ന്യൂഡൽഹി: ഗൾഫ് മേഖലയിലെ സംഘർഷം കണക്കിലെടുത്ത് ഇന്ത്യയിൽ തീരദേശ, അതിർത്തി, സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച നടന്ന ലോക്‌സഭ സമ്മേളനത്തിനിടെ അറിയിച്ചു. മൂന്നാഴ്ചയായി തുടരുന്ന യു.എസ്-ഇസ്രായേൽ-ഇറാൻ യുദ്ധം പശ്ചിമേഷ‍്യയിലെ സുരക്ഷാ ക്രമീകരണങ്ങളെയാകെ തകിടം മറിച്ചിരിക്കുകയാണെന്നും, മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഗൾഫ് മേഖലയിലെ എല്ലാ രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും മോദി അറിയിച്ചു.
`ഇത്തരം പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ ചില ശക്തികൾ അത് മുതലെടുക്കാൻ ശ്രമിക്കാറുണ്ട്. അതിനാൽ എല്ലാ സുരക്ഷാസേനകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തീരദേശം, അതിർത്തി, സൈബർ സുരക്ഷ, തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ എന്നിവയുടെ സുരക്ഷ കൂടുതൽ ശക്തമാക്കുകയാണ്. ഈ യുദ്ധം മൂലം ആഗോളതലത്തിലുണ്ടായ സാഹചര്യങ്ങൾ ദീർഘകാലം നിലനിൽക്കാൻ സാധ്യതയുണ്ട്. അതിനാൽ നമ്മൾ സജ്ജരായിരിക്കുകയും ഒറ്റക്കെട്ടായി നിൽക്കുകയും വേണം. കോവിഡ് കാലത്ത് ഇത്തരം വെല്ലുവിളികളെ നാം ഐക്യത്തോടെ നേരിട്ടതാണ്, ഇപ്പോൾ വീണ്ടും അതിന് തയ്യാറാകേണ്ടതുണ്ട്' അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ നയതന്ത്രപരമായ പരിഹാരം വേണമെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു. യുദ്ധം തുടങ്ങിയത് മുതൽ സമാധാനത്തിനും സ്ഥിരതയ്ക്കുമായി പശ്ചിമേഷ്യൻ നേതാക്കളുമായി നടത്തിയ ചർച്ചകളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
`നയതന്ത്രത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമാണ്. തുടക്കം മുതൽ തന്നെ ഈ സംഘർഷത്തിൽ ഞങ്ങൾ ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലെ പ്രധാന നേതാക്കളുമായെല്ലാം ഞാൻ വ്യക്തിപരമായി സംസാരിച്ചു. സംഘർഷം ലഘൂകരിക്കാനും യുദ്ധം അവസാനിപ്പിക്കാനും ഞാൻ എല്ലാവരോടും അഭ്യർഥിച്ചിട്ടുണ്ട്.സാധാരണക്കാർക്കും ഊർജ-ഗതാഗത സംവിധാനങ്ങൾക്കും നേരെയുള്ള ആക്രമണങ്ങളെ ഇന്ത്യ അപലപിച്ചിരുന്നു. വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളും ഹുർമുസ് കടലിടുക്ക് പോലുള്ള അന്താരാഷ്ട്ര ജലപാതകൾ തടയുന്നതും അംഗീകരിക്കാനാവില്ല. യുദ്ധത്തിലും ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാൻ നയതന്ത്ര തലത്തിൽ ഇന്ത്യ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മാനവരാശിയുടെ ക്ഷേമത്തിനും സമാധാനത്തിനുമാണ് ഇന്ത്യ എന്നും നിലകൊള്ളുന്നത്. ചർച്ചയും നയതന്ത്രവും മാത്രമാണ് ഈ പ്രശ്നത്തിനുള്ള ഏക പോംവഴിയെന്ന് ഞാൻ ആവർത്തിക്കുന്നു' മോദി പറഞ്ഞു.
അതേ സമയം ഗൾഫ് രാജ‍്യങ്ങളിൽ ഇറാന്‍ ആക്രമണം തുടർന്ന് കൊണ്ടിരിക്കുകയാണ്. നിലവിൽ ഹുർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്നതിന് ചില കപ്പലുകളിൽ നിന്ന് ഇറാൻ രണ്ട് മില്യൺ യു.എസ് ഡോളർ ചാർജ് ഈടാക്കുമെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ഇറാൻ ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇറാനിയൻ പാർലമെന്റിലെ ദേശീയ സുരക്ഷാ സമിതി അംഗമായ അലാദ്ദീൻ ബോറോജെർഡിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്. ഹുർമുസിൽ ഇറാന്‍റെ അധികാരം ഉറപ്പിക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.