ആയുഷ് മാലിക്

ഭാര്യക്കും പിതാവിനുമെതിരെ മതപരിവർത്തനത്തിന് കേസ്, പിന്നാലെ ഹിന്ദു മതത്തിലേക്ക് തന്നെ മടങ്ങി ആയുഷ് മാലിക്

ഷാംലി: പ്രണയിച്ച മുസ്ലിം യുവതിയെ വിവാഹം കഴിക്കാനായി ഇസ്‍ലാം മതം സ്വീകരിച്ചെന്നാരോപിക്കപ്പെട്ട ഷാംലി സ്വദേശിയായ ആയുഷ് മാലിക് വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങി. തന്റെ മതം മാറ്റം മാതാപിതാക്കൾക്ക് വലിയ മാനസിക പ്രയാസം ഉണ്ടാക്കിയെന്ന് തിരിച്ചറിഞ്ഞാണ് ഈ തീരുമാനമെന്ന് ആയുഷ് പറഞ്ഞു.

ആയുഷിന്‍റെ രക്ഷിതാക്കളുടെ പരാതിയിൽ ഉത്തർപ്രദേശ് പൊലീസ് ഭാര്യ ചാന്ദ്‌നി ഖുറൈശി, അവരുടെ പിതാവ് ഇസ്‌ലാം ഖുറൈശി എന്നിവർക്കെതിരെ മതപരിവർത്തന വിരുദ്ധ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, തന്നെ നിർബന്ധിച്ചോ ബ്രെയിൻവാഷ് ചെയ്‌തോ മതം മാറ്റിയതാണെന്ന ആരോപണങ്ങൾ ആയുഷ് മാലിക് പൂർണമായും തള്ളുകയാണുണ്ടായത്. ഹൈന്ദവ ആചാരങ്ങളിലേക്ക് തിരിച്ചെത്തിയെന്ന് വ്യക്തമാക്കി കുടുംബം പുറത്തുവിട്ട വിഡിയോയിൽ ആയുഷ് വീട്ടിലെ പൂജയിൽ പങ്കെടുക്കുന്നതായി കാണാം.

താൻ സ്നേഹിച്ച പെൺകുട്ടിക്കുവേണ്ടിയാണ് മതം മാറിയതെന്നും, എന്നാൽ അത് തന്റെ കുടുംബത്തിന് നൽകിയ വേദന കണ്ടപ്പോൾ തിരികെ വരാൻ തീരുമാനിക്കുകയായിരുന്നുവെന്നും വിഡിയോയിൽ ആയുഷ് പറയുന്നുണ്ട്. മാതാപിതാക്കളോട് ക്ഷമ ചോദിക്കുന്നതും കുടുംബത്തോടൊപ്പം തുടരാനുള്ള ആഗ്രഹം പങ്കുവെക്കുന്നതും വിഡിയോയിലുണ്ട്. യോഗ സാധന ആശ്രമത്തിലെ യശ്വീർ മഹാരാജാണ് ആയുഷിന്റെ മതം മാറ്റം സ്ഥിരീകരിച്ചത്.

ഷാംലിയിലെ കോടീശ്വരനായ വ്യവസായി ദേവരാജ് മാലികിന്റെ മകനാണ് ആയുഷ് മാലിക്. ഡൽഹിയിൽ വെച്ച് ചാന്ദ്‌നി ഖുറൈശിയെ വിവാഹം കഴിച്ച സമയത്താണ് ആയുഷ് ഔദ്യോഗികമായി ഇസ്‌ലാം സ്വീകരിച്ചത്. പിന്നാലെ തന്റെ മകനെ ഒരു പ്രണയക്കെണിയിൽ പെടുത്തുകയായിരുന്നുവെന്നും, സ്വത്ത് ലക്ഷ്യമിട്ട് വലിയൊരു ഗൂഢാലോചനയുടെ ഭാഗമായാണ് മതപരിവർത്തനം നടന്നതെന്നും ആരോപിച്ച് ദേവരാജ് മാലിക് പൊലീസിൽ പരാതി നൽകിയതും ഇതേ തുടർന്ന് ഉണ്ടായ വിവാദങ്ങളും വാർത്തയായിരുന്നു.

ചെറുപ്പം മുതലേ തനിക്ക് ഇസ്‌ലാമിനോട് താത്പര്യമുണ്ടായിരുന്നുവെന്നും, വർഷങ്ങളോളം ഓൺലൈൻ പ്രഭാഷണങ്ങളിലൂടെയും മതഗ്രന്ഥങ്ങളിലൂടെയും ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചിട്ടുണ്ടെന്നും ആയുഷ് പറഞ്ഞു. മതം മാറാനുള്ള തീരുമാനം തികച്ചും വ്യക്തിപരവും സ്വമേധയാ ഉള്ളതുമായിരുന്നു എന്നാണ് ആയുഷ് വ്യക്തമാക്കിയിരുന്നത്. കുടുംബസ്വത്തുമായി ഈ മതപരിവർത്തനത്തിന് യാതൊരു ബന്ധവുമില്ലെന്നും കുടുംബസ്വത്തിലുള്ള തന്റെ അവകാശങ്ങളെല്ലാം അമ്മക്കും സഹോദരിമാർക്കുമായി വിട്ടുകൊടുക്കാൻ താൻ തയാറാണെന്നും ആയുഷ് വ്യക്തമാക്കിയിരുന്നു.

കേസ് നിലവിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിഗണനയിലാണ്. ഒരു പ്രണയബന്ധത്തിൽ തുടങ്ങി നിയമപോരാട്ടങ്ങളിലൂടെയും മതപരമായ വിവാദങ്ങളിലൂടെയും കടന്നുപോയ ഈ സംഭവം, യു.പിയിലെ മതപരിവർത്തന നിയമം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വീണ്ടും വലിയ സംവാദങ്ങൾക്ക് വേദിയൊരുക്കുകയാണ്.

Tags:    
News Summary - Ayush Malik reconvert to hinduism after FIR against wife, father-in-law

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.