തമിഴ്നാട്: മൂന്ന് കോടിയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മക്കൾ പിതാവിനെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്നു. തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലാണ് സംഭവം. ഇൻഷുറൻസ് കമ്പനിയുടെ അന്വേഷണത്തിനിടയിലാണ് പാമ്പ് കടിയേറ്റ് മരിച്ചെന്ന് കരുതിയ സർക്കാർ സ്കൂൾ ജീവനക്കാരന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത്. വൻതുകയുടെ ലൈഫ് ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനായി മക്കൾ തന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു ഇത്. സ്വാഭാവിക മരണമെന്ന് ആദ്യം കരുതിയ കേസ്, ഇൻഷുറൻസ് കമ്പനിയുടെ സംശയത്തെ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്താൻ കാരണമായത്.
പോത്തത്തൂർപേട്ടൈ ഗ്രാമത്തിൽ സർക്കാർ സ്കൂളിലെ ലാബ് അസിസ്റ്റന്‍ററായ ഇ.പി. ഗണേശൻ (56) ഒക്ടോബറിലാണ് വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. പാമ്പുകടിയേറ്റാണ് മരണം സംഭവിച്ചതെന്ന് കുടുംബം റിപ്പോർട്ട് ചെയ്യുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.
മരണാനന്തരമുള്ള ഇൻഷുറൻസ് ക്ലെയിം നടപടികൾക്കിടെയാണ് ഇൻഷുറൻസ് കമ്പനിക്ക് സംശയം തോന്നിയത്. മൂന്ന് കോടി രൂപയുടെ ഇൻഷുറൻസ് പോളിസികളാണ് ഗണേഷന്‍റെ പേരിൽ മക്കൾ എടുത്തിരുന്നത്. ക്ലെയിമുകളുടെ നോമിനികളുടെ പെരുമാറ്റം സംശയാസ്പദമായതിനെ തുടർന്ന്, കമ്പനി ഈ വിവരം ഉടൻതന്നെ നോർത്ത് സോൺ ഐ.ജി അസ്‌റാ ഗാർഗിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന ആഴത്തിലുള്ള അന്വേഷണത്തിലാണ് ചുരുളഴിഞ്ഞത്.
പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയശേഷം അപകടമരണമായി ചിത്രീകരിച്ച് പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതി. ഇതിനായി ചില സഹായികള്‍ വഴി വിഷപ്പാമ്പുകളെ സംഘടിപ്പിച്ചു. ഗണേശന്‍ പാമ്പ് കടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മുമ്പാണ് പ്രതികള്‍ ആദ്യ കൊലപാതകശ്രമം നടത്തിയത്. മൂർഖൻ പാമ്പിനെ കൊണ്ട് ഗണേശന്‍റെ കാലിൽ കടിപ്പിച്ചിരുന്നെങ്കിലും അദ്ദേഹം മരിച്ചില്ല. ശേഷം, അതിമാരക വിഷമുള്ള വെള്ളിക്കെട്ടനെ പുലർച്ചെ വീട്ടിൽ കൊണ്ടുവന്ന് ഗണേശന്‍റെ കഴുത്തിൽ കടിപ്പിക്കുകയായിരുന്നു. തുടർന്നാണ് മരണം സംഭവിച്ചത്. സ്വാഭാവികമരണമായി വരുത്തിത്തീർക്കാൻ മക്കൾ പാമ്പിനെ വീടിനുള്ളിൽ വെച്ച് കൊന്നിരുന്നു. കടിയേറ്റതിന് ശേഷം ഗണേശനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിലും കാലതാമസം വരുത്തിയിരുന്നു. ഗണേശന്‍റെ രണ്ട് മക്കളെയും പാമ്പിനെ ഏർപ്പാടാക്കിയ നാല് സഹായികളെയും ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.