ഇതാര്? സി.സി.ടി.വി കണ്ടു ഞെട്ടി പൊലീസ്! മോദി മാസ്ക് ധരിച്ചെത്തി കടയിൽ കൊള്ള; ലക്ഷങ്ങളുടെ ഫോണുകൾ നഷ്ടം

ഭിൽവാര: രാജസ്ഥാനിലെ ഭിൽവാരയിൽ നടന്ന മൊബൈൽ ഷോപ്പ് മോഷണം പൊലീസിനെയും പ്രദേശവാസികളെയും ഒരുപോലെ അമ്പരപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് സംഘം ചേർന്നെത്തിയ മോഷ്ടാക്കൾ ലക്ഷങ്ങൾ വിലമതിക്കുന്ന സ്മാർട്ട്ഫോണുകളാണ് കവർന്നത്.

ഭിൽവാരയിലെ കരേഡ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന 'മാതേശ്വരി മൊബൈൽ ഷോപ്പിലായിരുന്നു' ഞെട്ടിക്കുന്ന സംഭവം നടന്നത്. തിങ്കളാഴ്ച രാത്രി മേൽക്കൂര പൊളിച്ച് കടയ്ക്കുള്ളിൽ കടന്ന മോഷ്ടാക്കൾ, നാല് മുതൽ 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന 35 മുതൽ 40 വരെ സ്മാർട്ട്ഫോണുകൾ അടിച്ചെടുത്തു. ചൊവ്വാഴ്ച രാവിലെ കട തുറന്ന ഉടമ ലക്ഷ്മൺ സെൻ ആണ് മോഷണവിവരം ആദ്യം അറിയുന്നത്. കടയ്ക്കുള്ളിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലും മൊബൈൽ പെട്ടികൾ കാലിയായുമാണ് കാണപ്പെട്ടത്.

സംഭവം നടന്നയുടൻ കരേഡ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതികളിലൊരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചിരിക്കുന്നതായി കണ്ടെത്തിയത് പൊലീസിനെ അമ്പരപ്പിച്ചു. മാത്രമല്ല, ഇതേ രാത്രിയിൽ സൻവാരിയ മൊബൈൽ എന്ന മറ്റൊരു കടയിലും ഇവർ മോഷണശ്രമം നടത്തിയതായി സംശയിക്കുന്നു. ഈ കടയുടെ ഷട്ടർ പൂട്ട് പൊളിച്ച് മോഷ്ടാക്കൾ അകത്തുകയറാൻ ശ്രമിക്കുന്ന ദൃശ്യങ്ങളും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിൽ നടന്ന ഈ മോഷണങ്ങൾ വ്യാപാരികൾക്കിടയിൽ കടുത്ത സുരക്ഷാ ആശങ്ക ഉയർത്തിയിരിക്കുകയാണ്. രാത്രികാലങ്ങളിൽ പട്രോളിങ് ശക്തമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കടയുടമയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികൾക്കായുള്ള വ്യാപക തിരച്ചിൽ ആരംഭിച്ചു.

Tags:    
News Summary - Who is this? Police shocked after seeing CCTV! Theft at a shop by someone wearing a Modi mask; phones worth lakhs lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.