നരേന്ദ്ര മോദി സർക്കാറിന് എന്നെക്കുറിച്ച് വലിയ നല്ല അഭിപ്രായമൊന്നുമില്ലെന്നത് ഒ രു രഹസ്യമല്ല. അരുൺ ജെയ്റ്റ്ലിയുമായി സൗഹൃദത്തിലാണ് എന്ന കാര്യം മാറ്റിനിർത്തിയാൽ ഞാൻ എക്കാലത്തും നല്ല ബന്ധം പുലർത്തിയിരുന്ന ഒരു വലിയ ശതമാനം പേരും ശ്രീമാൻ മോദി പ്രധാനമന്ത്രി ആയി ഒരു കൊല്ലമായപ്പോഴേക്കും എന്നെ ഒഴിവാക്കാൻ കാരണങ്ങളോ ഒഴികഴിവുകളോ കണ്ടെത്തിയിരുന്നു. പ്രതിപക്ഷത്തെ നേതാക്കളായിരുന്ന കാലത്ത് എപ്പോൾ ആവശ്യപ്പെട്ടാലും അഭിമുഖങ്ങൾക്ക് തയാറായിരുന്ന രവിശങ്കർ പ്രസാദിനെയും പ്രകാശ് ജാവദേക്കറിനെയും വെങ്കയ്യനായിഡുവിനെയും പോലുള്ളവർ 2014 കഴിഞ്ഞതോടെ എനിക്കു മുന്നിൽ വാതിൽ കൊട്ടിയടയ്ക്കാൻ തുടങ്ങി. നിർമല സീതാരാമനെപ്പോലെ മറ്റു ചിലർ അഭിമുഖത്തിന് സമ്മതിച്ച് ദിവസവും നിശ്ചയിച്ച് ഒരുക്കങ്ങളുടെ അവസാന നിമിഷത്തിൽ കാരണമൊന്നും പറയാതെ പിൻവാങ്ങിയ സംഭവങ്ങളുമുണ്ട്.
എെൻറ ടി.വി പരിപാടികളിലേക്കുള്ള ക്ഷണം ബി.ജെ.പി വക്താക്കൾ നിരന്തരമായി നിരസിക്കാൻ തുടങ്ങിയപ്പോഴാണ് ഞാൻ അനഭിമതനാണ് എന്ന കാര്യം വ്യക്തമാവാൻ ആരംഭിച്ചത്. ആദ്യമൊക്കെ അവർ തിരക്കിലായതുകൊണ്ടാവുമെന്ന് ഞാൻ അനുമാനിച്ചിരുന്നു. പിന്നെയത് പതിവായപ്പോൾ എന്തേലും പ്രശ്നമുണ്ടോയെന്ന് സംബിത് പത്രയോട് ഞാൻ അന്വേഷിച്ചു. പരിഭ്രമം കലർന്ന ശബ്ദത്തിൽ രഹസ്യമാക്കി വെക്കണമെന്ന ഉപാധിയോടെ, ബി.ജെ.പി വക്താക്കളാരും എെൻറ പരിപാടികളിൽ പെങ്കടുക്കരുതെന്ന് നിർദേശം ലഭിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തി. പിന്നീട് മന്ത്രിമാരായിരുന്നു. ഏതു നേരത്തും അഭിമുഖങ്ങൾക്ക് തയാറായിരുന്ന, ചോദ്യങ്ങളെ ആസ്വദിച്ചു നേരിട്ടിരുന്ന അവർ പൊടുന്നനെ മറുപടി നൽകാത്ത ടെലിഫോൺ നമ്പറുകളായി മാറി. സോറി, സാറ് തിരക്കിലാണെന്ന് പറയാൻ പറഞ്ഞു എന്ന മറുപടി മാത്രമാണ് അവരുടെ സെക്രട്ടറിമാർക്ക് ആവർത്തിക്കാനുണ്ടായിരുന്നത്.
പാർട്ടി വക്താക്കളും മന്ത്രിസഭയിലെ സഹപ്രവർത്തകരും എെൻറ ക്ഷണത്തിന് മറുപടി പോലും നൽകാത്ത അവസ്ഥയിലും എന്നെ വിശ്വസിക്കുകയും എെൻറ പരിപാടികളിൽ പെങ്കടുത്തു പോരുകയും ചെയ്തിരുന്ന ഒരേ ഒരാൾ പ്രകാശ് ജാവദേക്കർ ആയിരുന്നു. പെെട്ടന്നൊരു നാൾ അദ്ദേഹത്തിനും മനസ്സുമാറ്റമായി. മേരി പാർട്ടി ആപ്സേ േക്യാം നാരാസ് ഹേ? എന്താ പാർട്ടി താങ്കളോട് ഇത്ര ദേഷ്യത്തിലായിരിക്കുന്നത് കരൺ, എന്തുപറ്റി, താങ്കൾക്ക് അഭിമുഖം നൽകരുതെന്നാണ് പറഞ്ഞിരിക്കുന്നെതന്ന് അദ്ദേഹം വിളിച്ചു പറയുേമ്പാഴാണ് അക്കാര്യം വ്യക്തമായത്. എന്നെ ബഹിഷ്കരിക്കണമെന്ന നിർദേശം അദ്ദേഹത്തെ അമ്പരപ്പിച്ചതായി തോന്നി. വിഷയം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് വിളിച്ച് ഉപദേശവും നൽകി: ആപ് അധ്യക്ഷ്ജി സേ മിലേ ഒൗർ ഇസ്കോ സോർട്ട് ഒൗട്ട് കരേ (താങ്കൾ പാർട്ടി അധ്യക്ഷനെ കണ്ട് പരിഹാരമുണ്ടാക്കൂ).
എനിക്ക് അറിയാമെന്നതുകൊണ്ട് ഞാൻ ആദ്യം വിളിച്ചത് അരുൺ ജെയ്റ്റ്ലിയെയാണ്. ധനകാര്യ മന്ത്രാലയത്തിൽവെച്ച് സംസാരിക്കവെ ഒരു പ്രശ്നവുമില്ലെന്നും ഞാൻ എന്തൊക്കെയോ സങ്കൽപിച്ചു കൂട്ടുന്നതാണെന്നും എല്ലാം ശരിയാവുമെന്നും പറഞ്ഞു അദ്ദേഹം. ബഹിഷ്കരണം തുടർന്നതോടെ ഞാൻ വീണ്ടും അരുണിനെ വിളിച്ചു. പ്രശ്നങ്ങളൊന്നുമില്ല എന്നു നിഷേധിക്കുന്നത് അദ്ദേഹം നിർത്തിയിരുന്നു, പകരം എല്ലാം കെട്ടടങ്ങുമെന്നാണ് പറഞ്ഞത്്. കെട്ടടങ്ങണമെങ്കിൽ അവിടെ എന്തോ പ്രശ്നം പുകയുന്നുണ്ടാവുമല്ലോ എന്ന ചോദ്യത്തിന് മറുപടിയായി അരുൺ െവറുതെ ചിരിക്കുക മാത്രം ചെയ്തു. പ്രശ്നം എന്തായാലും അരുൺ (ജെയ്റ്റ്ലി) വിചാരിച്ചാൽ പരിഹരിക്കാനാവുന്നതല്ല എന്നെനിക്ക് ബോധ്യപ്പെട്ടു. സഹായിക്കാൻ അദ്ദേഹം കാണിച്ച സന്നദ്ധതയിൽ എനിക്ക് ഇപ്പോഴുമില്ല സംശയം.
പിന്നെയുമെന്തെങ്കിലും സംശയങ്ങൾ അവശേഷിച്ചിരുന്നുവെങ്കിൽ അത് ബി.െജ.പി ജനറൽ സെക്രട്ടറി രാം മാധവ് തീർത്തു തന്നു. 2017 ജനുവരിയുടെ തുടക്കത്തിൽ അദ്ദേഹത്തോട് അഭിമുഖം ആവശ്യപ്പെടുകയും എെന്ന അത്ഭുതപ്പെടുത്തിക്കൊണ്ട് അതിനു സമ്മതമറിയിക്കുകയും ചെയ്തു. റെക്കോഡിങ് ജനുവരി 16ന് നിശ്ചയിച്ചു, ഞാൻ അദ്ദേഹത്തെ നന്ദി അറിയിച്ചു. അദ്ദേഹത്തിെൻറ പ്രതികരണം എന്നെയും പ്രൊഡ്യൂസർ അരവിന്ദ് കുമാറിനെയും ഞെട്ടിച്ചുകളഞ്ഞു. നിങ്ങൾ നന്ദി പറയും, പക്ഷേ, എെൻറ സഹപ്രവർത്തകർ പറയില്ല, ഞാൻ ഇൗ അഭിമുഖം നൽകിയാൽ അവർക്ക് ഇഷ്ടമാവില്ല. പക്ഷേ, ആളുകളെ ബഹിഷ്കരിക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.
അങ്ങനെയാണ് അമിത് ഷായെ കണ്ടുകളയാമെന്ന് ഞാൻ തീരുമാനിക്കുന്നത്. കുറെയേറെ എഴുത്തുകൾക്കും ഫോൺ വിളികൾക്കുമൊടുവിൽ ഹോളിക്ക് ശേഷം കാണാമെന്ന് അദ്ദേഹം സമ്മതിച്ചു. അക്ബർ റോഡിലെ അദ്ദേഹത്തിെൻറ വസതിയിൽ നടന്ന കൂടിക്കാഴ്ച ഒരുപാട് നേരം നീണ്ടതായിരുന്നില്ല, പക്ഷേ, എെൻറ കാര്യങ്ങളെല്ലാം ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് പ്രതികരിക്കാനും പോന്നതായിരുന്നു. ആദ്യം ബി.െജ.പി വക്താക്കളും പിന്നെ മന്ത്രിമാരും എെൻറ പരിപാടികളിൽ പെങ്കടുക്കാൻ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് വന്നു കാണുന്നതെന്ന് ഞാൻ പറഞ്ഞു. പെങ്കടുക്കരുതെന്ന് വിലക്കുള്ളതായി പല വക്താക്കളും രഹസ്യമായി പറഞ്ഞിട്ടുണ്ട്, ഇപ്പോൾ പല മുതിർന്ന മന്ത്രിമാരും അതു പറയുന്നു. എന്താണ് പ്രശ്നം എന്ന് അറിയാനാണ് ഞാൻ വന്നതെന്നും ഞാൻ ആരെയെങ്കിലും അസ്വസ്ഥപ്പെടുത്തുകയോ അരുതാത്തത് പറയുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമാപണം നടത്തുന്നതിന് ഒരു വൈമനസ്യവുമില്ലെന്നും അറിയിച്ചു.
പക്ഷേ, ഞാൻ എന്താണ് ചെയ്തത്?
ഞാൻ പറയുന്നതെല്ലാം അമിത് ഷാ നിശ്ശബ്ദം ഇരുന്നു കേട്ടു. ഒന്നോ ഏറിയാൽ രണ്ടോ മിനിറ്റുകളേ കാര്യം വിശദീകരിക്കാൻ ഞാനെടുത്തുള്ളൂ. ആ വീടിെൻറ വിശാലമായ സ്വീകരണ മുറിയിൽ ഞങ്ങൾ രണ്ടുപേരും മാത്രമാണുണ്ടായിരുന്നത്. പൂന്തോട്ടത്തിന് അഭിമുഖമായി ചാരുകസേരയിൽ അദ്ദേഹവും അതിനരികിലൊരു സോഫയിൽ ഞാനും സൗഹൃദസ്വരത്തിൽ, അതുമല്ലെങ്കിൽ ശബ്ദത്തിലോ പെരുമാറ്റത്തിലോ എതിർപ്പിെൻറ ലാഞ്ഛനപോലുമില്ലാത്ത തരത്തിൽ കരൺ ജി എന്നു വിളിച്ച് പറഞ്ഞു തുടങ്ങി. ഞാൻ സാഹചര്യത്തെ തെറ്റായി മനസ്സിലാക്കിയിരിക്കുകയാണെന്ന് അദ്ദേഹം വാദിച്ചു. എെൻറ പരിപാടികൾ ബഹിഷ്കരിക്കാൻ വക്താക്കൾക്കോ മന്ത്രിമാർക്കോ ഒരു നിർദേശവും നൽകിയിട്ടില്ല എന്ന വാദവും ആവർത്തിച്ചു. ഒടുവിൽ കാര്യങ്ങൾ ഒന്നു കൂടി തിരക്കി 24 മണിക്കൂറിനകം വിളിക്കാം എന്ന ഉറപ്പും നൽകി.
പ്രശ്നം എന്തുതന്നെയായിരുന്നാലും പരിഹൃതമായെന്ന വിശ്വാസം എനിക്കുണ്ടായി. പക്ഷേ, ആ വിശ്വാസം അടിമുടി തെറ്റായിരുന്നു. അമിത് ഷാ പിന്നെ വിളിച്ചതേയില്ല. അടുത്ത ആറാഴ്ചകളിൽ ഒരു പിടി കത്തുകൾ ഞാൻ എഴുതിയിട്ടുണ്ടാവും, ഏകദേശം 50 തവണയെങ്കിലും വിളിക്കുകയോ സന്ദേശമയക്കുകയോ ചെയ്തിട്ടുമുണ്ടാവും. ഒരു മറുപടിയും കിട്ടിയില്ല. പക്ഷേ, കാര്യങ്ങൾ വ്യക്തമായി തെളിയാൻ തുടങ്ങി. മറുപടി പറയാൻ അമിത് ഷാ വീഴ്ച വരുത്തിയതോെട ഞാനീക്കാര്യം കൂടുതൽ ആഴത്തിൽ ആലോചിക്കാൻ തുടങ്ങി, വെറുതെ എന്തെങ്കിലും പറയുകയും പാഴ്വാഗ്ദാനം നൽകുകയും ചെയ്യുന്ന ആളായി അമിത് ഷായെ ഞാൻ കരുതിയിരുന്നില്ല. മറ്റെന്തെങ്കിലും അഥവാ മറ്റാരെങ്കിലും അദ്ദേഹത്തെ തടഞ്ഞിട്ടുണ്ടാവാം. അങ്ങനെയാണ് മിക്കവാറും ഇത് നരേന്ദ്ര മോദിയുടെ പ്രശ്നമായിരിക്കുമെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങിയത്.
കൂടുതൽ അതേക്കുറിച്ച് ആലോചിച്ചതോടെ അതു കൂടുതൽ തീർച്ചപ്പെടുന്നതായി തോന്നി. ആ സമയത്ത് എെൻറ പക്കൽ തെളിവുകളേതുമില്ലായിരുന്നു, പക്ഷേ, അങ്ങയെല്ലാതെ മറ്റെന്തു കാരണംകൊണ്ടാണ് ബി.ജെ.പി വക്താക്കൾ പൊടുന്നനെ ക്ഷണം നിരസിക്കുന്നത്, അഭിമുഖത്തിന് സമ്മതിച്ച മന്ത്രിമാർ അവ പിന്നീട് റദ്ദാക്കുന്നത്, ജാവദേക്കറുടെയും ജെയ്റ്റ്ലിയുടെയും വാക്കുകളും പെരുമാറ്റവും, ഒടുവിൽ 24 മണിക്കൂറിനകം മറുപടി നൽകാമെന്നേറ്റ അമിത് ഷാ പൊടുന്നനെ മൗനിയാവുന്നത്. പ്രശ്നം 2007ൽ ശ്രീമാൻ മോദി മുഖ്യമന്ത്രി പദത്തിൽ രണ്ടാമൂഴം നേടാനായി ജനവിധി തേടുന്ന വേളയിൽ അദ്ദേഹവുമായി ഞാൻ നടത്തിയ, വെറും മൂന്നു മിനിറ്റിനുള്ളിൽ അദ്ദേഹം ഇറങ്ങിപ്പോയ അഭിമുഖമാണോ? സാധ്യതയുണ്ട്. പക്ഷേ, അതിനും മുേമ്പ പ്രശ്നമുണ്ടെന്ന് ഞാൻ സംശയിച്ചു. പ്രശ്നങ്ങളുടെ മൂലകാരണം ഗോധ്ര ദുരന്തത്തിനും നിരപരാധികളായ മുസ്ലിംകളുടെ നിഷ്ഠുര കൊലപാതകങ്ങൾക്കും തൊട്ടുപിന്നാലെ മാർച്ച് 2002ൽ ഞാൻ എഴുതിയ സൺഡേ സെൻറിമെൻറ്സ് കോളം ആണെന്ന് വേഗത്തിൽ തിരിച്ചറിയുകയും ചെയ്തു. എന്തായാലും ഇത് മോദിയോട് നേരിട്ട് സംസാരിക്കേണ്ട സമയമാണെന്ന് ഞാൻ തീരുമാനിച്ചു. ഒരുപക്ഷേ, ഒരു തുറന്ന സംസാരം ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾക്ക് മാറ്റം വരുത്തിയേക്കും. സാധ്യത കുറവാണെന്ന് എനിക്കു തോന്നിയെങ്കിലും ഒരു ശ്രമം നടത്തുന്നത് വെറുതെയാവില്ല എന്നു തോന്നി. അതുകൊണ്ട് ദേശീയ സുരക്ഷാ ഉപദേഷ്്ടാവ് അജിത് ഡോവലിനെ ഞാൻ വിളിച്ചു, അദ്ദേഹത്തിെൻറ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയെയും വിളിച്ചു. രണ്ടു സംഭാഷണങ്ങളും ഒരേ ദിവസം 2017 മേയ് ഒന്നിനാണ് നടന്നത്.
ഒാഫിസിലേക്കയച്ച സന്ദേശത്തിന് മറുപടിയായി നൃപേന്ദ്ര മിശ്ര വിളിച്ചു. മോദിയെ കാണണമെന്നും എന്തുകൊണ്ടാണ് അദ്ദേഹത്തിെൻറ മന്ത്രിമാരും പാർട്ടിയും എന്നെ ബഹിഷ്കരിക്കുന്നത് എന്നറിയാൻ വേണ്ടിയാണെന്നും ബോധപൂർവമല്ലാതെ പ്രധാനമന്ത്രിയും അസ്വസ്ഥപ്പെടുത്തുന്ന എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അതിനു ഖേദം പ്രകടിപ്പിക്കാൻ എനിക്കു സന്തോഷമേയുള്ളൂവെന്നും വ്യക്തമാക്കി. പക്ഷേ, എന്താണതെന്നറിയണം. പത്തു വർഷം മുമ്പ് നടത്തിയ അഭിമുഖത്തിെൻറ പേരിലാണിതെന്ന് കരുതുന്നില്ലെന്നും ഞാൻ പറഞ്ഞു. മോദിയുമായി സംസാരിച്ച ശേഷം ബന്ധപ്പെടാമെന്നു പറഞ്ഞു മിശ്ര. ഞാൻ അജിത് ഡോവലിനോടും ഇതേ കാര്യം ആവർത്തിച്ചു. നൃപേന്ദ്ര മിശ്രയുടെ മറുപടി വന്ന ശേഷം നോക്കമെന്ന് പറഞ്ഞു. കാര്യങ്ങൾ പരിഹരിക്കാൻ മിശ്രക്ക് കഴിഞ്ഞേക്കുമെന്നും ഇനി അതിനായില്ലെങ്കിൽ മോദിയുമായി നേരിട്ട് ഇക്കാര്യം സംസാരിക്കാമെന്നും ഡോവൽ അറിയിച്ചു. മൂന്നു നാൾ കഴിഞ്ഞ് നൃപേന്ദ്ര മിശ്ര വിളിച്ചു. മോദിയുമായി സംസാരിച്ചെന്നും പ്രധാനമന്ത്രിയുമായി കാണുന്നതുകൊണ്ട് കാര്യമില്ലെന്ന ധ്വനിയാണ് ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എനിക്കദ്ദേഹത്തെക്കുറിച്ച് മുൻവിധിയുള്ളതായും എെൻറ മനോഭാവം മാറാൻ സാധ്യതയില്ലെന്ന് പ്രധാനമന്ത്രി കരുതുന്നതായും മിശ്ര പറഞ്ഞു. അമിത് ഷാ തിരിച്ചുവിളിക്കാതിരിക്കാൻ കാരണവും ഇതുതന്നെയാണെന്നും. അദ്ദേഹവും മോദിയുമായി ഇക്കാര്യം സംസാരിച്ചപ്പോൾ ഇമ്മട്ടിലുള്ള മറുപടിതന്നെയാവും കിട്ടിയിരിക്കുക.
ഇനി കാര്യമായൊരു സാധ്യതയുമില്ല എന്നറിഞ്ഞിട്ടും ഞാൻ ഡോവലിനെ വിളിച്ചു. മിശ്ര പറഞ്ഞത് ഇങ്ങനെയാണെന്നറിയിച്ചു. നിശ്ശബ്ദമായി കേട്ടശേഷം ഇങ്ങനെ മാത്രം പറഞ്ഞു: ‘‘കാര്യങ്ങൾ ശരിയാകുമെന്ന് നമുക്ക് ആശിക്കാം. പക്ഷേ, അതിനു സമയമെടുത്തേക്കും.’’ അതോടെ പ്രശ്നത്തിെൻറ കാരണമെന്തെന്ന് എനിക്ക് മനസ്സിലായി. ഞാൻ നരേന്ദ്ര മോദിയെ വേദനിപ്പിച്ചിരിക്കുന്നു, അതിെൻറ ഫലമാണിത്. എപ്പോഴാണ് ഇൗ ദ്രോഹം സംഭവിച്ചത് എന്നതു മാത്രമാണ് വ്യക്തമല്ലാത്തത്. 2007ലെ അഭിമുഖമോ അതോ മാർച്ച് 2002ലെ സൺഡേ സെൻറിമെൻറ്സ് കോളമോ? വർഷങ്ങൾകൊണ്ട് ബലപ്പെട്ടതാവാമെന്നാണ് ഞാൻ കരുതുന്നത്, തുടക്കം പോ മോദീ , ഇപ്പോൾ തന്നെ ഇറങ്ങിപ്പോകൂ എന്ന ആ ലേഖനം തന്നെയാവും.
ഇങ്ങനെയായിരുന്നു അത്: ഞാൻ കരുതിയത് നരേന്ദ്ര മോദിയെ എനിക്ക് അറിയാമെന്നാണ്. ഇൗയടുത്തുവരെ ഞാൻ ബഹുമാനിക്കുകയും അദ്ദേഹത്തിെൻറ ഉപദേശങ്ങളോട് കടപ്പെടുകയും ചെയ്തിരുന്നു. 2000ൽ ആർ.എസ്.എസ് സർസംഘചാലകുമായി ഒരു അഭിമുഖത്തിനൊരുങ്ങവെ സംഘത്തെക്കുറിച്ചറിയാനും അതിെൻറ ബലഹീനതകൾ മനസ്സിലാക്കാനും അദ്ദേഹമെന്നെ സഹായിച്ചിരുന്നു. അതീവ നിഷ്പക്ഷതയോടെ സംഘടനയുടെ പ്രവർത്തന രീതിയിലെ നിലവാരമില്ലായ്മയെക്കുറിച്ച് എന്നെ ബോധവാനാക്കി. ആർ.എസ്.എസിെൻറ പ്രസക്തി നഷ്ടമാവുന്നതിനെക്കുറിച്ച് സുദർശൻജിയോട് ചോദിക്കണം, ഒൗന്നത്യം നിലനിർത്തുന്നതിൽ സംഘം ഇപ്പോൾ താൽപര്യപ്പെടുന്നേയില്ല, പ്രവർത്തനങ്ങളിലൊന്നും നിലവാരമില്ല...അങ്ങനെയാണ് അദ്ദേഹം ചർച്ച ആരംഭിച്ചത്.
താങ്കൾ എന്താണ് ഉദ്ദേശിച്ചത്, ഞാൻ അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിച്ച വാക്കുകളായിരുന്നില്ല അതൊന്നും, ഒരു ആർ.എസ്.എസ് പ്രചാരകൻ എന്ന നിലയിൽ സംഘത്തെ പ്രതിരോധിക്കുന്ന ആളായാണ് ഞാൻ കരുതിയത്, വിമർശനകനായല്ല. ആർ.എസ്.എസ് 20,000 സ്കൂളുകളും 50 പത്രങ്ങളും നടത്തുന്നുണ്ട്. പക്ഷേ, ഒന്നിനുപോലും ദേശീയ നിലവാരം കൈവരിക്കാനായിട്ടില്ല. ആർ.എസ്.എസ് സാമൂഹിക സേവനങ്ങൾക്കായി സമർപ്പിതമാണ്, പക്ഷേ, സായിബാബ, രാധാ സോമി, പാണ്ഡുരംഗ് അതാവലെയുടെ സ്വാധ്യായ സംഘവും മറ്റുമാണ് ഇൗ മേഖലയിലെ പ്രമുഖർ. ആർ.എസ്.എസിനെ ആരും ഗണിക്കുന്നുപോലുമില്ല. ഞാൻ ഞെട്ടിപ്പോയി. മോദി വിമർശിച്ചതുകൊണ്ടല്ല, ആർ.എസ്.എസിനുള്ളിൽ നിന്ന് ഉയരുന്ന ആക്രമണ നിരയെക്കുറിച്ച് വ്യക്തമാക്കിത്തരുകയായിരുന്നു അദ്ദേഹം. ഇത് പരമ്പരാഗതമായ മുഷിപ്പൻ ഇടതുപക്ഷ വിമർശനമായിരുന്നില്ല. പൊള്ളുന്ന വലതുപക്ഷ മോഹനൈരാശ്യമായിരുന്നു, തീർത്തും വ്യത്യസ്തവുമായിരുന്നു.
ആർ.എസ്.എസ് ശാഖകളിലെ പങ്കാളിത്തത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം- മോദി തുടരുകയാണ്. എനിക്ക് അദ്ദേഹത്തിെൻറ ആവേശം മനസ്സിലാക്കാൻ കഴിയുമായിരുന്നു. അദ്ദേഹമൊരു മാധ്യമ പ്രവർത്തകനെപ്പോലെയാണ് പെരുമാറിയത്, അതെനിക്ക് ഇഷ്ടമായി. അതിലേറെ അദ്ദേഹത്തിെൻറ ആത്മാർഥതയെ ഞാൻ മാനിക്കുകയും ഉപദേശങ്ങൾക്ക് കടപ്പാടു തോന്നുകയും ചെയ്തു. കേരളത്തിലെ കാര്യംതന്നെ നോക്കൂ, ഏറ്റവും വലിയ ആർ.എസ്.എസ് ശാഖയുണ്ടവിടെ, പക്ഷേ, സ്വാധീനം തുച്ഛമാണ്. എങ്കിലോ ആർ.എസ്.എസ് ഇഷ്ടപ്പെടാത്തവയെല്ലാം അവിടെ മുന്നേറുകയും ചെയ്യുന്നു. കമ്യൂണിസ്റ്റുകൾ, ചർച്ച്, സ്വദേശി സമ്പത്തിനു പകരം വിദേശ പണത്തെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥ... അത്തരത്തിൽ അപ്രസക്തമായിരിക്കയാണ് ആർ.എസ്.എസ്. സുദർശൻജിയോട് ഇതൊക്കെ ചോദിക്കണം, എന്നെപ്പോലുള്ള മനുഷ്യരെ അലട്ടുന്ന ഇൗ വിഷയങ്ങൾ ഉയർത്തുേമ്പാൾ ഇതൊരു ഗംഭീര അഭിമുഖമായി മാറും. അദ്ദേഹത്തിെൻറ ഉപദേശങ്ങൾ പിൻപറ്റണമെന്ന് ഞാൻ കരുതിയിരുന്നതാണ്, പക്ഷേ, മണ്ടത്തമെന്നേ പറയേണ്ടൂ, ഞാൻ പതിവ് രീതിയിൽ തന്നെ േചാദ്യങ്ങളാരംഭിച്ചു. ഹിന്ദുരാഷ്ട്രം സംബന്ധിച്ച ആർ.എസ്.എസിെൻറ പ്രതിബദ്ധത, ഭരണഘടന, ബി.ജെ.പിയുടെ സഖ്യം, വാജ്പേയി സർക്കാറിെൻറ പ്രവർത്തനങ്ങൾ...ഇതൊക്കെ ചോദിച്ചപ്പോഴേക്കും സമയം കഴിഞ്ഞുപോയി. മോദി പറഞ്ഞ ചോദ്യങ്ങളെല്ലാം പുറത്തായി.
ആ അഭിമുഖത്തെ പലരും പ്രകീർത്തിക്കുകയും പത്രങ്ങൾ ദയവോടെ സമീപിക്കുകയും ചെയ്തുവെങ്കിലും എനിക്കറിയാം അതു കൂടുതൽ വ്യത്യസ്തവും തനിമയാർന്നതുമാക്കാമായിരുന്നു ശ്രീ മോദി നിർേദശിച്ച ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചിരുന്നുവെങ്കിൽ. ചോദ്യം ചെയ്യാൻ കെൽപ്പുള്ള, വെല്ലുവിളികളെ നേരിടാൻ ധൈര്യപ്പെടുന്ന, രാഷ്ട്രീയ വ്യത്യാസങ്ങൾക്കുപരി തെൻറ വികാരങ്ങൾ പങ്കുവെക്കാൻ തക്ക വിശാലതയുള്ള മനുഷ്യൻ എന്നാണ് അക്കാലത്ത് നരേന്ദ്ര മോദിയെക്കുറിച്ച് ഞാൻ കരുതിയിരുന്നത്. അദ്ദേഹത്തെക്കുറിച്ച് കൂടുതലറിയാമെന്ന് ഞാൻ നടിക്കുന്നില്ല. തീർച്ചയായും എനിക്കദ്ദേഹത്തെ ശരിക്കും അറിയില്ല, പക്ഷേ, അതിെൻറ ആവശ്യമില്ല എന്നെനിക്ക് തോന്നിയിരുന്നു. എന്തെന്നാൽ ഞാൻ കണ്ടതും അറിഞ്ഞതും വെച്ച് ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയുംചെയ്തിരുന്നു. കഷ്ടമെന്നു പറയെട്ട, ഞാൻ തെറ്റിദ്ധരിക്കപ്പെട്ടിരിക്കയായിരുന്നു, അല്ല, അതല്ല ശരി, അത് പൂർണമായി ആത്മാർഥമാവില്ല. തെറ്റിദ്ധരിക്കപ്പെട്ടു എന്ന വാക്ക് ലളിതവത്കരണമായിപ്പോവും, യഥാർഥത്തിൽ ഭയാനകമാം വിധം എനിക്കു തെറ്റു പറ്റിയിരിക്കുന്നു.
ഇൗയിടെയുണ്ടായ ഗുജറാത്ത് വർഗീയ കലാപം കൈകാര്യം ചെയ്ത നരേന്ദ്ര മോദിയുടെ പ്രതിച്ഛായ തീർത്തും വ്യത്യസ്തമായിരുന്നു. ഇൗ പറയപ്പെടുന്ന മോദി കുടുസ് ഹൃദയനും പക്ഷപാതിയും അധമ മനസ്കനും തെൻറതന്നെ പരിമിതികളുടെ തടവുകാരനുമാണ്. അദ്ദേഹത്തിെൻറ അനുഭവമില്ലായ്മയും ഒരു പക്ഷേ മണ്ടത്തം നിറഞ്ഞ ദുരഭിമാനവുമാവാം സൈന്യത്തെ ആദ്യമേ വിളിക്കുന്നതിന് തടസ്സമായത്. ഒരുപക്ഷേ തനിക്ക് ഇൗ സന്ദർഭത്തെ വേറിട്ട രീതിയിൽ ഫലപ്രദമായി കൈകാര്യം ചെയ്യാനാകുമെന്ന് ധരിച്ചു കാണണം. ദുരന്തകാരിയെങ്കിലും ഇത്തരം പാളിച്ചകൾ മാനുഷികമാണ്, പലർക്കും പലപ്പോഴും സംഭവിക്കാവുന്നതുമാണ്. എന്നാൽ ഏതൊരു പ്രവർത്തനത്തിനും ഒരു പ്രതിക്രിയയുണ്ടാകുമെന്ന് അദ്ദേഹം വാദിക്കുേമ്പാൾ, ആൾക്കൂട്ടത്തിനു നേരെ വെടിയുതിർത്തപ്പോഴാണ് സംഭവിച്ചതെന്ന് ഇഹ്സാൻ ജാഫരിയുടെ കൊലപാതകത്തെ വിശദീകരിക്കുേമ്പാൾ, അഹ്മദാബാദിൽ മരിച്ച ഇരകൾക്ക് നൽകിയതിെൻറ ഇരട്ടി നഷ്ടപരിഹാരം ഗോധ്രയിലെ ഇരകളുടെ പേരിൽ നൽകുേമ്പാൾ ധാർമികമായ തെൻറ അൽപത്തം അയാൾ സ്വയം വെളിപ്പെടുത്തുന്നു. ഒരു ഹിന്ദുവിെൻറ ജീവന് മുസ്ലിമിനെക്കാളേറെ മൂല്യം കൽപ്പിക്കുേമ്പാൾ, കൂട്ടക്കുരുതിയെ ന്യായീകരിക്കുേമ്പാൾ അത് തീർത്തും നിന്ദ്യമാണ്.
എനിക്കറിയാമെന്ന് ഞാൻ കരുതിയിരുന്ന മനുഷ്യൻ ഒരു നേതാവായിരുന്നു. സങ്കുചിത ചിന്തകൾക്ക് ഉപരി ഉയർന്നു പ്രവർത്തിക്കാൻ തക്ക വിവേകവും, എതിരാളികളെപ്പോലും സുഹൃത്തുക്കളാക്കാനും മാധ്യമപ്രവർത്തകരുടെ ബഹുമാനം േനടിയെടുക്കാനുമുള്ള കഴിവുമുള്ളയാൾ. കഴിഞ്ഞയാഴ്ച ഞാൻ കണ്ടെത്തിയ മനുഷ്യൻ മുൻവിധികളും പകയും ഇരട്ടത്താപ്പും നിറഞ്ഞ പെരുനുണകൾ വിളിച്ചു പറയുന്ന ഒരു സത്വം മാത്രമാണ്. ആദ്യത്തെ മോദി മുഖ്യമന്ത്രിയാവാൻ തീർത്തും അർഹനായിരുന്നു, രണ്ടാമത്തെയാൾ ആ പദവിയിൽനിന്ന് ആട്ടിപ്പുറത്താക്കപ്പെടേണ്ടയാളും. പതിനേഴ് വർഷങ്ങൾക്കിപ്പുറം ഞാൻ എഴുതിയത് വായിക്കുേമ്പാൾ എനിക്കു മനസ്സിലാവും അത് എത്രമാത്രം പ്രശ്നകരമായിരുന്നുെവന്ന്, ഞാൻ തീർത്തും കൂർത്ത വിമർശനങ്ങളാണ് നടത്തിയിരുന്നത്, വേദനിക്കാൻ ഏറ്റവും സാധ്യതയുള്ള ഇടങ്ങളിൽതന്നെയാണ് അവ പതിച്ചത്.
അതു കഴിഞ്ഞ് അഞ്ചു വർഷങ്ങൾക്കു ശേഷം 2007ലാണ് നരേന്ദ്ര മോദിയുമായുള്ള അഭിമുഖം നടക്കുന്നത്. ഒാർമ ശരിയെങ്കിൽ ഞാൻ അരുൺ െജയ്റ്റ്ലിയുടെ സഹായം തേടിയിരുന്നു. അദ്ദേഹത്തിെൻറ ഇടപെടൽകൊണ്ടാണ് ഗുജറാത്ത് മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ച് സമ്മതിപ്പിക്കാനായത്. ഒക്ടോബറിലെ ഒരു സായാഹ്നത്തിലാണ് അഭിമുഖം തീരുമാനിച്ചിരുന്നത്. ഞാൻ പുലർച്ചയുള്ള വിമാനത്തിൽ അഹ്മദാബാദിലെത്തി. വർഷങ്ങൾ നീണ്ട പുറവാസത്തിനു ശേഷം ബേനസീർ ഭുേട്ടായുടെ കറാച്ചിയിലേക്കുള്ള നാടകീയ തിരിച്ചുവരവിനും അവരുടെ സ്വീകരണ യാത്രക്കിടയിലെ നൂറുകണക്കിനുപേരുടെ ജീവനെടുത്ത ഭീകര ബോംബാക്രമണത്തിനും ശേഷമുള്ള പുലരിയായിരുന്നു അത്. ഉച്ചക്കു ശേഷം നിശ്ചയിച്ചിരുന്ന അഭിമുഖത്തേക്കാളേറെ വിമാനമിറങ്ങുമ്പാൾ എെൻറ മനസ്സിൽ നിറഞ്ഞുനിന്നത് ആ കാര്യങ്ങളായിരുന്നു. ഞാൻ കാറിൽ കയറിയിേട്ടയുള്ളൂ, വിമാനത്താവളത്തിെൻറ പരിസരത്തുനിന്ന് നീങ്ങുന്നതിനു മുമ്പ് ഫോൺ അടിക്കാൻ തുടങ്ങി. കരൺജി എത്തിയോ.. എന്നെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദിയുടെ വിളിയായിരുന്നു. അദ്ദേഹം മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നതിൽ എത്രമാത്രം ശ്രദ്ധാലുവാണ് എന്നതിെൻറ ആദ്യ സൂചന.
അപ്നാ ഇൻറർവ്യൂ തോ ചാർ ബജേ ഹേ, ലേകിൻ തോഡാ പെഹ്ലേ ആനാ, ഗപ്ഷപ്പ് കരേംഗേ (നമ്മൾ അഭിമുഖം നിശ്ചയിച്ചിരിക്കുന്നത് നാലു മണിക്കാണ്, പക്ഷേ കുറച്ച് നേരത്തേ വരൂ, നമുക്ക് സംസാരിച്ചിരിക്കാമല്ലോ) ഒന്നുകിൽ 2002ൽ ഞാൻ എഴുതിയ കോളം വായിച്ചിട്ടില്ല, അല്ലെങ്കിൽ അതേക്കുറിച്ച് മറന്നുപോയിരിക്കുന്നു എന്ന് ഉറപ്പിക്കും വിധത്തിലായിരുന്നു അദ്ദേഹത്തിെൻറ പെരുമാറ്റം. എന്നെ ഉൗഷ്മളമായി സ്വാഗതം ചെയ്യുകയും പഴയ ചങ്ങാതിയോടെന്ന മട്ടിൽ സംസാരിക്കുകയും ചെയ്തു. അഭിമുഖത്തിൽ സംസാരിക്കാനിടയുള്ള കാര്യങ്ങളിലേക്കൊന്നും ഞങ്ങൾ പോയില്ല, പകരം കളി തമാശകളും നേരേമ്പാക്കുകളും പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു. അതെല്ലാം എന്നെ നിരായുധനാക്കാൻ ഉദ്ദേശിച്ച് ചെയ്തതാണോ എന്ന് അപ്പോൾ ഉറപ്പില്ലായിരുന്നു. തന്ത്രശാലികളായ രാഷ്ട്രീയക്കാർ പലപ്പോഴും അത്തരം കപടകൗശലങ്ങൾ പ്രയോഗിക്കാറുണ്ട്. പക്ഷേ, എനിക്കുണ്ടായിരുന്ന ഭയാശങ്കകളെല്ലാം പൊടുന്നനെ അപ്രത്യക്ഷമായി. അര മണിക്കൂറിനു ശേഷം ഞങ്ങൾ കാമറക്ക് മുന്നിലിരുന്നു. മുടി വെട്ടിയൊതുക്കി, ഇളം മഞ്ഞ നിറമുള്ള കുർത്തയണിഞ്ഞാണ് മോദി വന്നത്. എെൻറ ആദ്യ ചോദ്യങ്ങൾ 2002നെക്കുറിച്ചുള്ളതായിരുന്നു. എെൻറ ലക്ഷ്യമെന്തായിരുന്നുവെന്നാൽ, ആദ്യം ഇൗ വിഷയം പറഞ്ഞു തീർക്കുകയും പിന്നീട് മറ്റു വിഷയങ്ങളിലേക്ക് നീങ്ങാം എന്നുമായിരുന്നു. ഇത് ഉന്നയിക്കാതിരുന്നാൽ രഹസ്യധാരണയോ ഭീരുത്വമോ ഉള്ളതായി തോന്നിപ്പോയേനെ. എന്നാൽ എനിക്ക് അതുെകാണ്ട് നിറക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. 2002 ചർച്ച ചെയ്ത് വേഗം മറ്റു കാര്യങ്ങളിലേക്ക് കടക്കാനാണ് ഞാൻ തീരുമാനിച്ചിരുന്നത്. മിസ്റ്റർ മോദി താങ്കളെക്കുറിച്ച് സംസാരിച്ച് തുടങ്ങാം എന്നു പറഞ്ഞാണ് അഭിമുഖം ആരംഭിച്ചത്.
താങ്കൾ ഗുജറാത്ത് മുഖ്യമന്ത്രിയായി ആറു വർഷം കഴിയവെ രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഗുജറാത്തിനെ ഏറ്റവും കാര്യക്ഷമമായ ഭരണ നിർവഹണം നടക്കുന്ന സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ത്യാ ടുഡേ രണ്ട് അവസരങ്ങളിലായി ഏറ്റവും കാര്യപ്രാപ്തിയുള്ള മുഖ്യമന്ത്രിയായി താങ്കളെ വിശേഷിപ്പിച്ചിരിക്കുന്നു. അങ്ങനെയെല്ലാമിരിക്കെ തന്നെ ജനങ്ങൾ ഇപ്പോഴും താങ്കളെ കൂട്ടക്കൊലയാളിയെന്നു വിളിക്കുകയും മുസ്ലിംകൾക്കെതിരെ പ്രതികാരബുദ്ധിയോടെ പെരുമാറുന്നുവെന്ന് ആരോപിക്കുകയും ചെയ്യുന്നു. താങ്കൾക്ക് ഒരു പ്രതിച്ഛായാ പ്രതിസന്ധിയുണ്ടോ?
അദ്ദേഹത്തിന് തെല്ലുപോലും പരിഭ്രമം തോന്നിച്ചില്ല, മുഖത്ത് ഒരു ഭാവമാറ്റവും വന്നില്ല. പ്രസന്നമായി, ഇളക്കമറ്റ രീതിയിൽ അദ്ദേഹമിരുന്നു. എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹം ഇംഗ്ലീഷിൽ പ്രതികരിച്ചു എന്നതാണ്. ഇപ്പോൾ അദ്ദേഹത്തിന് ഏറക്കുറെ ഒഴുക്കോടെ ഇംഗ്ലീഷിൽ സംസാരിക്കാൻ കഴിയുന്നുണ്ടെങ്കിലും അന്ന് അങ്ങനെ ആയിരുന്നില്ല.
ജനങ്ങൾ എന്നു പറയുന്നത് ശരിയാണെന്ന് എനിക്കു തോന്നുന്നില്ല. രണ്ടോ മൂന്നോ ആളുകൾ. അവർ പതിവായി ഇൗ പദങ്ങൾ പ്രയോഗിക്കുന്നുണ്ട്, ഞാൻ എപ്പോഴും പറയുന്നത് അവരെ ദൈവം അനുഗ്രഹിക്കെട്ട എന്നാണ്.
നിങ്ങൾ പറയുന്നത് ഇത് രണ്ടോ മൂന്നോ ആളുകളുടെ ഗൂഢാലോചന മാത്രമാണ് എന്നാണോ?
ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല.
രണ്ടോ മൂന്നോ ആളുകൾ എന്നല്ലേ പറഞ്ഞത്?
ഇതാണ് എനിക്കറിയുന്ന വിവരം. ഇത് ജനങ്ങളുെട ശബ്ദമല്ല,
വാസ്തവത്തിൽ രണ്ടോ മൂന്നോ ആളുകൾ മാത്രമാണ് തന്നെക്കുറിച്ചങ്ങനെ പറയുന്നത് എന്ന മുഖ്യമന്ത്രിയുടെ വാദം ശരിയായിരുന്നില്ല. ചീഫ് ജസ്റ്റിസുൾപ്പെടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുൾപ്പെടെ തുറന്ന കോടതിയിൽ ഇതിനു സാധൂകരിക്കുംവിധം നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ആയതിനാൽ അതു സംബന്ധിച്ച ചോദ്യം ഞാൻ തുടർന്നു.
ഒരു കാര്യം ചൂണ്ടിക്കാണിക്കെട്ട, സെപ്റ്റംബർ 2003ൽ സുപ്രീംകോടതി വ്യക്തമാക്കി അവർക്ക് ഗുജറാത്ത് സർക്കാറിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്ന്. ഏപ്രിൽ 2004ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തുറന്ന കോടതിയിൽ പറഞ്ഞു: നിരപരാധികളും നിരാലംബരുമായ സ്ത്രീകളും കുഞ്ഞുങ്ങളും തീയിൽ നീറുേമ്പാൾ നിങ്ങൾ ഒരു നവകാല നീറോയെപ്പോലെ മറ്റു കാര്യങ്ങളിൽ വ്യാപൃതനായിരുന്നുവെന്ന്. സുപ്രീംകോടതിക്ക് താങ്കളുമായി എന്തോ പ്രശ്നമുണ്ടെന്നാണ് തോന്നുന്നത്.
കരൺ, എനിക്ക് ചെറിയൊരു അപേക്ഷയുണ്ട്. സുപ്രീംകോടതി വിധി ദയവായി ഒന്നു നോക്കുക. അതിൽ ഇപ്രകാരം എഴുതിയിട്ടുണ്ടോ. എനിക്ക് എല്ലാ കാര്യങ്ങളും അറിയുന്നതിൽ സന്തോഷമേയുള്ളൂ. അത് എഴുതിയ വിധിന്യായമല്ല. താങ്കൾ പറഞ്ഞതു ശരിയാണ്, അത് ഒരു നിരീക്ഷണമായിരുന്നു. അത് വിധിന്യായമായിരുന്നുവെങ്കിൽ താങ്കൾക്ക് മറുപടി നൽകാൻ എനിക്കാകുമായിരുന്നു.
പക്ഷേ കോടതിയിൽ വെച്ച് ചീഫ് ജസ്റ്റിസ് നടത്തുന്ന ഒരു വിമർശനം വിഷയമേ അല്ല എന്നു നിങ്ങൾ കരുതുന്നുണ്ടോ?
ഇത് എെൻറ ചെറിയ ഒരു അപേക്ഷയാണ്. താങ്കൾ കോടതി വിധി പരിശോധിക്കൂ, താങ്കൾ പറയുന്ന വാചകം ഉണ്ടോയെന്ന്. ഇന്ത്യയിലെ ജനങ്ങൾ അക്കാര്യം അറിയുന്നതിൽ എനിക്ക് സന്തോഷമേയുള്ളു. അത് ചീഫ് ജസ്റ്റിസ് വെറുതെ പറഞ്ഞു പോയ അഭിപ്രായപ്രകടനമല്ല. 2004 ആഗസ്റ്റിൽ 2100 കേസുകൾ, അതായത് ആകെയുള്ള 4600 കേസുകളുടെ നാൽപതു ശതമാനത്തിലേറെ എണ്ണം സുപ്രീംകോടതി റീ ഒാപൺ ചെയ്തിരുന്നു, മോദിയുടെ ഗുജറാത്തിൽ നീതി ലഭ്യമാവില്ല എന്ന വിശ്വാസമുള്ളതുകൊണ്ടാണ് അതു ചെയ്തത്. ഇൗ വിധിന്യായത്തിൽ ഞാൻ സന്തുഷ്ടനാണ്, എന്തെന്നാൽ, അവസാനത്തിൽ നീതിപീഠം തീരുമാനം കൈക്കൊള്ളുമല്ലോ.
കോടതിയുടെ വിധിന്യായത്തിൽ കുറിച്ചിരിക്കുന്നതും വാക്കാൽ പറഞ്ഞതുമായ കാര്യങ്ങൾ തമ്മിലെ അന്തരം ചൂണ്ടിക്കാണിക്കാനുള്ള ശ്രമത്തിലായിരുന്നു മോദി. എന്നാൽ തെരഞ്ഞെടുപ്പിനെ നേരിടുന്ന ഒരു രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം അത് വിശ്വാസം ജനിപ്പിക്കുന്ന ഒരു ന്യായീകരണമല്ല. ചീഫ് ജസ്റ്റിസ് നിങ്ങളെ വിമർശിച്ചുവെങ്കിൽ പിന്നെയത് എഴുതിയാണോ വാക്കാലാണോ എന്നതിന് കാര്യമായ പ്രസക്തിയില്ല. മറ്റൊരു പ്രധാന കാര്യമെന്തെന്നാൽ ഇൗ വിമർശനം എല്ലാ പത്രങ്ങളും ഒന്നാം പേജിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. രണ്ടാമത് തെരഞ്ഞെടുപ്പിൽ മോദി നേരിട്ടിരുന്ന പ്രധാന പ്രതിച്ഛായാ പ്രശ്നവും അതുതന്നെയായിരുന്നു. വാചക കസർത്തുകൊണ്ട് മറക്കാൻ പറ്റുന്നതായിരുന്നില്ല ഇൗ പ്രശ്നം. ഇക്കാര്യമാണ് ഞാൻ ഉന്നയിക്കാൻ ശ്രമിച്ചത്.
ദുഃഖകരവും മണ്ടത്തവുമെന്നു പറയെട്ട, ആ നേരം എനിക്കറിയുമായിരുന്നില്ല ഞാൻ ഉദ്ധരിച്ച നവകാല നീറോ പരാമർശം അക്കാലത്തെ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതുപോലെ വാക്കാൽ പറഞ്ഞതല്ല. മറിച്ച്, സുപ്രീംകോടതിയുടെ ഒൗപചാരിക വിധിന്യായത്തിെൻറ ഭാഗമാണ്. മൂന്നു മിനിറ്റ് ഇൻറർവ്യൂ കണ്ട ശേഷം ടീസ്റ്റാ സെറ്റൽവാദാണ് എനിക്കീ വിവരങ്ങൾ നൽകിയത്. ദൊരൗസ്വാമി രാജുവും അരിജിത് പസായത്തും ഉൾക്കൊള്ളുന്ന ബെഞ്ച് 12 ഏപ്രിൽ 2004ൽ സഹീറ ഹബീബുല്ലാ എച്ച്. ഷേഖും ഗുജറാത്ത് സർക്കാറും തമ്മിലെ കേസിൽ നടത്തിയ വിധിന്യായത്തിലാണ് ബെസ്റ്റ് ബേക്കറിയും നിഷ്കളങ്കരായ കുഞ്ഞുങ്ങളും നിരാലംബരായ സ്ത്രീകളും നീറിയെരിയുേമ്പാൾ നവകാല നിറോമാർ മറ്റെന്തോ നോക്കിയിരിപ്പായിരുന്നുവെന്നും കുറ്റകൃത്യങ്ങളുടെ ആസൂത്രകരെ എങ്ങനെ രക്ഷിക്കാമെന്നും സംരക്ഷിക്കാമെന്നുമായിരിക്കാം ശ്രദ്ധിക്കുന്നതെന്നും വ്യക്തമാക്കുന്നത്. കഷ്ടമെന്നേ പറയേണ്ടു, മോദിയുമായി അഭിമുഖം നടത്തുന്ന സമയത്ത് എനിക്കീ കാര്യം അറിവില്ലായിരുന്നു, അതുകൊണ്ടുതന്നെ എെൻറ ചോദ്യം അത് അർഹിക്കുന്നതിനെക്കാൾ ദുർബലമായിരുന്നു, എന്നാൽ ഇൗ നേർത്ത ചോദ്യംപോലും അദ്ദേഹത്തെ വിളറിപിടിപ്പിക്കാൻ പര്യാപ്തമായിരുന്നു. പറഞ്ഞു തരാം പ്രശ്നമെന്തെന്ന്, ഞാൻ അഭിമുഖം തുടർന്നു.
ഗുജറാത്ത് കൊലകൾക്ക് അഞ്ചു വർഷത്തിനു ശേഷവും ഗോധ്രയുടെ പ്രേതം താങ്കളെ വേട്ടയാടുന്നു. അതിെൻറ ബാധ ഒഴിപ്പിക്കാൻ താങ്കൾ കാര്യമായി എന്തെങ്കിലും ചെയ്യാത്തതെന്തുകൊണ്ടാണ്?
അത് ഞാൻ കരൺ ഥാപറിനെേപ്പാലുള്ള മാധ്യമക്കാർക്ക് നൽകിയിരിക്കുന്നു, അവർ ആഘോഷിക്കെട്ട.
ഞാൻ ഒരു കാര്യം നിർദേശിക്കെട്ട?ആവെട്ട, എനിക്ക് പ്രശ്നമില്ല.
എന്തുകൊണ്ട് പറഞ്ഞുകൂടാ അന്നു നടന്ന കൊലപാതകങ്ങളിൽ താങ്കൾക്ക് ഖേദമുണ്ടെന്ന്? മുസ്ലിംകളെ സംരക്ഷിക്കാൻ സർക്കാറിന് കുറച്ചുകൂടി കാര്യങ്ങൾ ചെയ്യാമെന്ന് താങ്കൾക്ക് പറഞ്ഞുകൂടേ?
ഞാൻ എന്തിനു പറയണം, ഞാൻ അക്കാലത്ത് പറഞ്ഞിട്ടുണ്ട്, താങ്കൾക്ക് എെൻറ പ്രസ്താവനകൾ നോക്കാം.
അത് ഒന്നു കൂടി പറഞ്ഞു നോക്കൂ.
അതിെൻറ ആവശ്യമില്ല, എനിക്ക് സംസാരിക്കാനുള്ളത് 2007നെക്കുറിച്ചാണ്.
പക്ഷേ, അക്കാര്യം വീണ്ടുമൊരുവട്ടം പറയാൻ കൂട്ടാക്കാത്തതു വഴി, ആ സന്ദേശം ജനം വീണ്ടുംകേൾക്കാൻ അനുവദിക്കാതിരിക്കുക വഴി ഗുജറാത്തിെൻറ താൽപര്യങ്ങൾക്ക് വിരുദ്ധമായൊരു പ്രതിച്ഛായ പുറത്തുവരാൻ താങ്കൾ അനുവദിക്കുകയാണ്, അതു മാറ്റേണ്ട ഉത്തരവാദിത്തം താങ്കളുടെ കൈകളിലാണ്.
ഇൗ സംസാരങ്ങൾ രണ്ടോ മൂന്നോ മിനിറ്റ് നീണ്ടു, അന്നേരമൊക്കെ നരേന്ദ്ര മോദിയുടെ മുഖം വികാരരഹിതമായിരുന്നു. അതേ സമയംതന്നെ അദ്ദേഹം സന്തുഷ്ടനല്ല എന്ന് വ്യക്തവുമായിരുന്നു. അദ്ദേഹത്തിെൻറ കണ്ണുകൾ തണുത്തുറഞ്ഞ മട്ടിലായിരുന്നു. ഒരുപക്ഷേ, തന്നെ ഇതൊന്നും ബാധിച്ചില്ലെന്ന് വരുത്താൻ അദ്ദേഹം പരിശ്രമിച്ചതാവും. പക്ഷേ, ഇപ്പോൾ അദ്ദേഹത്തിെൻറ ക്ഷമയും സഹനവും അറ്റുപോയിരുന്നു. അദ്ദേഹത്തിനു മതിയാവുകയും എനിക്ക് വിശ്രമിക്കണം, അൽപം വെള്ളം വേണം എന്നു പറഞ്ഞ് അഭിമുഖം അവസാനിപ്പിക്കുകയും ചെയ്തു. അദ്ദേഹം മൈക്രോഫോൺ ഒാഫ് ചെയ്യാനുമൊരുങ്ങി. അദ്ദേഹത്തിന് ശരിക്കും ദാഹിച്ചിട്ടാവുമെന്ന് കരുതി അരികിലെ മേശപ്പുറത്ത് വെച്ചിരുന്ന ഗ്ലാസ് ചൂണ്ടിക്കാണിച്ചു ഞാൻ. എന്നാൽ അത് വെറുമൊരു ഒഴിവുകഴിവാണെന്ന് മനസ്സിലാക്കാൻ അധികംനേരം വേണ്ടിവന്നില്ല. അഭിമുഖം പൂർണമായി അവസാനിച്ചിരുന്നു.
എങ്കിൽപോലും ഇതൊക്കെ കഴിഞ്ഞിട്ടും മോദി എന്തെങ്കിലും തരത്തിലെ ദേഷ്യമോ നീരസമോ പ്രകടിപ്പിച്ചില്ല. അടുത്ത ദിവസം സി.എൻ.എൻ^ െഎ.ബി.എൻ തുടർച്ചയായി പ്രദർശിപ്പിച്ച ഇൗ മൂന്നു മിനിറ്റ് നീളുന്ന ടേപ്പിൽ മോദി പറയുന്നുണ്ട്: നമ്മുടെ സൗഹൃദം തുടരെട്ട, ഞാൻ സന്തുഷ്ടനാണ്. താങ്കൾ ഇവിടെ വന്നു. അതിൽ നന്ദിയുണ്ട്. ഇൗ അഭിമുഖം നടത്താനാവില്ല, ഇത് താങ്കളുടെ െഎഡിയയാണ്, താങ്കൾ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. എനിക്ക് താങ്കളുമായി സൗഹൃദ ബന്ധം നിലനിർത്താനാണ് ആഗ്രഹം. ഏറ്റവും വിചിത്രമെന്തെന്നാൽ, ഇതിനു ശേഷവും ഒരു മണിക്കൂറോളം ഞാൻ അദ്ദേഹവുമായി ചെലവിട്ടു. അദ്ദേഹം മധുരപലഹാരങ്ങളും ഗുജറാത്ത് ദോക്ലയും ചായയുമെല്ലാം വിളമ്പി സൽക്കരിച്ചു. ഇത്ര വിഷമകരമായ സമയത്തും അദ്ദേഹം പുലർത്തിയ ആതിഥ്യമര്യാദ ശ്രദ്ധേയമായിരുന്നു. ഇൗ സമയം മുഴുവൻ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാനും അഭിമുഖം തുടരാനും ഞാൻ കിണഞ്ഞു ശ്രമിക്കുകയായിരുന്നു. അഭിമുഖം വീണ്ടും ചെയ്യാമെന്നും 2002നെക്കുറിച്ചുള്ള ചോദ്യങ്ങൾ അവസാനത്തിലാക്കാമെന്നും ഞാൻ വാഗ്ദാനം ചെയ്തു. മറ്റനവധി കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നും ഗോധ്രയും മുസ്ലിംകൂട്ടക്കൊലയും സംസാരിച്ചുതുടങ്ങിയത് ഇൗ വിഷയം ഒഴിവാക്കുന്നത് രണ്ടു പേർക്കും മോശമായതുകൊണ്ടാണെന്നും വിശദീകരിച്ചു.
ഇതൊന്നും മോദിക്കു മുന്നിൽ വിലപ്പോയില്ല. ഇപ്പോൾ അവസാനിപ്പിച്ചാൽ ഇൗ മൂന്നു മിനിറ്റ് നീളുന്ന അഭിമുഖം പിറ്റേനാൾ ചാനൽ തുടർച്ചയായി കാണിച്ചുകൊണ്ടിരിക്കുെമന്നും അതൊരു വാർത്തയായി തീരുമെന്നും ഞാൻ പറഞ്ഞു നോക്കി. അതേ സമയം ഒരു മുഴുനീള അഭിമുഖമാണെങ്കിൽ ഒന്നോ രണ്ടോ തവണ സംപ്രേഷണം ചെയ്യുന്നതോടെ അതവസാനിക്കുമെന്നും.പക്ഷേ, അതും വിലപ്പോയില്ല. തെൻറ മാനസികാവസ്ഥ മാറിയെന്നും പിന്നെയെപ്പോഴെങ്കിലും അഭിമുഖം നടത്താമെന്നും പറഞ്ഞു മോദി. സൗഹൃദം തുടരണമെന്ന് നേരത്തേ പറഞ്ഞത് ഇടക്കിടെ ആവർത്തിക്കുകയും ചെയ്്തു. ഒരു മണിക്കൂറിലേറെ കഴിഞ്ഞ് ഞാൻ പറഞ്ഞു, പോകണം, അല്ലെങ്കിൽ ഡൽഹിയിലേക്കുള്ള വിമാനം മിസ് ആകുമെന്ന്, ഞങ്ങൾ ഹസ്തദാനം ചെയ്ത് പിരിഞ്ഞു. അടുത്ത ഞായറാഴ്ച ചാനൽ ആ അഭിമുഖം പുറത്തുവിട്ടു. പെെട്ടന്നു തന്നെ അതൊരു മുഖ്യവാർത്തയായി മാറി. ഞാൻ മുൻകൂട്ടി പറഞ്ഞിരുന്നതുപോലെ എല്ലാ ബുള്ളറ്റിനിലും അതു അവതരിപ്പിക്കപ്പെട്ടു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണ കാലമായിരുന്നതിനാൽ മോദിയുടെ ഇറങ്ങിപ്പോക്ക് വമ്പൻ സംഭവമായി മാറി. കോൺഗ്രസ് പാർട്ടി അത് കൊണ്ടാടുകയും ചെയ്തു.
തിങ്കളാഴ്ച ഉച്ചക്ക് മോദി വിളിച്ചു. മേരെ കന്ദേ പേ ബന്ദൂക് രഖ് കേ ആപ് ഗോലി മാർ രഹേ ഹോ (എെൻറ തോളിൽ തോക്ക് െവച്ച് നിങ്ങൾ വെടിയുതിർത്തുകയാണല്ലേ) ഞാൻ പറഞ്ഞു, ഇതു സംഭവിക്കും എന്നു ഞാൻ അന്നേ പറഞ്ഞിരുന്നുവെന്ന്. ഇടക്ക് െവച്ച് ഇറങ്ങിപ്പോകുന്നതിനു പകരം അഭിമുഖം പൂർത്തിയാക്കണമെന്ന് ഞാൻ പറയാൻ ഇതുതന്നെയായിരുന്നു കാരണം. മോദി ചിരിച്ചു. അതിനുശേഷം അദ്ദേഹം പറഞ്ഞത് ഒരു കാലത്തും മറക്കില്ല ഞാൻ. കരൺ ബ്രദർ െഎ ലവ് യു, ജബ് ദൽഹി ആഒാംഗേ ഭോജൻ കരേംഗേ (ഞാൻ ഡൽഹിയിലെത്തുേമ്പാൾ നമുക്കൊന്നിച്ചിരുന്ന് ഭക്ഷണം കഴിക്കണം). അത് ബുദ്ധിപൂർവമായ ഒരു വിടചൊല്ലൽ മാത്രമായിരുന്നു. അതിൽ പിന്നെ മോദിയെ ഞാൻ കണ്ടിട്ടില്ല, ഞങ്ങൾ സംസാരിച്ചിട്ടുപോലുമില്ല. അപ്പോൾ ഭക്ഷണത്തിനായി വിളിക്കുന്ന കാര്യം ഉടലെടുക്കുന്നുപോലുമില്ല.
എന്തൊക്കെയായാലും അടുത്ത പത്തു വർഷത്തേക്ക് ഇൗ സംഭവം ഞാനും ബി.ജെ.പിയും തമ്മിലെ ബന്ധത്തെ െതല്ലും ബാധിച്ചില്ല എന്നത് ശ്രദ്ധേയമാണ്. എങ്ങനെയെന്നു പറഞ്ഞാൽ ഒട്ടു മിക്ക മുതിർന്ന നേതാക്കൾക്കും അന്നു സംഭവിച്ച കഥ നേരിട്ട് കേൾക്കണമായിരുന്നു, ഞാൻ അതു പറഞ്ഞു കൊടുക്കുന്നതിൽ സന്തോഷം കണ്ടെത്തിയിരുന്നുവെന്നും സമ്മതിക്കുന്നു. അതിനേക്കാളുപരിയായി ഒരാൾപോലും അഭിമുഖങ്ങൾ നൽകുന്നതിൽ വിസമ്മതമോ സന്ദേഹമോ പ്രകടിപ്പിച്ചിരുന്നതേയില്ല. 2007 മുതൽ 2015 വരെ അല്ലെങ്കിൽ 2016െൻറ തുടക്കം വരെ ഇതുതന്നെയായിരുന്നു സ്ഥിതി. നരേന്ദ്ര മോദി സർക്കാറിെൻറ ആദ്യ 18 മാസങ്ങളിൽ എന്നോട് ബി.ജെ.പിക്കുള്ള സമീപനത്തിൽ ഒരു മാറ്റവുമില്ലായിരുന്നു. അതിെൻറ വക്താക്കളും മന്ത്രിമാരും എല്ലായ്പോഴും എെൻറ പരിപാടികളിൽ പെങ്കടുക്കാനും അഭിമുഖം നൽകാനും സമ്മതമറിയിച്ചിരുന്നു. അങ്ങനെ ഒരു ഇൻറർവ്യൂ നടന്നിേട്ട ഇല്ലെന്നോ, മറന്നു പോയെന്നോ തോന്നുന്ന മട്ടിലായിരുന്നു കാര്യങ്ങൾ. അതുെകാണ്ടാണ് ‘തൊട്ടുകൂടായ്മ’കാണിച്ചു തുടങ്ങിയ കാലത്ത് അത് അന്നത്തെ ആ അഭിമുഖം കാരണമാെണന്ന് സമ്മതിക്കാൻ ഞാൻ കൂട്ടാക്കാതെയിരുന്നത്. കുറച്ചു കാലമെടുത്തു അതു തന്നെയാണ് കാരണമെന്ന് വ്യക്തമാവാൻ. 2017 ഒക്ടോബർ 18ന് പ്രമുഖ നയതന്ത്രജ്ഞനും എഴുത്തുകാരനും രാഷ്ട്രീയ പ്രവർത്തകനുമായ പവൻ വർമയാണ് അതിനുള്ള തെളിവു നൽകിയത്. അദ്ദേഹം പറഞ്ഞ കാര്യങ്ങൾ നേരത്തേ നൃപേന്ദ്ര ശർമ നൽകിയ വിവരം ബലപ്പെടുത്തുന്നവയായിരുന്നു.
എെൻറ ഒാഫിസിൽ ഇരിക്കെ അദ്ദേഹത്തിെൻറ കണ്ണ് നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ചെന്നു പതിച്ചു. ഞാൻ അഭിമുഖം നടത്തിയ മുൻ പ്രധാനമന്ത്രിമാരുടെ ചിത്രങ്ങളുടെ കൂട്ടത്തിലായിരുന്നു അത്. േമാദിയുടെ ചിത്രം ടി.വിയിൽ നിന്ന് പകർത്തിയതായിരുന്നു. മൈക്ക് ഉൗരി അഭിമുഖം അവസാനിപ്പിക്കാൻ ഒരുങ്ങുന്ന ചിത്രത്തിൽ ഇൗ അഭിമുഖം നടത്താനാവില്ല എന്ന സി.എൻ.എൻ-െഎ.ബി.എൻ നൽകിയ അടിക്കുറിപ്പും ദൃശ്യമായിരുന്നു. താങ്കൾക്കറിയുമോ പ്രശാന്ത് കിഷോർ ഇൗ അഭിമുഖത്തെക്കുറിച്ച് എന്നോട് എന്താണ് പറഞ്ഞതെന്ന്, പവൻ പെെട്ടന്ന് ചോദിച്ചു. 2014 തെരഞ്ഞെടുപ്പിനായി മോദിക്ക് തയാറെടുപ്പുകൾ നൽകെവ ഇൗ അഭിമുഖം നാൽപതു വട്ടം മോദിയെ കാണിച്ചുവെന്നാണ് പ്രശാന്ത് കിഷോർ പറഞ്ഞത്. പ്രയാസകരമായ ചോദ്യങ്ങളിലും സന്ദർഭങ്ങളിലും പെടുേമ്പാൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മോദിയെ പഠിപ്പിക്കാൻ ഇൗ അഭിമുഖമാണ് അദ്ദേഹത്തിെൻറ സംഘം ഉപയോഗിച്ചിരുന്നതെന്ന്.
അതിനു ശേഷം പവൻ പറഞ്ഞ പ്രശാന്ത് കിഷോറുമായി നടത്തിയ സംഭാഷണത്തിെൻറ കാര്യങ്ങൾ കൂടുതൽ ആശ്ചര്യപ്പെടുത്തുന്നതായിരുന്നു. അഭിമുഖം കഴിഞ്ഞ് ഒരു മണിക്കൂർ നേരം ബോധപൂർവം എന്നെ അവിടെ പിടിച്ചുനിർത്തിയതായി േമാദി പ്രശാന്ത് കിഷോറിനോടു പറഞ്ഞു. ഒരുതരം അനിഷ്ടവും തനിക്കില്ല എന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു അത്. ചായ, പലഹാരം, ദോക്ല ഇതെല്ലാം എന്നെ നിരായുധനാക്കാനുള്ള ശ്രമത്തിെൻറ ഭാഗമായിരുന്നു. മോദി അതീവ സൗഹൃദത്തിലാണ് പെരുമാറിയതെന്നും ആ അഭിമുഖത്തിെൻറ പേരിൽ തെല്ലും അസ്വസ്ഥനായിരുന്നില്ലെന്നും പറഞ്ഞപ്പോൾ പവൻ പറഞ്ഞത് അതും ബോധപൂർവമായ തന്ത്രം തന്നെയായിരുന്നുവെന്നാണ്.
നിങ്ങൾക്ക് വേറെ ഒരു കാര്യമറിയാമോ? മോദി പ്രശാന്തിനോട് പറഞ്ഞിരുന്നു, ഒരുകാലത്തും നിങ്ങളോട് പൊറുക്കില്ലെന്നും എന്നെങ്കിലും അവസരം വന്നുചേരുേമ്പാൾ അതിനു പകരം വീട്ടുമെന്നും. ഇക്കാര്യം രണ്ടോ മൂന്നോ തവണ പ്രശാന്ത് ആവർത്തിച്ചിട്ടുമുണ്ട്. അത് മോദി വെറുതേ അങ്ങനെ പറഞ്ഞതല്ല, അതു മോദി ബോധപൂർവം പറഞ്ഞതാണെന്നും നിങ്ങളെ പാഠംപഠിപ്പിക്കുന്നതു വരെ മോദി അടങ്ങിയിരിക്കില്ലെന്നും പ്രശാന്തിന് മനസ്സിലായിരുന്നു. എനിക്ക് പവനെ അവിശ്വസിക്കാൻ ഒരു കാരണവുമില്ല. എന്നെ തെറ്റിദ്ധരിപ്പിക്കുകയോ കാര്യങ്ങൾ പെരുപ്പിച്ചു പറയുകയോ ചെയ്തിട്ട് അദ്ദേഹത്തിനൊന്നും നേടാനില്ല. അതിനേക്കാളേറെ, അദ്ദേഹം പറഞ്ഞ കാര്യങ്ങൾ 2016 മുതൽ ബി.െജ.പി എന്നോടു പുലർത്തുന്ന സമീപനത്തിെൻറ കാരണം വിശദീകരിക്കുന്നുമുണ്ട്. പാർട്ടി വക്താക്കളോട് എെൻറ പരിപാടിയിൽ പെങ്കടുക്കരുത് എന്നു പറഞ്ഞതിനും മന്ത്രിമാർ എനിക്ക് അഭിമുഖങ്ങൾ നൽകാൻ വിസമ്മതിച്ചതിനും അമിത് ഷാ ആദ്യം നൽകിയ ഉറപ്പ് ലംഘിച്ച് എന്നെ തിരിച്ചു വിളിക്കാതിരുന്നതിനും ഇതുതന്നെയാണ് കാരണമെന്നതിൽ സംശയമില്ല. ഒരുപക്ഷേ, ഇതുകൊണ്ടുതന്നെയാവും നൃപേന്ദ്ര മിശ്ര സംസാരിച്ചിട്ടും മോദി എന്നെ കാണാനോ കാര്യങ്ങൾ പറഞ്ഞു തീർക്കാനോ കൂട്ടാക്കാതെയുമിരുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ Devil's Advocate: The Untold Story എന്ന പുസ്തകത്തിൽ നിന്ന് കരൺ ഥാപറുടെയും പ്രസാധകരായ ഹാപർ കോളിൻസിെൻറയും അനുമതിയോടെ മൊഴിമാറ്റം ചെയ്തത്. മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.