ന്യൂഡൽഹി: മോദിസർക്കാറിന്റെ 10 വർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറയാൻ രാഷ്ട്രപതിയുടെ പാർലമെന്റ് പ്രസംഗത്തിൽ ശ്രമിച്ചപ്പോൾ ‘മോദി ഗാരന്റി’യെക്കുറിച്ച് മൗനം പാലിച്ചത് എന്തുകൊണ്ടാണെന്ന് കോൺഗ്രസ്. രണ്ടു കോടി തൊഴിലവസരങ്ങൾ ഓരോ വർഷവും ലഭ്യമാക്കുമെന്നായിരുന്നു നരേന്ദ്ര മോദി അധികാരത്തിൽ വരാൻ നടത്തിയ ഒരു വാഗ്ദാനം. എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ എത്തിക്കുമെന്ന പ്രലോഭനവും ഉണ്ടായി. കള്ളപ്പണം തടയുമെന്നു പറഞ്ഞു. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന വാഗ്ദാനവും പാഴായി. ജനാധിപത്യ, ഭരണഘടനാ സംവിധാനങ്ങളുടെ അന്തസ്സ് കളയുന്ന പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. 146 എം.പിമാരെ സസ്പെൻഡ് ചെയ്ത പാർലമെന്റിലാണ് മൂന്നു ദിവസം കൊണ്ട് 14 ബില്ലുകൾ പാസാക്കിയത്.
ലോക്സഭയിൽ 172ൽ 64 ബില്ലുകൾ പാസാക്കിയത് ഒരു മണിക്കൂർ പോലും ചർച്ചയില്ലാതെയാണ്. ലോക്സഭക്ക് ഡെപ്യൂട്ടി സ്പീക്കർ പദവിതന്നെ ഇല്ലാതാക്കി. അഞ്ചു വർഷം കാലാവധി തികച്ച ലോക്സഭകൾ സമ്മേളിച്ച ദിവസങ്ങൾ 17-ാം ലോക്സഭ സമ്മേളിച്ചിട്ടില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.
അയോധ്യയിലെ രാമക്ഷേത്രം സർക്കാറിന്റെ മികവിനുള്ള ഉദാഹരണമായി പരാമർശിച്ച രാഷ്ട്രപതിയുടെ പ്രസംഗം ജനാധിപത്യ മതനിരപേക്ഷ രാജ്യത്തിന്റെ നയ പ്രഖ്യാപനമാണോയെന്ന് സി.പി.എം ചോദിച്ചു. ജനങ്ങളുടെ നൂറ്റാണ്ടുകളായുള്ള ആഗ്രഹം യാഥാർഥ്യമായിരിക്കുന്നു എന്നാണ് സർക്കാറിന്റെ നേട്ടങ്ങൾ പരാമർശിക്കുന്ന ഭാഗത്ത് രാഷ്ട്രപതി പറഞ്ഞത്. ബി.ജെ.പി ഭരണത്തിന് കീഴിൽ രാജ്യം ഏതു രീതിയിലാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ പരാമർശമെന്ന് എളമരം കരീം എം.പി പറഞ്ഞു. ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തുകളഞ്ഞ നടപടിയും നേട്ടമായി പറഞ്ഞിട്ടുണ്ട്. ജനാധിപത്യ ധ്വംസനവും വർഗീയവത്കരണവുമാണ് സർക്കാർ നയമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് ഇതിലൂടെ ചെയ്തത് -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.