ശമ്പളപരിധി 25,000 രൂപയായി; പി.എഫ് ആനുകൂല്യം 51 ലക്ഷം പേർക്ക് കൂടി

ന്യൂഡൽഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് നിശ്ചയിക്കുന്നതിനുള്ള ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ. പ്രതിമാസം 15,000 രൂപ എന്ന പരിധി 25,000 രൂപയായി വർധിപ്പിച്ചതായി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 11 വർഷത്തെ ഇടവേളക്ക് ശേഷമാണ് പരിധിയിൽ മാറ്റം വരുന്നത്. 2014 സെപ്റ്റംബറിലാണ് അവസാനമായി പരിധി 6,500 രൂപയിൽ നിന്ന് 15,000 രൂപയായി ഉയർത്തിയത്.

പ്രതിമാസം 25,000 രൂപ വരെ അടിസ്ഥാന ശമ്പളം ലഭിക്കുന്നവർക്ക് ഇനി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇ.പി.എഫ്) അംഗത്വം നിർബന്ധമാകും. നിലവിൽ 15,000 മുതൽ 25,000 രൂപ വരെ ശമ്പളം വാങ്ങുന്നവരും ഇതോടെ പദ്ധതിയുടെ പരിധിയിൽ വരും. പുതിയ തീരുമാനത്തിലൂടെ 51 ലക്ഷം തൊഴിലാളികൾ കൂടി ഇ.പി.എഫ് പരിധിയിൽ ഉൾപ്പെടുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. ഇത് തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ശക്തിപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു.

നിലവിൽ ശമ്പളത്തിന്റെ 12 ശതമാനമാണ് ജീവനക്കാരനും തൊഴിലുടമയും പി.എഫിലേക്ക് അടക്കുന്നത്. തൊഴിലുടമയുടെ വിഹിതത്തിൽ 8.33 ശതമാനം പെൻഷൻ പദ്ധതിയിലേക്കും (ഇ.പി.എസ്) ബാക്കി പി.എഫിലേക്കും പോകും. പരിധി 25,000 ആയതോടെ ഉയർന്ന തുകക്ക് പിഎഫ് കണക്കാക്കുന്നതിനാൽ വിരമിക്കൽ കാലത്തെ സമ്പാദ്യവും പെൻഷൻ തുകയും വർധിക്കും.

ശമ്പളപരിധി 25,000 രൂപയാക്കിയാൽ തൊഴിലാളിയുടെ 3000 രൂപ പി.എഫിലെത്തും. തൊഴിലുടമയുടെ 3000 രൂപയിൽനിന്ന് 2082 രൂപ (25,000 രൂപയുടെ 8.33 ശതമാനം) പെൻഷൻ ഫണ്ടിലേക്കും ബാക്കി 918 രൂപ പി.എഫിലേക്കുമെത്തും. അതായത് ആകെ 3918 രൂപയാകും പി.എഫിലെത്തുക. നേരത്തേതന്നെ ഇ.പി.എഫിൽ അംഗമായി തുടരുന്നവർക്ക് പെൻഷൻ ഫണ്ടിലേക്ക് പോകുന്ന വിഹിതം 1250 രൂപയിൽനിന്ന് 2082 രൂപയാകും. ഇതോടെ വിരമിക്കുമ്പോൾ ലഭിക്കുന്ന പെൻഷനും ഉയരും.

വിലക്കയറ്റവും ശമ്പള വർധനവും കണക്കിലെടുത്ത് തൊഴിലാളി സംഘടനകൾ ഏറെക്കാലമായി ആവശ്യപ്പെട്ടിരുന്ന പരിഷ്കാരമാണിത്. സംഘടിത മേഖലയിലെ താഴ്ന്ന-ഇടത്തരം വരുമാനക്കാർക്ക് കൂടുതൽ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ തീരുമാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

സർക്കാരിന് 11,339 കോടി രൂപയുടെ ചെലവ് വരുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇതൊരു ദീർഘകാല ആവശ്യമായിരുന്നു, ഇപ്പോൾ പ്രധാനമന്ത്രി ഇതിന് അംഗീകാരം നൽകിയിരിക്കുന്നു. വിപുലമായ ഈ സാമൂഹിക സുരക്ഷാ സംവിധാനം തൊഴിലാളികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ പ്രയോജനകരമാകും. പല സംസ്ഥാനങ്ങളിലും നൈപുണ്യമില്ലാത്ത തൊഴിലാളികൾക്കുള്ള കുറഞ്ഞ വേതനം 15,000 രൂപയിൽ അധികമായിട്ടുണ്ടെന്നും അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ പത്തുവർഷത്തിനിടെ ശമ്പളത്തിലും ജീവിതച്ചെലവിലും വലിയ വർധനയുണ്ടായ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം. ശമ്പളപരിധി 25,000 രൂപയായി ഉയർത്തിയതോടെ കൂടുതൽ ജീവനക്കാർക്ക് ഇപിഎഫിന്റെയും എംപ്ലോയീസ് പെൻഷൻ പദ്ധതിയുടെയും (ഇ.പി.എസ്) ആനുകൂല്യങ്ങൾ ലഭ്യമാകും

Tags:    
News Summary - Centre raises PF wage ceiling to Rs 25,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.