വൊക്കാലിഗർ എന്നീ രണ്ട് സമുദായങ്ങളുടെ പിന്തുണ കൂടിയേ തീരൂ. ലിംഗായത്തുകൾ പരമ്പരാഗതമായി ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നവരാണ്. എന്നാൽ വൊക്കാലിഗർ ജെ.ഡി(എസി)ന്റെ വോട്ട് ബാങ്കാണ്. യെദിയൂരപ്പ, ജഗദീഷ് ഷെട്ടാർ, ബി.എസ്. ബൊമ്മൈ തുടങ്ങി കർണാടകയിൽ മൂന്നു ബി.ജെ.പി മുഖ്യമന്ത്രിമാരും ലിംഗായത്ത് സമുദായക്കാരാണ്. ഇത്തവണ യെദിയൂരപ്പ മത്സരിക്കുന്നില്ല. ഈ സാഹചര്യത്തിൽ ലിംഗായത്തുകളുമായും വൊക്കാലിഗരുമായും പുതിയ സാമൂഹിക സമവാക്യമുണ്ടാക്കാനാണ് ബി.ജെ.പിയുടെ പദ്ധതി. ഇതിന്റെ മുന്നോടിയായി മുസ്‍ലിംകൾക്കുണ്ടായിരുന്ന നാലു ശതമാനം സംവരണം റദ്ദാക്കി ഇരു സമുദായങ്ങൾക്കുമായി വീതിച്ചു നൽകിയിട്ടുണ്ട്.
കർണാടകയിലെ തെരഞ്ഞെടുപ്പ് ചുമതല ബൊമ്മൈക്ക് നൽകിയിട്ടും അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ ബി.ജെ.പി തയാറായിട്ടില്ല. അസം തെരഞ്ഞെടുപ്പിലും ഇതേ നിലപാടായിരുന്നു ബി.ജെ.പി കൈക്കൊണ്ടത്. സർബാനന്ദ സൊണോവലിനായിരുന്നു തെരഞ്ഞെടുപ്പ് ചുമതല. എന്നാൽ പാർട്ടി വിജയിച്ചപ്പോൾ മുഖ്യമന്ത്രി സ്ഥാനം ഹിമന്ത ബിശ്വ ശർമക്ക് നൽകി. തെരഞ്ഞെടുപ്പിനെ മോദിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടമായി അവതരിപ്പിക്കാൻ കേന്ദ്രസർക്കാരും നന്നായി പണിയെടുക്കുന്നുണ്ട്.
അഴിമതിയാണ് ബി.ജെ.പിക്കെതിരെ പ്രതിപക്ഷം ഉയർത്തുന്ന പ്രധാന പ്രശ്നം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ബി.ജെ.പി എം.എൽ.എ മദൽ വിരുപക്ഷപ്പ കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായിരുന്നു. ബൊമ്മൈയുടെ ഭരണകാലത്ത് അഴിമതി കുത്തനെ വർധിച്ചതായി കാണിച്ച് സംസ്ഥാന സ്കൂൾ അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. സംസ്ഥാനത്തെ കോൺട്രാക്റ്റർമാരുടെ സംഘടന സംസ്ഥാനത്ത് ഏതൊരു ജോലിക്കും 40 ശതമാനം കമ്മീഷൻ വേണമെന്ന സ്ഥിതിയാണെന്ന് ആരോപണമുന്നയിച്ചിരുന്നു. അന്നുതൊട്ട് ബൊമ്മൈ സർക്കാരിനെ 40 ശതമാനം കമ്മീഷൻ സർക്കാർ എന്നാണ് പ്രതിപക്ഷം പരിഹസിക്കുന്നത്.
ബി.ജെ.പിയെ പോലും കോൺഗ്രസിലും നിരവധി വിഭാഗങ്ങളുണ്ട്. ഒരു ഭാഗത്ത് സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗവും മറുഭാഗത്ത് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള വിഭാഗവും. ഇരുവരും വിജയിച്ചാൽ തങ്ങളെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും പാർട്ടി എന്തു തീരുമാനമെടുത്താലും അംഗീകരിക്കാൻ തയാറാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ തീരുമാനിക്കാനുള്ള നിർണായക പങ്കുവഹിക്കാൻ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് കഴിയും. കർണാടകയിലെ ശക്തമായ ദലിത് മുഖമാണ് മല്ലികാർജുൻ ഖാർഗെ. എന്നാൽ പാർട്ടി പ്രസിഡന്റായതിനാൽ അദ്ദേഹത്തിന് മുഖ്യമന്ത്രിയാകാനാവില്ല. ദലിത് വോട്ടുകൾ കോൺഗ്രസിന് ഉറപ്പിക്കാൻ ഖാർഗെയുടെ സാന്നിധ്യം കൊണ്ട് സാധിക്കുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല. കലബുറഗിയിൽ നിന്ന് ഒമ്പതു തവണയാണ് ഖാർഗെ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്.
കർണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾക്കു മുമ്പാണ് രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനത്തിന് ലോക്സഭ സെക്രട്ടേറിയറ്റ് അയോഗ്യത കൽപിച്ചത്. രാഹുലിനെതിരായ നടപടി സഹാനുഭൂതി തരംഗമായി ഉയർത്തിക്കാണിച്ച് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തുറുപ്പുചീട്ടാക്കാനും സാധ്യതയുണ്ട്. ഏപ്രിൽ അഞ്ചിന് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കോലാറിലെത്തും. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കർണാടകയിലെത്തിയ രാഹുൽഗാന്ധിക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. വോട്ടെടുപ്പിൽ ഇത് പ്രതിഫലിക്കുമോ എന്നാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്.
(കടപ്പാട്: ഇന്ത്യ ടുഡേ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.