വിജയ്‍യുടെ അമ്മക്കെതിരെ അധിക്ഷേപ പരാമർശം; വിശദീകരണവുമായി തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയും ടി.വി.കെ നേതാവുമായ സി. ജോസഫ് വിജയ്‍യുടെ അമ്മക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. താൻ വേദിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ചിലർ ശ്രമിക്കുകയാണെന്നും, തന്റെ പരാമർശം യാതൊരുവിധ ദുരുദ്ദേശ്യത്തോടെയോ ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചോ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അമ്മയോടും ജന്മനാടിനോടും മാതൃഭാഷയോടും അളവറ്റ സ്നേഹവും കരുതലുമുള്ള ആളാണ് താനെന്നും നൈനാർ നാഗേന്ദ്രൻ വിശദീകരിച്ചു.

അതേസമയം, നാഗേന്ദ്രന്റെ വിവാദ പ്രസ്താവനക്കെതിരെ ബി.ജെ.പി നേതാക്കളായ ഖുശ്ബു, മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ എന്നിവരുൾപ്പെടെ നിരവധി പേർ രംഗത്തെത്തി.

ചെന്നൈയിലെ ബി.ജെ.പി ആസ്ഥാനമായ കമലാലയത്തിൽ പ്രതിമാസ മാസികയായ 'ഒരേ നാടി'ന്റെ ഡിജിറ്റൽ പതിപ്പ് പ്രകാശന വേളയിലായിരുന്നു നൈനാർ നാഗേന്ദ്രന്റെ വിവാദ പരാമർശം. മുൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ വേദിയിലിരിക്കെയായിരുന്നു മുഖ്യമന്ത്രിയുടെ കുടുംബത്തെ വലിച്ചിഴച്ചുള്ള ഈ പ്രസംഗം.

കഴിഞ്ഞ ജൂണിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ മുഖ്യമന്ത്രി വിജയ് നടത്തിയ പരാമർശത്തെ പരിഹസിക്കുകയായിരുന്നു നാഗേന്ദ്രൻ.

"ചിലർ നിയമസഭയിൽ പോയി അച്ഛൻ എവിടെ, അച്ഛൻ എവിടെ എന്ന് ചോദിക്കുന്നു. വീട്ടിൽ പോയി അമ്മയോട് ചോദിച്ചാൽ അവർ പറയും അച്ഛൻ ആരെന്ന കാര്യം. അതിനുപകരം നിയമസഭയിൽ പോയി അച്ഛനെ തിരഞ്ഞാൽ ആർക്കറിയാം? ഇങ്ങനെയുള്ളവരാണ് ഇപ്പോൾ തമിഴ്‌നാട് ഭരിക്കുന്നത്" എന്നായിരുന്നു നൈനാർ നാഗേന്ദ്രൻ പറഞ്ഞത്.

നിയമസഭയിൽ വെച്ച് ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെക്കുറിച്ച് ഉദയനിധിയോട് വിജയ് ചോദിച്ച ചോദ്യത്തെ ഉദ്ധരിച്ചായിരുന്നു ബി.ജെ.പി അധ്യക്ഷന്റെ ഈ കടന്നാക്രമണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയത്.

നൈനാറിന്റെ പരാമർശത്തിനെതിരെ ബി.ജെ.പി ദേശീയ നേതാവും നടിയുമായ ഖുശ്ബു രംഗത്തെത്തി. നൈനാറിന്റേത് വെറുപ്പുളവാക്കുന്നതും വേദനിപ്പിക്കുന്നതുമായ പരാമർശമാണെന്നും, സ്ത്രീകളെ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് തന്റെ നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും ഖുശ്ബു എക്സിൽ കുറിച്ചു. തമിഴ്നാട് മുൻ ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈയും നാഗേന്ദ്രനെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ചു.

തമിഴ്നാടിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെ തരംതാഴ്ത്തുന്ന ഇത്തരം പ്രസ്താവനകൾ തുടരുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ നിൽക്കുന്നവർ തങ്ങളുടെ വാക്കുകളിലും പ്രവൃത്തികളിലും ഉത്തരവാദിത്തം കാണിക്കണം. നയങ്ങളെ വിമർശിക്കാം, ഭരണപരമായ വീഴ്ചകളെ ചോദ്യം ചെയ്യാം. എന്നാൽ ഒരു വ്യക്തിയുടെ കുടുംബത്തെ, പ്രത്യേകിച്ച് അമ്മയെ അധിക്ഷേപിച്ച് സംസാരിക്കുന്നത് തികച്ചും അംഗീകരിക്കാനാവാത്ത കാര്യമാണെന്നും അണ്ണാമലൈ വ്യക്തമാക്കി.

നൈനാർ നാഗേന്ദ്രൻ പരസ്യമായി മാപ്പ് പറയണമെന്ന് വി.സി.കെ നേതാവ് വണ്ണിയരശ് ആവശ്യപ്പെട്ടു. ഭരണകക്ഷി മന്ത്രിമാരും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും കടുത്ത ഭാഷയിലാണ് നൈനാറിനെതിരെ രംഗത്തുവന്നത്. അതിനിടെ, അധിക്ഷേപ പരാമർശത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെതിരെ നിയമനടപടികളും ആരംഭിച്ചു. ചെന്നൈ സ്വദേശിയായ ഒരു അഭിഭാഷക ഡി.ജി.പിക്ക് ഓൺലൈനായി പരാതി നൽകിയിട്ടുണ്ട്. വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന പരാമർശം നടത്തിയ ബി.ജെ.പി നേതാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. നിലവിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് ഈ വിവാദം വഴിവെച്ചിരിക്കുന്നത്.

Tags:    
News Summary - Nainar Nagendran Faces Flak Over Remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.