ഗ്യാൻവാപി: തെറ്റുപറ്റിയെന്ന് മുസ്‌ലിം വിഭാഗം അംഗീകരിക്കാനും തിരുത്താനുമുള്ള സമയമാണിത് -യോഗി

ന്യൂഡൽഹി: വാരണാസിയിലെ ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട നിയമപോരാട്ടം തുടരവേ വിഷയത്തിൽ പ്രതികരണവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗ്യാൻവാപി വിഷയത്തിൽ സമാധാനമുണ്ടാകണമെങ്കിൽ തെറ്റുപറ്റിയെന്ന് മുസ്‌ലിംകൾ സമ്മതിക്കണമെന്നും ഹിന്ദുത്വവേരുകൾ വെളിപ്പെടുത്തുന്ന നിരവധി തെളിവുകൾ ഗ്യാൻവാപിയിലുണ്ടെന്നും യോഗി പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ 'പോഡ്കാസ്റ്റ് വിത്ത് സ്മിതപ്രകാശ്' എന്ന പരിപാടിയിലാണ് യോഗിയുടെ പരാമർശം.

ഗ്യാൻവാപി-കാശി വിശ്വനാഥ് തർക്കത്തിൽ പരിഹാരമുണ്ടോ എന്നായിരുന്നു അവതാരികയുടെ ചോദ്യം. ഗ്യാൻവാപിയെ പള്ളിയെന്ന് വിളിച്ചാൽ അത് വിവാദമാകും. ചരിത്രപരമായ തെറ്റിനെ മുസ്‌ലിം വിഭാഗത്തിന് അംഗീകരിക്കാനും തിരുത്താനുമുള്ള സമയമാണിതെന്നും എ.എൻ.ഐ എഡിറ്റർ സ്മിത പ്രകാശുമായി സംസാരിക്കവെ യോഗി പറഞ്ഞു. ഗ്യാൻവാപിയിലുള്ള ഹിന്ദുത്വ അടയാളങ്ങൾക്ക് കാരണമെന്താണെന്നും അതിനെകുറിച്ച് വിവരിക്കാൻ ആർക്കാണ് സാധിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

"തൃശൂലം എന്താണ് ആ കെട്ടിടത്തിൽ ചെയ്യുന്നത്? ഞങ്ങളാരും അത് അവിടെ വെച്ചിട്ടില്ല. അവിടെ ജ്യോതിർലിംഗമുണ്ട്. കെട്ടിടത്തിനകത്ത് ഹിന്ദുത്വ ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ട്. ചുവരുകളിൽ ഹിന്ദുത്വ ദൈവങ്ങളുടെ കൊത്തുപണികളുണ്ട്. ഇവയെല്ലാം ചൂണ്ടിക്കാണിക്കുന്നത് ഹിന്ദുത്വ വേരുകളെയാണ്. ചരിത്രപരമായ അബദ്ധം സംഭവിച്ചു. ആ അബദ്ധത്തെ തിരുത്തണം എന്ന വിശദീകരണം വരേണ്ടത് മുസ്‌ലിം സമുദായത്തിൽ നിന്നു തന്നെയാണെന്നാണ് ഞാൻ കരുതുന്നത്" -യോഗി ആദിത്യനാഥ് പറഞ്ഞു.

Tags:    
News Summary - what is trishul doing in Gyanvapi; Muslims must come forward and admit that their history was wrong says Yogi adityanath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.