സി.വി. ആനന്ദ ബോസ്

പൊലീസും മന്ത്രിയും രാജ്ഭവനിലേക്ക് വരേണ്ട; വിലക്കിട്ട് ബംഗാൾ ഗവർണർ

കൊൽക്കത്ത: ലൈംഗികാരോപണം നേരിടുന്ന സാഹചര്യത്തിൽ പൊലീസിന്റെയും മന്ത്രി ചന്ദ്രിമ ഭട്ടാചാര്യയുടെയും രാജ്ഭവൻ പ്രവേശനം വിലക്കി ഉത്തരവിറക്കി പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്.

അപകീർത്തികരവും ഭരണഘടന വിരുദ്ധവുമായ പ്രസ്താവനകൾ ഗവർണർക്കെതിരെ നടത്തിയ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ രാജ്ഭവൻ പരിസരത്ത് കയറരുതെന്ന് ഉത്തരവിൽ പറയുന്നു. മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ ഗവർണർ പങ്കെടുക്കില്ലെന്നും മന്ത്രിക്കെതിരെയുള്ള തുടർ നിയമനടപടികളെക്കുറിച്ച് കൂടുതൽ ഉപദേശത്തിനായി അറ്റോർണി ജനറൽ ഓഫ് ഇന്ത്യയെ ബന്ധപ്പെട്ടിട്ടുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി.

'തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ മേലധികാരികളെ അനുനയിപ്പിക്കാൻ അനധികൃതവും നിയമവിരുദ്ധവും കപടവുമായ അന്വേഷണം നടത്തുന്ന പൊലീസിന്റെ' പ്രവേശനവും രാജ്ഭവൻ വളപ്പിൽ നിരോധിച്ചിട്ടുണ്ടെന്ന് ഉത്തരവിൽ പറയുന്നു.

ഗവർണർ സി.വി. ആനന്ദ ബോസ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് രാജ്ഭവൻ ജീവനക്കാരി ആരോപിച്ചിരുന്നു. ഇക്കാര്യം നിഷേധിച്ച ബംഗാൾ ഗവർണർ തനിക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞു. അതിജീവിത നൽകിയ വിവരങ്ങൾ പ്രകാരം നിരവധി പേർ പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും കേസിലെ ഇരകൾക്ക് നീതി ഉറപ്പാക്കണമെന്ന് തൃണമൂൽകോൺഗ്രസ് ആവശ്യപ്പെട്ടു.

ഗവർണർക്കെതിരെ ലൈംഗിക പീഡനപരാതി ലഭിച്ചിട്ടുണ്ടെന്ന് കൊൽക്കത്ത പൊലീസ് സ്ഥിരീകരിച്ചു. ഡെപ്യൂട്ടി കമീഷണർ ഇന്ദിര മുഖർജിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരാതിയിൽ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാവില്ല. രാജ്ഭവന് ഉള്ളിൽ വെച്ചാണ് വനിത ജീവനക്കാരി പീഡനത്തിന് ഇരയായതെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - West Bengal Governor bans entry of police, state Finance Minister into Raj Bhavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.