പൈതൃക സ്ഥാപനങ്ങളുടെ സുരക്ഷ ശക്തമാക്കാൻ പശ്ചിമ ബംഗാൾ ഗവർണറുടെ ഉത്തരവ്

കൊൽക്കത്ത: തന്റെ കീഴിലുള്ള സംസ്ഥാനത്തെ എല്ലാ പ്രധാന സാംസ്കാരിക, പൈതൃക സ്ഥാപനങ്ങളും അംഗീകൃത സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കണമെന്ന് നിർദേശിച്ച് പശ്ചിമ ബംഗാൾ ഗവർണർ. യോഗ്യതയുള്ള അധികാരികൾ ഇത് നിരീക്ഷിക്കുകയും കാലാനുസൃതമായി നവീകരിക്കുകയും ചെയ്യുമെന്ന് ഗവർണർ കൂട്ടിച്ചേർത്തു.

ഓരോ സ്ഥാപനങ്ങളും അവരുടേതായ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിക്കണമെന്നും ഈ മേഖലയിലെ വിദഗ്ധർ സുരക്ഷാ പാക്കേജ് നിർദേശിക്കുമെന്നും ഗവർണർ ആനന്ദ ബോസ് പറഞ്ഞു. അടുത്തിടെയുണ്ടായ ബോംബ് ഭീഷണി സംബന്ധിച്ച് കൊൽക്കത്തയിലെ ഇന്ത്യൻ മ്യൂസിയം ശനിയാഴ്ച ഗവർണർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് രാജ്ഭവൻ ഇത്തരത്തിലുള്ള നിർദേശം വെച്ചത്.

മ്യൂസിയത്തിൽ ജനുവരി ആറിന് വന്ന ബോംബ് ഭീഷണി ഇമെയിൽ 'വ്യാജമാണ്' എന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സും കൊൽക്കത്ത പൊലീസിന്റെ ബോംബ് ഡിസ്പോസൽ സ്ക്വാഡും ഉചിതമായ നടപടി സ്വീകരിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മ്യൂസിയത്തിന്റെ സുരക്ഷ ഗൗരവമേറിയ കാര്യമാണെന്നും ഒരു തരത്തിലുള്ള കടന്ന് കയറ്റവും അനുവദിക്കില്ലെന്നും മ്യൂസിയത്തിന്റെ ട്രസ്റ്റി ബോർഡ് ചെയർമാൻ കൂടിയായ ഗവർണർ ആനന്ദ ബോസ് വ്യക്തമാക്കി. ഭാവിയിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായും രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു.

Tags:    
News Summary - West Bengal Governor orders to strengthen security of heritage institutions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.