ജോൺ ബ്രിട്ടാസ്
ന്യൂഡൽഹി: ഗുജറാത്ത് സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന വിവാദമായ 'ആന്റി റാഡിക്കലൈസേഷൻ' (തീവ്രവാദ വിരുദ്ധ) സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിനെതിരെ (SOP) രൂക്ഷ വിമർശനവുമായി സി.പി.ഐ.എം രാജ്യസഭാ എം.പി ജോൺ ബ്രിട്ടാസ്. ഇതുമായി ബന്ധപ്പെട്ട പ്രത്യേക സെല്ലുകളുടെ രൂപീകരണവും പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് കത്തയച്ചു. ഭരണഘടനാ വിരുദ്ധമായ നടപടികളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് കത്തിൽ അദ്ദേഹം ശക്തമായി ചൂണ്ടിക്കാട്ടുന്നു.
മതവിശ്വാസത്തെയും വസ്ത്രധാരണത്തെയും കുറ്റകൃത്യത്തിൻറെ ലക്ഷണങ്ങളായി ചിത്രീകരിക്കുന്നത് കടുത്ത ഭരണഘടനാ ലംഘനമാണെന്ന് ബ്രിട്ടാസ് കത്തിൽ ആവർത്തിക്കുന്നു. ഒരു വ്യക്തി തീവ്രവാദത്തിലേക്ക് നീങ്ങുന്നുണ്ടോ എന്ന് കണ്ടെത്താൻ എന്ന പേരിൽ സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. താടി വളർത്തുക, നിഖാബ് ധരിക്കുക, സംഭാഷണങ്ങളിൽ അറബിക് പദങ്ങൾ ഉപയോഗിക്കുക, മദ്രസകളിലും മസ്‌ജിദുകളിലും പോകുക തുടങ്ങിയ തികച്ചും വ്യക്തിപരമായ കാര്യങ്ങളെയാണ് നിരീക്ഷണത്തിൻറെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ള വിവേചനമാണെന്നും അദ്ദേഹം ആരോപിക്കുന്നു.
പുതിയ കോഡ് പ്രകാരം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, എൻക്രിപ്റ്റഡ് മെസ്സേജിങ് ആപ്പുകൾ, വി.പി.എൻ എന്നിവയുടെ ഉപയോഗം കർശന നിരീക്ഷണത്തിലാക്കാൻ നിർദ്ദേശമുണ്ട്. ദേശസുരക്ഷയുടെ പേരിൽ പൗരന്മാരുടെ സ്വകാര്യതയിൽ കടന്നുകയറുന്നത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കും (Article 14), ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും (Article 21) വിരുദ്ധമാണ്. വിദ്വേഷം പ്രചരിപ്പിക്കുന്നവരെയും സാധാരണക്കാരായ പൗരന്മാരെയും ഒരേ തട്ടിൽ കാണുന്നത് സമൂഹത്തിൽ അനാവശ്യമായ ഭീതിയും വർഗീയ വേർതിരിവും വളർത്തുകയേ ഉള്ളൂവെന്നും അദ്ദേഹം കത്തിൽ ഓർമ്മിപ്പിക്കുന്നു.
ഗുജറാത്തിലെ ജാംനഗർ ഉൾപ്പെടെയുള്ള ചില ജില്ലകളിൽ പ്രത്യേക സെല്ലുകൾ ഇതിനോടകം തന്നെ പ്രവർത്തനം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിൽ, ഭരണഘടനാ വിദഗ്‌ധരും നിയമജ്ഞരും അടങ്ങുന്ന സ്വതന്ത്ര സമിതിയെക്കൊണ്ട് നിർദ്ദേശങ്ങൾ സമഗ്രമായി പുനഃപരിശോധിക്കണമെന്നും ബ്രിട്ടാസ് ആവശ്യപ്പെടുന്നു.
സർക്കാർ നടപടിക്കെതിരെ രാജ്യത്തുടനീളം മനുഷ്യാവകാശ സംഘടനകളും സിവിൽ സൊസൈറ്റികളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. സമൂഹത്തിൽ അവിശ്വാസവും അകൽച്ചയും ഉണ്ടാക്കുന്ന വിവേചനപരമായ പൊലീസ് പെരുമാറ്റച്ചട്ടം ഉടൻ പിൻവലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്ന ആവശ്യം മനുഷ്യാവകാശ പ്രവർത്തകർക്കിടയിൽ ശക്തമായി ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.