ന്യൂഡൽഹി: മൂന്ന് വ്യാജ യൂനിവേഴ്സിറ്റികളുടെ പേരുകൾ കൂടി പുറത്തുവിട്ട് യു.ജി.സി. ഇതോടെ യു.ജി.സി പുറത്തുവിട്ട വ്യാജ യൂനിവേഴ്സിറ്റികളുടെ എണ്ണം 25 ആയി. നേരത്തേ 23 വ്യാജ യൂനിവേഴ്സിറ്റികളുടെ പട്ടികയാണ് യു.ജി.സി പുറത്തുവിട്ടിരുന്നത്.
ഡൽഹി ആസ്ഥാനമായുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സൊല്യൂഷൻ, കർണാടക ആസ്ഥാനമായുള്ള സർവ ഭാരതീയ ശിക്ഷാ പീഠം, മഹാരാഷ്ട്ര ആസ്ഥാനമായുള്ള നാഷനൽ ബാക് വേഡ് കൃഷി വിദ്യാപീഠം എന്നിവയാണ് പുതുതായി യു.ജി.സി പുറത്തുവിട്ട പട്ടികയിലുള്ളത്.
അതിനാൽ കോളജുകളും സർവകലാശാലകളും തെരഞ്ഞെടുക്കുമ്പോൾ വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്നും പ്രവേശനം നേടുന്നതിന് മുമ്പ് സ്ഥാപനം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും യു.ജി.സി നിർദേശിച്ചിട്ടുണ്ട്. 1956 ലെ യു.ജി.സി ആക്ട് പ്രകാരം അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും സർവകലാശാല എന്ന വാക്ക് ദുരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങൾ ഉൾപ്പെടുന്ന വ്യാജ സർവകലാശാലകളുടെ പട്ടിക അപ്‌ഡേറ്റ് ചെയ്യുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള യു.ജി.സിയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ മുന്നറിയിപ്പ്.
ഈ യൂനിവേഴ്സിറ്റികളിൽ പ്രവേശനം നേടി ആരും വഞ്ചിതരാവരുത് എന്നും യു.ജി.സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മൂന്ന് യൂനിവേഴ്സിറ്റികൾ നൽകുന്ന ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്സുകൾക്ക് അംഗീകാരവും ലഭിക്കില്ല. ഇവ നൽകുന്ന സർട്ടിഫിക്കറ്റുകൾ തുടർപഠനത്തിനോ ജോലിക്കോ ഉപയോഗിക്കാനോ ആകില്ലെന്നും യു.ജി.സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിലവിൽ ഏറ്റവും കൂടുതൽ വ്യാജ യൂനിവേഴ്സിറ്റികളുള്ളത് ഡൽഹിയിലാണ്. 10 വ്യാജ യൂനിവേഴ്സിറ്റികളാണ് ഡൽഹിയിലുള്ളത്. വ്യാജ യൂനിവേഴ്സിറ്റികളുടെ എണ്ണത്തിൽ ഉത്തർപ്രദേശിനാണ് രണ്ടാംസ്ഥാനം. നാല് വ്യാജ യൂനിവേഴ്സിറ്റികളാണ് ഉത്തർപ്രദേശിലുള്ളത്. കേരളത്തിൽ രണ്ട് വ്യാജ യൂനിവേഴ്സിറ്റികളാണുള്ളത്. കുന്ദമംഗലം ആസ്ഥാനമാക്കിയുള്ള ഇന്റർനാഷനൽ ഇസ്‍ലാമിക് യൂനിവേഴ്സിറ്റി ഓഫ് പ്രൊഫറ്റിക് മെഡിസിൻ, സെന്റ് ജോൺസ് യൂനിവേഴ്സിറ്റി എന്നിവയാണവ. മഹാരാഷ്ട്രയിലും പുതുച്ചേരിയിലും ഓരോ വ്യാജ യൂനിവേഴ്സിറ്റികൾ വീതമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.