ബ്രിക്സ് ഉച്ചകോടിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ തോക്കുമായി റീൽ; ​പൊലീസുകാരന് സസ്​പെൻഷൻ

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ തോക്കുമായി ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിച്ച് പോസ്റ്റ് ചെയ്ത ഡൽഹി പൊലീസ് കോൺസ്റ്റബിളിനെതിരെ നടപടി. നോർത്ത് വെസ്റ്റ് ഡൽഹിയിലെ ഫോറിനേഴ്സ് സെല്ലിൽ ജോലി ചെയ്യുന്ന ദീപക് ബംഗാറിനെയാണ് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

സെൻട്രൽ ഡൽഹിയിലെ വിദേശ പ്രതിനിധികൾ താമസിച്ചിരുന്ന പഞ്ചനക്ഷത്ര ഹോട്ടലിന്റെ മേൽക്കൂരയിൽ സ്നൈപ്പർ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട സംഘത്തിലായിരുന്നു ദീപക്. സുരക്ഷാ ഡ്യൂട്ടിക്കിടെയാണ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്നതിനായി റീൽ ചിത്രീകരിച്ചതെന്നാണ് വിവരം. തോക്കുമായി നിൽക്കുന്ന ദീപകിന്റെ രണ്ട് റീലുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

വൈറലായ ഒരു വീഡിയോയിൽ സാധാരണ വേഷത്തിൽ ബ്രിക്സ് ഉച്ചകോടിയുടെ തിരിച്ചറിയൽ കാർഡ് ധരിച്ച് ലൈറ്റ് മെഷീൻ ഗണ്ണുമായി നിൽക്കുന്ന ദീപകിനെ കാണാം. കാമറയിൽ നഗരത്തിന്റെ ദൃശ്യങ്ങൾ കാണിക്കുമ്പോൾ ഇയാൾ തോക്ക് ഉന്നംവെക്കുന്നത് പോലെയും കാണാനാകും.

അരയിൽ സർവിസ് പിസ്റ്റൾ സൂക്ഷിച്ചിരിക്കുന്നതാണ് മറ്റൊരു വിഡിയോയിലെ ദൃശ്യം. സ്നൈപ്പർ റൈഫിളിന്റെ സ്കോപ്പിലൂടെ നോക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വീഡിയോയിൽ ദീപകിന് സുരക്ഷാ ചുമതലയുണ്ടായിരുന്ന സ്ഥലവും പരിസരത്തെ കെട്ടിടങ്ങളും ദൃശ്യമാകും. ദീപക് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ദീപകിനെ ബ്രിക്സ് സുരക്ഷാ ചുമതലയിൽനിന്ന് നീക്കുകയും സസ്പെൻഡ് ചെയ്യുകയായിരുന്നു. തുടർന്ന് ദീപകിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണത്തിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ തുടർ അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഇന്ത്യ ആതിഥേയത്വം വഹിച്ച 18ാമത് ബ്രിക്സ് ഉച്ചകോടി സെപ്റ്റംബർ 12, 13 തീയതികളിൽ ന്യൂഡൽഹിയിലാണ് നടന്നത്. വിദേശ പ്രതിനിധികളും ലോകനേതാക്കളും പങ്കെടുത്തതിനാൽ തലസ്ഥാനത്ത് കർശന സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Delhi Cop Films Reels With Gun at BRICS Venue Suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.