മല്ലികാർജുൻ ഖാർഗെ
'ഇന്ത്യയുടെ വിദേശനയം സമ്പൂർണ പരാജയം'; 'ഹൗഡി മോദി' ട്രംപിന് മുന്നിൽ അടിയറവ് വെച്ചു': മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിന് ഇന്ത്യയ്ക്കെതിരെ 100 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരം നൽകുന്ന ബില്ലിന്മേൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ രാഷ്ട്രീയ ആക്രമണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. വാഷിംഗ്ടണിൽ നിന്നുള്ള സമ്മർദ്ദം ഓരോ ദിവസവും കനക്കുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂർണമായി കീഴടങ്ങുകയാണെന്നും, കേന്ദ്ര സർക്കാരിന്റെ വിദേശ-വ്യാപാര നയങ്ങൾ ദയനീയമായി പരാജയപ്പെട്ടതിന്റെ തെളിവാണിതെന്നും ഖാർഗെ തുറന്നടിച്ചു.
'നരേന്ദ്ര മോദി ജീ, നിങ്ങളുടെ പ്രിയ സുഹൃത്ത് 'അബ്കി ബാർ ട്രംപ് സർക്കാർ' കൽപ്പിക്കുന്നു, താങ്കൾ കീഴടങ്ങുന്നു; അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത് 140 കോടി ഇന്ത്യക്കാരാണ്!' എന്ന് ഖാർഗെ 'എക്സിൽ' കുറിച്ചു. ആദ്യം 25 ശതമാനം, പിന്നീട് 50 ശതമാനം, ഇപ്പോൾ 100 ശതമാനം തീരുവ ഭീഷണിയാണ് ഇന്ത്യ നേരിടുന്നത്. ഫാർമസ്യൂട്ടിക്കൽസ്, തുണിത്തരങ്ങൾ, എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ, കെമിക്കലുകൾ, വാഹന ഘടകങ്ങൾ, രത്നാഭരണങ്ങൾ, ഇലക്ട്രോണിക്സ് മേഖലകളെ ഈ തീരുമാനം തകർക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കർഷകരുടെ താല്പര്യങ്ങൾ ബലികഴിച്ച് കാർഷിക വിപണി യു.എസ് കമ്പനികൾക്ക് തുറന്നുകൊടുക്കുകയും, 5 വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളറിന്റെ അമേരിക്കൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ രാജ്യം നിർബന്ധിതമാവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തിയതുൾപ്പെടെ വ്യാപാരം, താരിഫ്, എച്ച്-1ബി വിസ തുടങ്ങിയ എല്ലാ വിഷയങ്ങളിലും കേന്ദ്രത്തിന്റേത് ഭീരുത്വ സമീപനമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. 'നാം അമേരിക്കയുമായും ചൈനയുമായും പന്തുരുട്ടി കളിക്കുകയല്ല, മറിച്ച് ഇവിടെ നമ്മളാണ് പന്ത്' എന്ന് കോൺഗ്രസ് മാധ്യമവിഭാഗം തലവൻ പവൻ ഖേരയും പരിഹസിച്ചു. റഷ്യയ്ക്കും ഇറാനുമെതിരെ ഉപരോധം കടുപ്പിക്കുന്ന 'ലിൻഡ്സെ ഒ ഗ്രഹാം സാംഗ്ഷനിംഗ് ആക്ട് 2026' യു.എസ് ജനപ്രതിനിധി സഭയിൽ നടപടിക്രമങ്ങളുടെ കടമ്പ കടന്നതിന് പിന്നാലെയാണ് സർക്കാരിനെതിരെ കോൺഗ്രസ് ആഞ്ഞടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.