സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്

'നിതീഷ് കുമാർ പ്രധാനമന്ത്രിയാകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു'; ബി.ജെ.പി ചതിച്ചെന്ന് അഖിലേഷ് യാദവ്, വോട്ടർപട്ടികയിൽ ക്രമക്കേടെന്നും ആരോപണം

ജയ്പൂർ: നിതീഷ് കുമാർ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇന്ത്യ സഖ്യത്തിലെ പല കക്ഷികളുടെയും ലക്ഷ്യം ഇതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂർ സന്ദർശനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, ബി.ജെ.പി നിതീഷ് കുമാറിനെ ചതിച്ചുവെന്നും ഇനി വെറുമൊരു രാജ്യസഭാ എം.പിയായി അദ്ദേഹം വിരമിക്കേണ്ടി വരുമെന്നും അഖിലേഷ് പരിഹസിച്ചു.

തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ബി.ജെ.പി ഇടപെടുന്നുണ്ടെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. സ്വന്തം ഐ.ടി സെല്ലിനെ ഉപയോഗിച്ച് വോട്ടർപട്ടികയിൽനിന്ന് പേരുകൾ വെട്ടിമാറ്റാനും വോട്ടെണ്ണലിൽ ക്രമക്കേട് നടത്താനും ബി.ജെ.പി ശ്രമിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. ഇത് തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയെ 'വിശ്വഗുരു' ആക്കുമെന്ന ബി.ജെ.പിയുടെ വാഗ്ദാനത്തെയും അഖിലേഷ് കടന്നാക്രമിച്ചു. "ഇന്ത്യയെ വിശ്വഗുരുവാക്കാനുള്ള അവസരം ബി.ജെ.പി പാഴാക്കി. ഇസ്രായേൽ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രിക്ക് വേണമെങ്കിൽ ഇറാൻ കൂടി സന്ദർശിക്കാമായിരുന്നു. മുമ്പ് പാകിസ്താനിൽ അപ്രതീക്ഷിതമായി ഇറങ്ങിയതുപോലെ ഇറാനിലും സമാധാന നീക്കം നടത്തിയിരുന്നെങ്കിൽ ലോകം ഇന്ത്യയെ വിശ്വഗുരുവായി അംഗീകരിച്ചേനെ. എന്നാൽ, ഇപ്പോൾ അയൽരാജ്യങ്ങളാണ് ഇന്ത്യ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

വനിതാ സംവരണ വിഷയത്തിലും ബി.ജെ.പിക്കെതിരെ അഖിലേഷ് ചോദ്യങ്ങൾ ഉന്നയിച്ചു. 2029ൽ നടപ്പിലാക്കാനിരിക്കുന്ന സംവരണത്തിന് ഇപ്പോഴും 2011ലെ സെൻസസ് കണക്കുകൾ ഉപയോഗിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. പുതിയ കണക്കുകൾ പരിഗണിക്കാതെ ധൃതിപ്പെട്ട് നിയമം നടപ്പിലാക്കുന്നത് സ്ത്രീകൾക്ക് കൃത്യമായ നീതി ലഭിക്കുന്നതിന് തടസ്സമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - 'We wanted Nitish Kumar to become the Prime Minister'; Akhilesh Yadav accuses BJP of cheating, alleges irregularities in voter list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.