ബംഗളൂരു: ബ്രിട്ടീഷ് ഭരണത്തിനെതിരായ സ്വാതന്ത്ര്യസമരത്തിൽ ആർ.എസ്.എസിന്റെ പങ്ക് എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ. സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷികളായ 500 കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക നൽകാൻ തനിക്ക് കഴിയുമെന്നും അതുപോലെ 50 പേരുടെ പട്ടികയെങ്കിലും ആർ.എസ്.എസിന് നൽകാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.
വിഭജനത്തിന് പിന്നാലെയുണ്ടായ വർഗീയ കലാപങ്ങളിലും ഖാർഗെ ആർ.എസ്.എസിന്റെ പങ്കിനെ ചോദ്യം ചെയ്തു. കലാപകാലത്ത് ജനങ്ങളെ സംരക്ഷിക്കുന്നതിൽ സംഘടന എന്ത് പങ്കാണ് വഹിച്ചതെന്നും അദ്ദേഹം ചോദിച്ചു. ആർ.എസ്.എസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്ത സംഘടനയല്ലാത്തതിനാൽ അതിനെ നിരോധിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. “ആർഎസ്എസിനെ നിരോധിക്കാനാകില്ല. കാരണം അത് രജിസ്റ്റർ ചെയ്ത സംഘടന പോലുമല്ല. ഒരു സംഘടനയെ നിരോധിക്കണമെങ്കിൽ ആദ്യം അത് രജിസ്റ്റർ ചെയ്തിരിക്കേണ്ടതല്ലേ?” എന്നും അദ്ദേഹം പരിഹസിച്ചു.
ഇതിനിടെ, സർക്കാർ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സംഘടനകൾ നടത്തുന്ന പരിപാടികൾ നിയന്ത്രിക്കുന്നതിനായി സർക്കാർ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന കർണാടക റെഗുലേഷൻ ഓഫ് യൂസ് ഓഫ് ഗവൺമെന്റ് പ്രെമിസസ് ആൻഡ് പബ്ലിക് പ്രോപ്പർട്ടി ബിൽ, ആർ.എസ്.എസിനെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്ന ബി.ജെ.പിയുടെ ആരോപണവും ഖാർഗെ തള്ളി. രജിസ്റ്റർ ചെയ്തതോ അല്ലാത്തതോ ആയ സംഘടനകൾക്ക് സർക്കാർ ഭൂമിയിലോ പൊതുസ്വത്തിലോ പരിപാടികൾ നടത്തുന്നതിന് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി വേണമെന്നാണ് നിർദേശമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബില്ലിൽ ഏതെങ്കിലും സംഘടനയുടെയോ രാഷ്ട്രീയ പാർട്ടിയുടെയോ പേര് പരാമർശിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ബി.ജെ.പിയോട് ചോദിച്ചു. സുപ്രീം കോടതിയുടെയും ഹൈകോടതിയുടെയും പൊതുസ്ഥലങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട നിർദേശങ്ങൾക്ക് നിയമപരമായ അടിത്തറ നൽകുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നും ഖാർഗെ പറഞ്ഞു.
സ്വകാര്യ സ്ഥലങ്ങളിൽ സംഘടനകൾക്ക് അവരുടെ പ്രവർത്തനങ്ങൾ നടത്തുന്നതിന് തടസ്സമില്ലെന്നും എന്നാൽ പൊതുസ്ഥലങ്ങളിൽ നടക്കുന്ന പരിപാടികൾ സർക്കാർ നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ബിൽ ഒരു സംഘടനയെയും നിരോധിക്കുന്നില്ലെന്നും ബി.ജെ.പിയുടെ വിമർശനങ്ങളെ “പ്രിയങ്ക്-ഫോബിയ” എന്നും ഖാർഗെ പരിഹസിച്ചു.
ഖാർഗെയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി ബി.ജെ.പി നേതാവ് ബി.എൽ. സന്തോഷ് രംഗത്ത് വന്നു. ആർ.എസ്.എസിന്റെ നിലനിൽപ്പിന് ഔദ്യോഗിക രജിസ്ട്രേഷൻ ആവശ്യമില്ലെന്നും കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് സംഘടന പ്രവർത്തിക്കുന്നതെന്നും ബെംഗളൂരുവിൽ ഹിന്ദു ജാഗരണ വേദി സംഘടിപ്പിച്ച ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
വിഭജനകാലത്ത് ആർ.എസ്.എസ് ഹിന്ദുക്കൾക്കൊപ്പം നിന്നെന്നും അന്നും സംഘടന രജിസ്റ്റർ ചെയ്തിരുന്നില്ലെന്നും ഇന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഒരു സംഘടനയുടെ നിലനിൽപ്പ് നിർണയിക്കുന്നത് രജിസ്ട്രേഷനല്ലെന്നും കോടിക്കണക്കിന് ആളുകളുടെ വിശ്വാസമാണ് അതിന്റെ ശക്തിയെന്നും സന്തോഷ് വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.