പാറ്റ്ന: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ നടത്തിയ റെയ്ഡിന് പിന്നാലെ മോദിയേയും ബി.ജെ.പിയേയും പരിഹസിച്ച് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വിയാദവ്. അധികാരമില്ലാത്ത സംസ്ഥാനങ്ങളിലേക്ക് ഇഷ്ടമില്ലാത്തവരെ വിരട്ടാൻ 'ജമായ്മാരെ'(മരുമക്കളെ) കേന്ദ്രം വിടുന്നു എന്നാണ് തേജസ്വി പരിഹസിച്ചത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ), ആദായനികുതി (ഐ.ടി) വകുപ്പ് എന്നിവയെയാണ് ബി.ജെ.പിയുടെ മരുമക്കൾ എന്ന് അദ്ദേഹം വിശേഷിപ്പിച്ചത്.
'മഹാഗത്ബന്ധൻ' സർക്കാർ അവതരിപ്പിച്ച വിശ്വാസ പ്രമേയത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കവേയാണ് തേജസ്വിയാദവ് ബി.ജെ.പിക്കെതിരേ ആഞ്ഞടിച്ചത്. സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രത്തെ തുടച്ചുനീക്കാനാണ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാർട്ടിയെ തകർക്കാൻ ബി.ജെ.പി ശ്രമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. 'സോഷ്യലിസത്തോടുള്ള പ്രതിബദ്ധതയ്‌ക്കുള്ള വിലയാണ് എന്റെ അച്ഛൻ ലാലു പ്രസാദും അമ്മ റാബ്‌റി ദേവിയും ഞാനും സഹോദരിമാരും നൽകുന്നത്. മുഖ്യമന്ത്രിക്കും എനിക്കും ഒരേ പ്രത്യയശാസ്ത്രമാണ്. ഞങ്ങൾ സോഷ്യലിസ്റ്റുകൾ വിതച്ചത് നിങ്ങൾക്ക് കൊയ്യാൻ കഴിയില്ല'- ആർ.ജെ.ഡി നേതാവ് പറഞ്ഞു.
ഹരിയാനയിലെ ഗുരുഗ്രാമിൽ കഴിഞ്ഞ ദിവസം ഒരു മാളിൽ സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഈ മാൾ തേജസ്വി യാദവിന്റേതാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടുകൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.'മാധ്യമങ്ങൾ കുറച്ചുകൂടി ഗവേഷണം നടത്തണം. മാൾ ഹരിയാന ആസ്ഥാനമായുള്ള ഒരാളുടേതാണ്. ഇത് ഒരു ബി.ജെ.പി എം.പിയാണ് ഉദ്ഘാടനം ചെയ്തത്'-യാദവ് പറഞ്ഞു. 'ഡൽഹിയിൽ ഇരിക്കുന്ന ആളുകൾക്ക് ബിഹാറിന്റെ ആത്മാവ് എന്താണെന്ന് മനസ്സിലാകില്ല. ഭീഷണിപ്പെടുത്തൽ ഇവിടെ പ്രവർത്തിക്കില്ല. മൂന്ന് മരുമക്കളും ഞങ്ങളെ ഭയപ്പെടുത്താൻ പോകുന്നില്ല. വരനില്ലാത്ത ഒരു വിവാഹ ഘോഷയാത്ര പോലെയാണ് ബി.ജെ.പിയുടെ യാത്ര'-തേജസ്വി യാദവ് പരിഹസിച്ചു.
നേരത്തേ പ്രതിപക്ഷത്തിന്‍റെ പിന്തുണയുണ്ടെങ്കിൽ നിതീഷ് കുമാറിന് ശക്തനായ പ്രധാനമന്ത്രി സ്ഥാനാർഥിയാവാൻ കഴിയുമെന്ന് തേജസ്വി യാദവ് പറഞ്ഞിരുന്നു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ പ്രധാനമന്ത്രി സ്ഥാനാർഥിയാവുമെന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു തേജസ്വിയുടെ പരാമർശം. നിതീഷ് കുമാർ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന, സൽപേരുള്ള നേതാവാണെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയുടെ 'ജങ്കിൾ രാജ്' പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച തേജ്വസി ബി.ജെ.പിയുടെ ആരോപണം കേവലം 'ചെന്നായയുടെ കരച്ചിൽ പോലെ'യാണെന്നും പരിഹസിച്ചു. ബീഹാറിലെ മഹാസഖ്യ സർക്കാർ രാജ്യത്തെ പ്രതിപക്ഷത്തിന്‍റെ ഐക്യത്തിന് അടിത്തറയിട്ടെന്നും രാജ്യത്തിനുമുമ്പിലുള്ള വലിയ വെല്ലുവിളി മിക്കപാർട്ടികളും തിരിച്ചറിഞ്ഞതായാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഗസ്റ്റ് പത്തിനാണ് ബി.ജെ.പിയെ ഭരണത്തിൽനിന്ന് പുറന്തള്ളി ജെ.ഡി.യു, ആർ.ജെ.ഡി, കോൺഗ്രസ്, ഇടതുപാർട്ടികൾ എന്നിവ ഉൾപ്പെട്ട മഹാസഖ്യം ബീഹാറിൽ അധികാരത്തിലെത്തിയത്. നിതീഷ്-തേജസ്വി കൂട്ടുക്കെട്ട് ബിഹാറില്‍ ഇത് രണ്ടാം തവണയാണ് അധികാരത്തില്‍ വരുന്നത്. 2015-ലായിരുന്നു നിതീഷിന്റേയും തേജസ്വിയുടേയും നേതൃത്വത്തിലുള്ള ആദ്യ മഹാസഖ്യ സര്‍ക്കാര്‍ അധികാരത്തിലേറിയത്. 2017ൽ ആര്‍.ജെ.ഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച നിതീഷ് ബി.ജെ.പിയുമായുള്ള ബന്ധം പുനഃസ്ഥാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.