ബീഫ് കിട്ടാനില്ല, വിലയും കുതിച്ചു; ബംഗാളിൽ മാംസവ്യാപാരം പ്രതിസന്ധിയിൽ
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ കന്നുകാലി അറവ് നിയമങ്ങൾ കർശനമാക്കിയതോടെ സംസ്ഥാനത്തെ ബീഫ് വ്യാപാരം വൻ പ്രതിസന്ധിയിൽ. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കന്നുകാലി അറവുനിയമങ്ങൾ സംസ്ഥാനത്ത കർശനമാക്കിയിരുന്നു.
കന്നുകാലികളെ അറക്കുന്നതിന് മുൻപായി മൃഗസംരക്ഷണ വകുപ്പിന്റെ കൃത്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വേണമെന്ന 1950ലെ നിയമം സർക്കാർ കൂടുതൽ കടുപ്പിച്ചു. എന്നാൽ ഭരണപരമായ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി അധികാരികൾ വ്യാപാരികൾക്ക് ലൈസൻസ് പുതുക്കി നൽകുന്നില്ല. ഇതോടെ തലമുറകളായി മാംസക്കച്ചവടം നടത്തുന്ന കുടുംബങ്ങൾ പോലും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്. കൊൽക്കത്തയിലെ ഏക പൊതു അറവുശാലയായ തൻഗ്രയിലെ ഫെസിലിറ്റി നിലവിൽ പൂർണ്ണമായും അടഞ്ഞു കിടക്കുകയാണ്.
വിതരണം കുറഞ്ഞതോടെ വിപണിയിൽ ബീഫ് വില കുത്തനെ ഉയർന്നിരിക്കുകയാണ്. മുമ്പ് കിലോക്ക് 200 മുതൽ 250 രൂപ വരെയായിരുന്ന വില ഇപ്പോൾ 350 മുതൽ 500 രൂപയായി വർധിച്ചിട്ടുണ്ട്. ഗുണനിലവാരമുള്ള മാംസം ലഭിക്കാത്തതിനെ തുടർന്ന് കൊൽക്കത്തയിലെ നിരവധി പ്രമുഖ റസ്റ്ററന്റുകൾ മെനുവിൽ നിന്ന് ബീഫ് വിഭവങ്ങൾ പൂർണമായും ഒഴിവാക്കി. ഇതിനെ തുടർന്ന് റസ്റ്ററന്റുകളിൽ വലിയ ബിസിനസ്സ് നഷ്ടങ്ങൾ ഉണ്ടാവുകയും നിരവധിപേരുടെ തൊഴിൽ ഇല്ലാതാവുകയും ചെയ്തു.
ബംഗാളിലെ ജനസംഖ്യയിൽ വലിയൊരു വിഭാഗം ആളുകളുടെയും പ്രധാന ഭക്ഷണമായിരുന്നു ബീഫ്. എന്നാൽ നിലവിലെ കർശന നിയന്ത്രണങ്ങളും പൊതുസ്ഥലങ്ങളിൽ ബീഫ് കഴിക്കുന്നതിലുള്ള ഭയവും കാരണം ജനങ്ങൾ പച്ചക്കറികളിലേക്കും കോഴിയിറച്ചിയിലേക്കും മാറാൻ നിർബന്ധിതരായിരിക്കുകയാണ്.
ഗ്രാമീണ മേഖലകളിൽ പലരും രാത്രികാലങ്ങളിൽ രഹസ്യമായി അറവ് നടത്തി കരിഞ്ചന്തയിലൂടെയാണ് മാംസം എത്തിക്കുന്നത്. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്ക് സമാനമായ രീതിയിലാണ് ബംഗാളിലും കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.