തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ

'പോയി അമ്മയോട് ചോദിക്കൂ': വിജയ് യുടെ അമ്മക്കെതിരായ പരാമർശം; നൈനാർ നാഗേന്ദ്രനെതിരെ വ്യാപക പ്രതിഷേധം

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെയും കുടുംബത്തിനെതിരെയും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ തമിഴ്നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു. മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ വ്യക്തിപരമായി ലക്ഷ്യമിട്ടുള്ള പരാമർശം സംസ്കാരമില്ലാത്തതാണെന്നും രാഷ്ട്രീയ മര്യാദകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി മുൻ ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലയും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ചെന്നൈയിലെ ബി.ജെ.പി സംസ്ഥാന ആസ്ഥാനമായ 'കമലാലയത്തിൽ' നടന്ന ചടങ്ങിനിടെയായിരുന്നു നൈനാർ നാഗേന്ദ്രന്റെ വിവാദ പരാമർശം. നിയമസഭയിൽ മുഖ്യമന്ത്രി വിജയ് നടത്തിയ ഒരു പരാമർശത്തെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സഭയിൽ 'അച്ഛൻ എവിടെ?' എന്ന് ചോദിച്ച വിജയ് യുടെ മുൻ പ്രസ്താവനയെ പരിഹസിച്ചുകൊണ്ട്, 'നിയമസഭയിൽ ചെന്ന് അച്ഛൻ എവിടെയെന്ന് തിരഞ്ഞാൽ മതിയോ, വീട്ടിൽ പോയി അമ്മയോട് ചോദിക്കണം' എന്ന രീതിയിൽ നൈനാർ നാഗേന്ദ്രൻ സംസാരിക്കുകയായിരുന്നു. ഈ പരാമർശം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ വിവാദത്തിന് വഴിവെക്കുകയും ചെയ്തു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവനക്കെതിരെ മുൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമല പരസ്യമായി രംഗത്തെത്തി. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും സർക്കാറിന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്യുന്നതും ജനാധിപത്യപരമായ അവകാശമാണെന്നും എന്നാൽ രാഷ്ട്രീയ നേതാവിന്റെ കുടുംബാംഗങ്ങളെയും പ്രത്യേകിച്ച് അമ്മയെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അണ്ണാമല വ്യക്തമാക്കി. ഇത്തരം പ്രവൃത്തികൾ രാഷ്ട്രീയ മര്യാദകളുടെ അതിരുകൾ ലംഘിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.എം.കെ മന്ത്രിമാരും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാക്കളും നൈനാർ നാഗേന്ദ്രന്റെ പ്രസ്താവനയെ അതിശക്തമായി അപലപിച്ചു. രാഷ്ട്രീയ നേതാവിന്റെ അന്തസ്സിന് നിരക്കാത്ത ശൈലിയിലാണ് ബി.ജെ.പി അധ്യക്ഷൻ സംസാരിച്ചതെന്ന് ഭരണകക്ഷി നേതാക്കൾ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്കെതിരെയും അമ്മക്കെതിരെയും നടത്തിയ അധിക്ഷേപ പരാമർശത്തിൽ നൈനാർ നാഗേന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഡി.ജി.പിക്ക് ടി.വി.കെ പരാതി നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം പ്രസ്താവനകളെന്നും പൊലീസ് ഇതിനെതിരെ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. സംഭവത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Vijay's remark against his mother Widespread protest against Nainar Nagendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.