സംസ്ഥാന സർക്കാർ നിർദേശിക്കുന്ന വി.സിമാരെ നിയമിക്കാമെന്ന് ബംഗാൾ ഗവർണർ

ന്യൂഡൽഹി: സംസ്ഥാന സർക്കാർ നിർദേശിക്കുന്ന വി.സിമാരെ നിയമിക്കാമെന്ന് സുപ്രീംകോടതിയെ അറിയിച്ച് പശ്ചിമബംഗാൾ ഗവർണർ സി.വി ആനന്ദ് ബോസ്. അറ്റോണി ജനറൽ വെങ്കിട്ടരമണിയാണ് പശ്ചിമബംഗാൾ ഗവർണർക്ക് വേണ്ടി കോടതിയിൽ നിലപാട് അറിയിച്ചത്. ആറ് യൂനിവേഴ്സിറ്റികളിൽ സർക്കാർ നിർദേശപ്രകാരം വി.സിയെ നിയമിക്കാമെന്നാണ് ഗവർണർ അറിയിച്ചിരിക്കുന്നത്.

എ.ജി നിലപാട് അറിയിച്ചതിന് പിന്നാലെ ഒരാഴ്ചക്കുള്ളിൽ ആവശ്യമായ നടപടിയെടുക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്തും കെ.വി വിശ്വനാഥനും നിർദേശിച്ചു. ബാക്കിയുള്ള ഒഴിവുകളിലേക്ക് വി.സിമാരുടെ പേര് നിർദേശിക്കണമെന്ന് സംസ്ഥാന സർക്കാറിനും കോടതി നിർദേശം നൽകി.

പശ്ചിമബംഗാൾ സർക്കാറും ഗവർണറും തമ്മിൽ വി.സിമാരുടെ നിയമനവുമായി ബന്ധപ്പെട്ടാണ് തർക്കം നിലനിന്നിരുന്നത്. ഇക്കാര്യത്തിൽ ഹൈകോടതി ഉത്തരവിനെതിരെ പശ്ചിമബംഗാൾ സർക്കാറാണ് സുപ്രീകോടതിയെ സമീപിച്ചത്. 13 യൂനിവേഴ്സിറ്റികളിൽ വൈസ് ചാൻസിലർ നിയമനം നടത്തിയ ഗവർണറുടെ തീരുമാനം ശരിവെച്ചാണ് ഹൈകോടതി ഉത്തരവിറക്കിയത്.

ഗവർണറും സർക്കാറും തമ്മിലുള്ള തർക്കം ചർച്ചകളിലൂടെ പരിഹരിക്കുന്നത് പരിഗണിക്കണമെന്ന് അറ്റോണി ജനറലിനോട് കോടതി നിർദേശിച്ചിരുന്നു. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ, ഗവർണർ നിയമിച്ച ഇടക്കാല വിസിമാർക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് 2023 ഒക്ടോബറിൽ കോടതി സ്റ്റേ ചെയ്തിരുന്നു. അഡ്‌ഹോക്ക് അല്ലെങ്കിൽ ആക്ടിംഗ് വൈസ് ചാൻസലർമാരുടെ നിയമനവും കോടതി തടഞ്ഞിരുന്നു. നേരത്തെ കേരളത്തിലും വി.സിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറും ഗവർണറും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു.

Tags:    
News Summary - West Bengal Governor Agrees Before Supreme Court To Appoint 6 University VCs Recommended By State Government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.