ന്യൂഡൽഹി: ഗുജറാത്തിൽ വ്യാജമദ്യം കഴിച്ച് നിരവധിപേർ മരിച്ചതിനുപിന്നാലെ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ഗുജറാത്തിലെ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റേയും നിയമവിരുദ്ധ വ്യാപാരത്തിൽ ആശങ്ക പ്രകടിപ്പിച്ച രാഹുൽ ഗാന്ധി ഏത് ഭരണകക്ഷിയാണ് ലഹരി മാഫിയകൾക്ക് സംരക്ഷണം നൽകുന്നതെന്നും ചോദിച്ചു.
മദ്യനിരോധിത സംസ്ഥാനമായ ഗുജറാത്തിൽ വ്യാജമദ്യം കാരണം നിരവധി കുടുംബങ്ങൾ തകർന്നു. ഇവിടെ നിന്നും തുടർച്ചയായി ശതകോടികൾ വിലയുള്ള മയക്കുമരുന്നുകൾ കണ്ടു കെട്ടുന്നു. ബാപ്പുവിന്റെയും സർദാർ പട്ടേലിന്റെയും നാട്ടിൽ, ലഹരികച്ചവടം നടത്തുന്ന ഇവർ ആരാണെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. ഏത് ഭരണകക്ഷിയാണ് 'മാഫിയകൾക്ക്' സംരക്ഷണം നൽകുന്നതെന്നും മുൻ കോൺഗ്രസ് അധ്യക്ഷൻ ചോദിച്ചു.
ജൂലൈ 25 ന് ഗുജറാത്തിലെ ബോട്ടട് ജില്ലയിൽ വ്യാജ മദ്യം കഴിച്ച് 42 പേർ മരിച്ചിരുന്നു. ബോട്ടാഡ് സ്വദേശികളും അഹമ്മദാബാദ് ജില്ലയിൽ നിന്നുള്ളവരുമാണ് മരിച്ചതെന്ന് അധികൃതർ അറിയിച്ചു. 97 പേർ ഇപ്പോഴും ഭാവ്‌നഗർ, ബോട്ടാഡ്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണെന്ന് ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി പറഞ്ഞു.
മദ്യത്തിന് പകരം മീഥൈൽ ആൽക്കഹോൾ നൽകിയതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. രാസവസ്തു ശേഖരിച്ചവരും വ്യാജമദ്യം ആളുകൾക്ക് വിറ്റവരും ഉൾപ്പെടെ 15 പ്രതികൾ കേസിൽ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.