18 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കൾ ദിവസവും 120 മിനിറ്റിലധികം സോഷ്യൽ മീഡിയയിലാണ്; പ്രത്യേക നയം വേണം, കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി
ന്യൂഡൽഹി: ഇൻഫിനിറ്റ് സ്ക്രോൾ, ഓട്ടോപ്ലേ തുടങ്ങിയ ഫീച്ചറുകൾ ഉപയോഗിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളെ മാനസികമായി അടിമകളാക്കി മാറ്റുന്നത് തടയാൻ പ്രത്യേക നയം കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടോ എന്ന് കേന്ദ്ര സർക്കാരിനോട് ഡൽഹി ഹൈക്കോടതി. ജസ്റ്റിസുമാരായ നിതിൻ വാസുദേവ് സാംബ്രെ, അമിത് ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടത്. സോഷ്യൽ മീഡിയയിലെ ആസക്തി ഉളവാക്കുന്ന ഡിസൈൻ ഫീച്ചറുകളെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു പൊതുതാൽപ്പര്യ ഹരജി പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ ശ്രദ്ധേയമായ ഇടപെടൽ.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉള്ളടക്കത്തിന്റെ പേരിൽ മാത്രമല്ല, മറിച്ച് ലൈക്കുകൾ, നോട്ടിഫിക്കേഷനുകൾ, നിരന്തരമായ സ്ക്രോളിങ്, ഓട്ടോപ്ലേ തുടങ്ങിയ സാങ്കേതിക വിദ്യകളിലൂടെ ഉപയോക്താക്കളുടെ ശ്രദ്ധ നിരന്തരം പിടിച്ചുപറ്റുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് ഹരജിക്കാരനായ വികാസ് കന്തുരിയ കോടതിയിൽ ചൂണ്ടിക്കാണിച്ചു. ഇന്ത്യയിലെ 18 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കൾ ദിവസവും ശരാശരി 120 മിനിറ്റിലധികം സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൗമാരക്കാരിലും യുവാക്കളിലും ഉണ്ടാകുന്ന കടുത്ത വിഷാദരോഗത്തിനും ആത്മഹത്യാ പ്രവണതക്കും ഇത്തരം അമിതമായ ഉപയോഗം കാരണമാകുന്നുണ്ടെന്ന് ക്ലിനിക്കൽ പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്നും ഹരജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും പ്രത്യേക നിർദ്ദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ കോടതിയെ അറിയിച്ചു. തുടർന്ന് സർക്കാരിന്റെ ഭാഗത്തുനിന്നും ഇതുസംബന്ധിച്ച് എന്തെങ്കിലും നയങ്ങൾ ആലോചിക്കുന്നുണ്ടോ എന്ന് വ്യക്തത വരുത്താൻ മൂന്ന് ആഴ്ചത്തെ സമയം കോടതി അനുവദിച്ചു. സുപ്രീം കോടതിയുടെയും മറ്റ് ഹൈക്കോടതികളുടെയും മുൻകാല ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഹരജിയുടെ നിലനിൽപ്പിനെതിരെ കേന്ദ്രവും ചില സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും എതിർപ്പ് ഉന്നയിച്ചിട്ടുണ്ടെങ്കിലും യുവതലമുറയെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയം ഗൗരവത്തോടെ കാണേണ്ടതാണെന്ന് കോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.