ന്യൂഡൽഹി: സംഭലിലെ പള്ളിക്ക് സമീപമുള്ള കിണർ യഥാർത്ഥത്തിൽ ‘പൊതു ഭൂമിയിലാണ്’ സ്ഥിതി ചെയ്യുന്നതെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. സുപ്രീംകോടതിയിൽ സമർപ്പിച്ച ഒരു തൽസ്ഥിതി റിപ്പോർട്ടിൽ, കിണർ ‘തർക്കമുള്ള മതസ്ഥല’ത്തിനടുത്തല്ല സ്ഥിതിചെയ്യുന്നതെന്നും അതിനാൽ ഇതിന് പള്ളി/തർക്കമുള്ള മതസ്ഥലവുമായി യാതൊരു ബന്ധവുമില്ലെന്നും യു.പി സർക്കാർ പറഞ്ഞു. ‘തർക്കമുള്ള മതസ്ഥലം’ പോലും പൊതുഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
മുഗൾ കാലഘട്ടത്തിലെ മസ്ജിദായ ഷാഹി ജുമാ മസ്ജിദ്, ഹരി മന്ദിർ എന്ന ക്ഷേത്രം തകർത്ത് നിർമിച്ചതാണെന്ന അവകാശവാദത്തെ തുടർന്ന് മതപരമായ സ്ഥലത്തെച്ചൊല്ലി സമുദായങ്ങൾ തമ്മിലുള്ള തർക്കത്തിനിടയാക്കിയിരുന്നു. മോസ്‌ക് മാനേജ്‌മെന്റ് കമ്മിറ്റിയുടെ അപേക്ഷ കേട്ട്, 2024 ജനുവരി 10ന് പള്ളിയോട് ചേർന്നുള്ള കിണർ സംബന്ധിച്ച് സംഭൽ മുനിസിപ്പൽ അധികാരികൾ പുറപ്പെടുവിച്ച നോട്ടീസ് നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു.
സംഭൽ നഗരപാലികയുടെ പേരിലുള്ള പൊതു പോസ്റ്ററിൽ കിണർ ഹരി മന്ദിറിന്റെ ഒരു മൂലയിൽ സ്ഥിതി ചെയ്യുന്നതായി പരാമർശിച്ചതായി മസ്ജിദ് കമ്മിറ്റി വാദിച്ചു. കിണറ്റിൽ നിന്നുള്ള വെള്ളമാണ് ഇപ്പോൾ പള്ളിയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതെന്നും അതിൽ പറയുന്നുവെന്ന് നോട്ടീസ് ഉദ്ധരിച്ച് മസ്ജിദ് മാനേജ്‌മെന്റ് അറിയിച്ചു. തുടർന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാറിനോട് തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു.
ജനുവരി 10ലെ ഉത്തരവിന് അനുസൃതമായി സംസ്ഥാന/ജില്ലാ ഭരണകൂടം സംശയാസ്പദമായ കിണറിന്റെ സ്ഥിതി പരിശോധിക്കാൻ സംഭൽ ജില്ലാ മജിസ്ട്രേറ്റ്, ഏരിയ ഓഫിസർ, സംഭൽ മുനിസിപ്പൽ കൗൺസിൽ എക്സിക്യൂട്ടീവ് ഓഫിസർ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിക്ക് രൂപം നൽകിയതായി പ്രതികരണമായി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
രേഖകൾ പരിശോധിച്ചപ്പോൾ, ‘യജ്ഞ കൂപ്പ്’ എന്നറിയപ്പെടുന്ന പള്ളിയുടെ അതിർത്തി മതിലുകൾക്കുള്ളിൽ യഥാർത്ഥത്തിൽ ഒരു കിണർ ഉണ്ടെന്ന് കണ്ടെത്തുന്നതിൽ ഹരജിക്കാരൻ പരാജയപ്പെട്ടതായി കണ്ടെത്തി. പ്രസ്തുത ‘യജ്ഞ കൂപ’ത്തിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് യു.പി സർക്കാർ അറിയിച്ചു. മൂന്നംഗ സമിതിയുടെ സ്ഥലപരിശോധനയിൽ പള്ളിയുടെ അതിർത്തി മതിലിന് പുറത്താണ് കിണർ സ്ഥിതി ചെയ്യുന്നതെന്നും കണ്ടെത്തി.
ഈ കിണർ പണ്ടുമുതലേ എല്ലാ സമുദായങ്ങളിലുമുള്ള വ്യക്തികൾ ഉപയോഗിച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തിയെന്ന് തൽസ്ഥിതി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇപ്പോൾ അതിൽ വെള്ളമില്ല. 1978 ലെ വർഗീയ കലാപത്തിന് ശേഷം കിണറിന്റെ ഒരു ഭാഗത്ത് പൊലീസ് ചൗക്കി നിർമ്മിച്ചതായി കണ്ടെത്തി. മറുഭാഗം 1978ന് ശേഷവും ഉപയോഗത്തിൽ തുടർന്നു. 2012ൽ എപ്പോഴോ കിണർ മൂടിപ്പോയതായും നിലവിൽ കിണറ്റിൽ വെള്ളമില്ലെന്നും കണ്ടെത്തിയെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.