ഷാരൂഖ് ഖാൻ-ദീപിക പാദുകോൺ ചിത്രം ‘പത്താനെ’തിരെ അസ്സമിലും ഹിന്ദുത്വ സംഘടനയായ ബജ്റംഗ് ദൾ നേതൃത്വത്തിൽ വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. ഈമാസം 25ന് സിനിമ റിലീസിന് തയാറെടുക്കുന്നതിനിടെയാണ് വീണ്ടും പ്രതിഷേധങ്ങൾ ശക്തമായത്.
ഇതിനിടെയാണ് ഷാരൂഖ് ഖാനെ അറിയില്ലെന്ന വാദവുമായി അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ രംഗത്തെത്തിയത്. ‘ആരാണ് ഷാരൂഖ് ഖാൻ? എനിക്ക് അവനെക്കുറിച്ചോ (ഷാരൂഖ്), പത്താൻ സിനിമയെക്കുറിച്ചോ ഒന്നും അറിയില്ല’ -ഹിമന്ത പറഞ്ഞതായി വാർത്ത ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
നാരെങ്കിയിലെ തിയറ്ററിനു മുന്നിൽ ബജ്റംഗ് ദൾ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. തങ്ങളുടെ സിനിമകളുടെ റിലീസിന് മുന്നോടിയായി പ്രതിഷേധം അരങ്ങേറുകയാണെങ്കിൽ ബോളിവുഡ് താരങ്ങളെല്ലാം തന്നെ വിളിക്കാറുണ്ട്. എന്നാൽ, ഷാരൂഖ് ഖാൻ തന്നെ ഇതുവരെ വിളിച്ചിട്ടില്ല. അദ്ദേഹം വിളിച്ചാൽ ഞാൻ വിഷയത്തിൽ ഇടപെടും. ക്രമസമാധാന പ്രശ്നം ഉണ്ടെങ്കിൽ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്നും കേസ് രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സിനിമയിലെ ബേഷരം രംഗ് എന്നുള്ള വിഡിയോ ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് ചിത്രത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തിയത്. പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചെന്നാണ് ഇവരുടെ വാദം. ഗുജറാത്ത് ഉൾപ്പെടെ പല സംസ്ഥാനങ്ങളിലും സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് ബജ്റംഗ് ദൾ ഉൾപ്പെടെയുള്ള ഹിന്ദുത്വ സംഘടനകൾ ഭീഷണി മുഴക്കുന്നുണ്ട്. പ്രതിഷേധത്തെ തുടർന്ന് സിനിമയിലെ ചില രംഗങ്ങൾ സെൻസർ ബോർഡ് ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.