തേജസ് വിമാനം
അഞ്ച് തേജസ് യുദ്ധവിമാനങ്ങൾ കൈമാറാൻ സജ്ജം; ഒമ്പതെണ്ണം നിർമാണത്തിന്റെ അവസാന ഘട്ടത്തിൽ -എച്ച്.എ.എൽ
ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി (ഐ.എ.എഫ്) നിർമിക്കുന്ന അത്യാധുനിക തേജസ് (Tejas Mk1A) യുദ്ധവിമാനങ്ങളുടെ വിതരണത്തെക്കുറിച്ച് വ്യക്തത വരുത്തി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (HAL). അഞ്ച് തേജസ് വിമാനങ്ങൾ കൈമാറാൻ പൂർണ്ണ സജ്ജമാണെന്നും ഒമ്പതെണ്ണം ഇതിനകം നിർമ്മിച്ച് പരീക്ഷണ പറക്കൽ പൂർത്തിയാക്കിയതായും കമ്പനി വ്യാഴാഴ്ച അറിയിച്ചു.
വിമാനങ്ങളുടെ കൈമാറ്റം വീണ്ടും വൈകുമെന്നും 2026 മേയ് മാസത്തിന് ശേഷമേ ഇത് നടക്കാൻ സാധ്യതയുള്ളൂവെന്നും ഉള്ള മാധ്യമ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് എച്ച്.എ.എൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഈ വിശദീകരണം നൽകിയത്. കരാറിൽ പറഞ്ഞിട്ടുള്ള എല്ലാ നൂതന സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് അഞ്ച് വിമാനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ബാക്കിയുള്ള ഒമ്പത് വിമാനങ്ങൾ കൂടി തയ്യാറാക്കാൻ അമേരിക്കൻ കമ്പനിയായ ജി.ഇ എയ്‌റോസ്‌പേസിൽ നിന്നുള്ള എഞ്ചിനുകൾ കൂടി ലഭിക്കേണ്ടതുണ്ട്. എഞ്ചിനുകൾ ലഭിക്കുന്ന മുറയ്ക്ക് ഈ വിമാനങ്ങളും വ്യോമസേനയ്ക്ക് കൈമാറുമെന്ന് കമ്പനി വ്യക്തമാക്കി.
നിലവിൽ അഞ്ച് എഞ്ചിനുകൾ ജി.ഇയിൽ നിന്ന് ലഭ്യമായിട്ടുണ്ട്. വരും മാസങ്ങളിൽ കൂടുതൽ എഞ്ചിനുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യോമസേനയുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും ഈ സാമ്പത്തിക വർഷം തന്നെ വിതരണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും എച്ച്.എ.എൽ അറിയിച്ചു.
അതേസമയം, വിമാനങ്ങളുടെ ഏവിയോണിക്സ് സംയോജനത്തിലും സർട്ടിഫിക്കേഷനിലും കാലതാമസം നേരിടുന്നുണ്ടെന്നും വിതരണ കാലാവധി 2026 മാർച്ചിലേക്ക് മാറ്റിയിട്ടുണ്ടെന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഏകദേശം 180 തേജസ് എം.കെ.1എ വിമാനങ്ങൾക്കായി രണ്ട് ഘട്ടങ്ങളിലായാണ് വ്യോമസേന ഓർഡർ നൽകിയിരിക്കുന്നത്. വിമാനങ്ങളുടെ നിർമാണത്തിൽ സ്വകാര്യ കമ്പനികളെ ഉൾപ്പെടുത്തിയെന്ന റിപ്പോർട്ടുകളെ തുടർന്ന് എച്ച്.എ.എൽ ഓഹരികൾ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ അഞ്ച് ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.