ശിവരാജ് സിങ് ചൗഹാൻ

‘റൈറ്റ് സഹോദരന്മാരുടെ വിമാനത്തിനും മുമ്പേ നമുക്ക് പുഷ്പക വിമാനമുണ്ടായിരുന്നു’ - ശാസ്ത്ര വിദ്യാർഥികൾക്ക് കേന്ദ്രമന്ത്രി ശിവരാജ് സിങ്ങ് ചൗഹാ​​​ന്റെ ക്ലാസ്

ന്യൂഡൽഹി: യൂറി ഗഗാറിനും മുമ്പേ ഹനുമാൻ ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ടെന്ന ബി.ജെ.പി നേതാവ് അനുരാഗ് സിങ് ഠാകൂറിന്റെ വിവാദ പരാമർശത്തിനു പിന്നാലെ ആദ്യമായി വിമാനം പറത്തിയതി​ന്റെ ഐതിഹ്യവുമായി കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാൻ. ഭോപ്പാലിൽ നടന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, എജുക്കേഷൻ ആന്റ് റിസർച്ചിൽ (ഐ.ഐ.എസ്.ഇ.ആർ) നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ലോകത്ത് ആദ്യമായി വിമാനം പറത്തിയ ​റൈറ്റ് സഹോദരങ്ങൾക്കും മുന്നേ പുഷ്പക വിമാനം ഭാരതത്തി​ന്റെ കൈവശമുണ്ടായിരുന്നുവെന്ന് കേന്ദ്ര കൃഷി മന്ത്രിയും മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞത്.

‘‘ലോകം ഇരുണ്ടകാലത്തായിരുന്നപ്പോൾ ഭാരതം വെളിച്ചം പകർന്നു. നമ്മുടെ ശാസ്ത്രവും സാ​ങ്കേതിക വിദ്യകളും ഏറെ പുരോഗമിച്ചതാണ്. റൈറ്റ് സഹോദരന്മാർ വിമാനം കണ്ടുപിടിക്കുന്നതിന് വളരെ മുമ്പുതന്നെ നമുക്ക് പുഷ്പക വിമാനം ഉണ്ടായിരുന്നു. ഇന്നുള്ള ഡ്രോണുകളും മിസൈലുകളും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പേ നമ്മുടെ കൈയിലുണ്ടായിരുന്നു. ഇതെല്ലാം നമ്മൾ മഹാഭാരതത്തിൽ വായിച്ചിട്ടുണ്ട്. നമ്മുടെ രാജ്യത്തെ ശാസ്ത്ര സാങ്കേതിക വിദ്യ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ വികസിപ്പിച്ചെടുത്തിരുന്നു’’ -ഗവേഷകരും ശാസ്ത്രജ്ഞരുമായ വിദ്യാർഥികളെ മുന്നിലിരുത്തി മന്ത്രി പറഞ്ഞു.

23 മിനിറ്റ് ദൈർഘ്യമുള്ള മന്ത്രിയുടെ പ്രസംഗം സാമൂഹിക മാധ്യമ പേജിലും പങ്കുവെച്ചിട്ടുണ്ട്. ഐ.ഐ.എസ്.ഇ.ആർ ബിരുദദാന ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമർശം.

1903ൽ അമേരിക്കക്കാരായ ഓർവിൽ റൈറ്റും, വിൽബർ റൈറ്റുമാണ് മനുഷ്യന്റെ പറക്കൽ മോഹം സാക്ഷാത്കരിച്ചുകൊണ്ട് ആദ്യമായി വിമാനം കണ്ടുപിടിച്ചു പറത്തിയതെന്നാണ് ലോകം പഠിച്ച ശാസ്ത്രം. 

നുരാഗ് സിങ് ഠാകുറിന്റെ വിവാദ പരാമർശത്തി​ന്റെ അലയൊലികൾ കെട്ടടങ്ങും മുമ്പാണ് ശിവരാജ് സിങ് ചൗഹാൻ പുഷ്‍പക വിമാന കഥയുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം, ദേശീയ ബഹിരാകാശ ദിനത്തിൽ ഹിമാചൽ പ്രദേശിലെ സ്കൂൾ വിദ്യാർഥികളുമായി നടത്തിയ സംവാദത്തിനിടെയാണ് മുൻ കേന്ദ്രമന്ത്രിയും ലോക്സഭ അംഗവുമായ അനുരാഗ് സിങ് ഠാകൂർ ബഹിരാകാശത്ത് ആദ്യമായി എത്തിയത് ഹനുമാൻ ആണെന്ന് കുട്ടികളെ പഠിപ്പിച്ചത്.

ആരാണ് ആദ്യമായി ബഹിരാകാശ യാത്രനടത്തിയതെന്ന അനുരാഗിന്റെ ചോദ്യത്തിന്, നീൽ ആംസ്ട്രോങ് എന്നായിരുന്നു കുട്ടികളുടെ മറുപടി. എന്നാൽ, ഹനുമാനാണ് ആദ്യമായി ബഹിരാകാശ യാത്ര നടത്തിയതെന്ന് അദ്ദേഹം കുട്ടികളെ തിരുത്തി. ഇതോ​ടൊപ്പം ഇന്ത്യന്‍ പാരമ്പര്യത്തെക്കുറിച്ച് അറിയാന്‍ പാഠപുസ്തകങ്ങള്‍ക്ക് അപ്പുറം നോക്കണമെന്ന് ഉപദേശിക്കാനും മറന്നില്ല. ടെക്സ് പുസ്തകങ്ങൾ ബ്രിട്ടീഷുകാർ പഠിപ്പിച്ചതാണെന്നും, അധ്യാപകർ നമ്മുടെ വേദങ്ങളും പുസ്തകങ്ങളും അറിവുകളും നോക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡി.എം.കെ എം.പി കനിമൊഴി, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരിന്ദീർ സിങ് വാർ ഉൾപ്പെടെ രാഷ്ട്രീയ നേതാക്കൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.

മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ശിവരാജ് സിങ് ചൗഹാൻ നേരത്തെയും പുഷ്പക വിമാന പ്രസ്താവനകളുമായി രംഗത്തു വന്നിരുന്നു. ശാസ്ത്രം വികസിക്കും മുമ്പേ പുരാണകാലങ്ങളിൽ ഇന്ത്യ മുന്നേറിയെന്നായിരുന്നു 2023ൽ ഇദ്ദേഹം നടത്തിയ പ്രസ്താവന. റൈറ്റ് സഹോദരങ്ങളുടെ വിമാനം പറക്കുന്നതിനും 7000 വർഷം മുമ്പ് രാമായണത്തിൽ പുഷ്പക വിമാനം പറന്നുവെന്നായിരുന്നു വാദം. പടിഞ്ഞാറൻ ശാസ്ത്ര മുന്നേറ്റത്തിനും മുമ്പേ വിവിധ മേഖലകളിൽ ഇന്ത്യൻ പാരമ്പര്യം വിവിധ കണ്ടെത്തലുകൾ നടത്തിയെന്നും പറഞ്ഞു. 

Tags:    
News Summary - ‘We had Pushpak Vimaan’: Minister Shivraj Chouhan after Anurag Thakur's ‘Hanuman Ji first astronaut’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.