പാകിസ്താനുമായുള്ള സിന്ധു നദീ കരാര്‍ സസ്‌പെന്‍ഡ് ചെയ്ത ഇന്ത്യാ സർക്കർ നടപടിയുടെ പശ്ചാത്തലത്തിൽ ഒരു നിർണായക ഓർമപ്പെടുത്തലുമായി പൗരാവകാശ-പരിസ്ഥിതി പ്രവർത്തകൻ കെ. സഹദേവൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. ദേശസ്‌നേഹത്തിന്റെ പേരില്‍ കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നവര്‍ മറന്നുകൂടാത്തതാണ് ഈ അനുഭവമെന്ന ആമുഖത്തോടെയാണ് പോസ്റ്റ് തുടങ്ങുന്നത്.
‘2012 ഫെബ്രുവരി 12ന് അരുണാചല്‍ പ്രദേശിലെ കിഴക്കന്‍ സിയാങ് ജില്ലയിലെ പാസിഗാട്ട് പട്ടണത്തിലെ നിവാസികള്‍ ഞെട്ടിക്കുന്ന ഒരു കാഴ്ച കണ്ടു.
ടിബറ്റില്‍നിന്ന് ഉത്ഭവിക്കുന്ന സിയാങ് (ബ്രഹ്‌മപുത്ര) നദി പെട്ടെന്ന് വറ്റിവരണ്ടതായി കണ്ടെത്തി. ജില്ലാ അധികാരികള്‍ നടത്തിയ അന്വേഷണത്തില്‍, ചൈനീസ് അധികാരികള്‍ യാര്‍ലാങ് സാങ്പോ (ബ്രഹ്‌മപുത്രയുടെ ചൈനീസ് നാമം) നദി ഒറ്റരാത്രികൊണ്ട് ഉപരോധിച്ചതിനാലാണ് സിയാങ് നദി വരണ്ടതെന്ന് കണ്ടെത്തി. പാകിസ്താനുമായുള്ള സിന്ധു നദീ കരാര്‍ സസ്‌പെന്‍ഡ് ചെയ്ത ഇന്ത്യന്‍ ഭരണകൂട നടപടിയെ ദേശസ്‌നേഹത്തിന്റെ പേരില്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നവര്‍ മറന്നുകൂടാത്തതാണ് ഈ അനുഭവം.
2000ലെ മറ്റൊരു സംഭവം, ബ്രഹ്‌മപുത്രയുടെ തീരത്ത് താമസിക്കുന്ന ആളുകള്‍ക്ക് എളുപ്പത്തില്‍ മറക്കാന്‍ കഴിഞ്ഞില്ല. ജൂണ്‍ 9ന്, സിയാങ്ങിലെ ജലനിരപ്പ് പെട്ടെന്ന് 30 മീറ്റര്‍ ഉയര്‍ന്ന് ഏതാണ്ട് മുഴുവന്‍ ടൗണ്‍ഷിപ്പും വെള്ളത്തിനടിയിലായി. ടിബറ്റിലെ ഒരു ജലവൈദ്യുത അണക്കെട്ട് തകര്‍ന്നതിനെത്തുടര്‍ന്ന് ഏഴു പേര്‍ കൊല്ലപ്പെടുകയും സ്വത്തുക്കള്‍ക്ക് വ്യാപകമായ നാശമുണ്ടാകുകയും ചെയ്തു.
ഇക്കഴിഞ്ഞ ഏപ്രില്‍ 26ന് പഹല്‍ഗാം സംഭവത്തിനുശേഷം, ഉറി ഡാമിന്റെ സ്ലൂയിസ് വാള്‍വുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നതുകാരണം പാകിസ്താനിലെ ഝലം നദിയിലെ ജല നിരപ്പ് ഉയരുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. ജലം പോലുള്ള അടിസ്ഥാന വിഭവങ്ങളെ യുദ്ധവിഷയമാക്കി മാറ്റുകയും അന്താരാഷ്ട്ര നയതന്ത്ര വിഷയങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്യുമ്പോള്‍ അത് തിരിച്ചടിക്കാനുള്ള സാധ്യത എത്രത്തോളം വലുതാണെന്ന് യുദ്ധ ഭ്രാന്ത് മൂത്ത ഭരണാധികാരികള്‍ ആലോചിച്ചില്ലെങ്കിലും അത്തരം വികല നയങ്ങള്‍ക്ക് ഇരകളാക്കാന്‍ പോകുന്ന സാധാരണ ജനങ്ങള്‍ മനസ്സിലാക്കേണ്ടത് പ്രധാനമാണ്.
ഭരണകൂട പ്രചരണ തന്ത്രങ്ങളും യുദ്ധക്കച്ചവടക്കാരും പടച്ചുവിടുന്ന പ്രചരണങ്ങളില്‍ കുടുങ്ങി കപട ദേശീയവാദത്തിന്റെ ഇരകളാകുന്നവര്‍ അല്‍പം ചരിത്രം അറിഞ്ഞിരിക്കുന്നത് നല്ലതാണ്’- കെ. സഹദേവൻ എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.