ജോലിക്കെത്താതെ പി.ജി പഠിക്കാൻ പോയി, സർക്കാർ ശമ്പളം കൈപ്പറ്റി; എം.ഡിക്ക് പഠിക്കുന്ന എം.എൽ.എയുടെ അനന്തരവൾക്കെതിരെ നടപടി
ബംഗളൂരു: സർക്കാർ സർവിസിൽ ജോലി ചെയ്യുന്നതിനിടെ സ്വകാര്യ മെഡിക്കൽ കോളജിൽ പി.ജി പഠനം നടത്തിയെന്ന ആരോപണത്തിൽ കർണാടക കോൺഗ്രസ് എം.എൽ.എ ഉമേഷ് മേട്ടിയുടെ അനന്തരവൾ ഡോ. അങ്കിത ആർ. യാരഗലിനെതിരെ നടപടി. സർക്കാർ നിയന്ത്രണത്തിലുള്ള നന്മ ക്ലിനിക്കിൽ മെഡിക്കൽ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് സ്വകാര്യ മെഡിക്കൽ കോളജിൽ പി.ജി പഠനം നടത്തിയത്.
ജോലിക്ക് ഹാജരാകാതിരുന്ന മാസങ്ങളിൽ 70,000ത്തിൽ അധികം രൂപ ശമ്പളമായി കൈപ്പറ്റിയെന്നാണ് ആരോപണം. ആരോപണം ഉയർന്നതിന് പിന്നാലെ ബാഗൽകോട്ട് നന്മ ക്ലിനിക്കിലെ മെഡിക്കൽ ഓഫീസർ സ്ഥാനത്തുനിന്ന് അങ്കിതയെ നീക്കി. സംഭവത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ബാഗൽകോട്ട് നഗരത്തിലെ വാംബെ കോളനിയിലെ നന്മ ക്ലിനിക്കിൽ 2025 ഏപ്രിലിലാണ് അങ്കിതയെ കരാർ അടിസ്ഥാനത്തിൽ മെഡിക്കൽ ഓഫീസറായി നിയമിച്ചത്. ജില്ലാ ആരോഗ്യ ഓഫീസർ രാജ്കുമാർ യാരഗലിന്റെ മകളുമാണ് അങ്കിത. ഈ വർഷം മാർച്ചിൽ സ്വകാര്യ മെഡിക്കൽ കോളജിൽ എം.ഡി പഠനത്തിന് ചേർന്നു. എന്നാൽ സർക്കാർ ജോലിയിൽ നിന്ന് രാജിവെച്ചില്ല. മാർച്ച് മൂന്ന് മുതൽ സെപ്റ്റംബർ വരെ ഇവർ ജോലിയിൽ ഹാജരായിരുന്നില്ല. ഈ മാസങ്ങളിൽ 70,000 രൂപയിലധികം ശമ്പളം കൈപ്പറ്റുകയും ചെയ്തിരുന്നു.
അങ്കിത മാസങ്ങളായി ക്ലിനിക്കിൽ ഹാജരാകുന്നില്ലെന്ന പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. പരിശോധനക്കിടെ അങ്കിത സ്ഥലത്തുണ്ടായിരുന്നില്ല. രോഗികളും ഡ്യൂട്ടി ഡോക്ടർ മൂന്ന് മാസത്തിൽ അധികമായി ക്ലിനിക്കിലെത്തുന്നില്ലെന്ന് പരാതി പറഞ്ഞു.
ബാഗൽകോട്ട് ജില്ലാ പഞ്ചായത്ത് സി.ഇ.ഒ ഗജാനൻ ബാലെ സംഭവത്തിൽ റിപ്പോർട്ട് തേടി. സംഭവത്തിൽ അങ്കിതക്ക് നോട്ടീസ് നൽകുകയും ചെയ്തു. അനധികൃതമായി കൈപ്പറ്റിയ ശമ്പളം അങ്കിതയിൽനിന്ന് തിരിച്ചുപിടിച്ചേക്കും. കൂടാതെ സെപ്റ്റംബർ 18ന് രേഖാമൂലമുള്ള വിശദീകരണവുമായി ജില്ലാ പഞ്ചായത്ത് സി.ഇ.ഒയുടെ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, അങ്കിതക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചേക്കും. വിഷയം കർണാടക മെഡിക്കൽ കൗൺസിലിലേക്കും ദേശീയ മെഡിക്കൽ കമീഷനിലേക്കും റഫർ ചെയ്തേക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.