ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്. കോൺഗ്രസ് സർക്കാർ കർണാടകയിൽ അധികാരത്തിൽ വരികയാണെങ്കിൽ അടുത്ത അഞ്ചു വർഷം കൊണ്ട് 10 ലക്ഷം തൊഴിലുകൾ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഞങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളും കണ്ടറിഞ്ഞു. തൊഴിലില്ലായ്മയാണ് യുവാക്കളെ അലട്ടുന്ന പ്രധാന പ്രശ്നം. ആയിരക്കണക്കിന് യുവാക്കളോട് സംസാരിച്ചപ്പോൾ തൊഴിലില്ലായ്മയാണ് പ്രധാന പ്രശ്നമെന്ന് മനസിലായി.-രാഹുൽ പറഞ്ഞു.
സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ യുവ നിധി എന്ന പദ്ധതിയും രാഹുൽ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പദ്ധതി ഉടൻ പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും രാഹുൽ പറഞ്ഞു. പദ്ധതി പ്രകാരം ബിരുദമുള്ള തൊഴിൽ രഹിതരായ യുവാക്കൾക്ക് രണ്ടുവർഷത്തേക്ക് പ്രതിമാസം 3000 രൂപ സഹായം നൽകുന്ന പദ്ധതിയാണിത്. തൊഴിൽ രഹിതരായ ഡിപ്ലോമക്കാർ പ്രതിമാസം 1500 രൂപയും അലവൻസായി നൽകും. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ എല്ലാജില്ലകളിലും പര്യടനം നടത്തുമെന്നും രാഹുൽ ഗാന്ധി അറിയിച്ചു.
നേരത്തേ തൊഴിൽരഹിതരായ വീട്ടമ്മമാർക്ക് പ്രതിമാസം 2000 രൂപ, ബി.പി.എൽ കുടുംബങ്ങൾക്ക് 10 കിലോ അരി, എല്ലാ കുടുംബങ്ങൾക്കും ആദ്യത്തെ 200 യൂനിറ്റ് വൈദ്യുതി സൗജന്യം എന്നീ വാഗ്ദാനങ്ങൾ കോൺഗ്രസ് മുന്നോട്ട് വച്ചിരുന്നു.കർണാടകയിലേത് രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സർക്കാരാണെന്നാണ് രാഹുൽ ഗാന്ധി ആരോപിച്ചത്. കോൺഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി പോരാടി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടുമെന്നും രാഹുൽ പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമാണ് ആദ്യമായാണ് രാഹുല്‍ കര്‍ണാടകയില്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.