മണിപ്പൂരിൽ വീണ്ടും സംഘർഷം; കൗമാര ഫുട്ബാൾ താരം ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരിലെ കാങ്പോക്പി ജില്ലയിൽ തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിലും ഏറ്റുമുട്ടലിലും കൗമാര ഫുട്ബാൾ താരം ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. നാഗാ ഗ്രാമമായ കോൺസാഖുലിനും കുക്കി ഗ്രാമമായ ലീലോൺ വൈഫെക്കും ഇടയിലുള്ള അതിർത്തി പ്രദേശത്താണ് അക്രമം അരങ്ങേറിയത്. രാവിലെ ആറുമണിയോടെയാണ് വെടിവെപ്പ് നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കോൺസാഖുൽ ഗ്രാമത്തിലെ അതിർത്തി പ്രദേശത്തുള്ള ഒരു നെൽവയലിൽ ജോലി ചെയ്യുന്നതിനിടെ ചില സായുധ സംഘങ്ങൾ അവർക്ക് നേരെ വെടിയുതിർത്തതായി ഗ്രാമവാസികൾ പറഞ്ഞു. തുടർന്ന് അവർ അവിടെനിന്ന് രക്ഷപ്പെടുകയും നാഗ വില്ലേജ് ഗാർഡിനെ വിവരമറിയിക്കുകയുമായിരുന്നു. ഇതോടെ അവർ തിരിച്ചടിച്ചു. രാവിലെ 6.40ഓടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കാങ്പോക്പി ജില്ലയിലെ ലുൻലിയാൻഡൻ വൈഫെ (20), ജെൻസമാങ് വൈഫെയ് (18), പൗഗൗലാൽ ചോംഗ്ലോയ് (18) എന്നിവർക്കാണ് പരിക്കേറ്റതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ പൗഗൗലാൽ ചോംഗ്ലോയ് മോഹൻ ബഗാൻ അണ്ടർ 18 ഫുട്ബാൾ ടീമിലെ താരമാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിക്കേറ്റവരെ ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് ചികിത്സക്കായി മാറ്റി.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ അവിടെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. പരിക്കേറ്റവർ തീവ്രവാദികളാണെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രതിഷേധക്കാർ ആശുപത്രി പരിസരത്ത് തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സുരക്ഷാസേന ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി.

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. ഏറ്റുമുട്ടലിന്റെ കൃത്യമായ കാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

2023 മുതൽ തുടരുന്ന വംശീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മണിപ്പൂരിൽ ഇടക്കിടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കലാപത്തിൽ 258 ലധികം പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ആയിരത്തി​ലധികം പേർക്ക് പരിക്കേൽക്കുകയും 60,000ത്തിലധികം പേർക്ക് വീടുകൾ നഷ്ടപ്പെടുകയും ചെയ്തു. 

Tags:    
News Summary - Teen footballer among 3 injured in Manipur clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.